Viral Video : ഒരൊറ്റ വീഡിയോ മതി ജീവിതം മാറാന്‍, തെളിവായി ഈ സഹോദരങ്ങള്‍!


ആയിരക്കണക്കിനാളുകളാണ് ഇതിനോട് പ്രതികരിക്കുന്നത്. സാധനസാമഗ്രികളായും സാമ്പത്തിക സഹായമായും ലോകമെങ്ങുമുള്ള മനുഷ്യരുടെ സ്‌നേഹം ഇവരിലേക്ക് ഒഴുകുന്നു.

Young Amritsar brothers video appeal went viral

കോവിഡ് മഹാമാരി മിക്ക കച്ചവടങ്ങളെയും, വ്യവസായങ്ങളെയും ഗുരുതരമായി ബാധിക്കുന്നു. റസ്റ്റോറന്റ് വ്യവസായവും അതിലൊന്നാണ്. അതിന്റെ ഫലമായി പലരും ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത ദുരിതത്തിലാണ്. 

അതിനിടെയാണ് അമൃത്സറില്‍ നിന്നുള്ള ഒരു വീഡിയോ വൈറലായത്. പതിനേഴും പതിനൊന്നും വയസ്സുള്ള രണ്ട് സഹോദരങ്ങുടേതാണ് വീഡിയോ. പിതാവിന്റെ അകാല മരണത്തെ തുടര്‍ന്ന് തങ്ങള്‍ ഏറ്റെടുക്കേണ്ടിവന്ന  റെസ്റ്റോറന്റിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 

ആയിരക്കണക്കിനാളുകളാണ് ഇതിനോട് പ്രതികരിക്കുന്നത്. സാധനസാമഗ്രികളായും സാമ്പത്തിക സഹായമായും ലോകമെങ്ങുമുള്ള മനുഷ്യരുടെ സ്‌നേഹം ഇവരിലേക്ക് ഒഴുകുന്നു. ഈ വീഡിയോയോടെ ഇവര്‍ നാട്ടിലും പ്രശസ്തരായി. ഒരുപാട് പേര്‍ ഇപ്പോള്‍ ഇവരുടെ കടയിലെത്തുന്നു. നല്ല അഭിപ്രായമാണ് ഇവരുടെ റസ്‌റ്റോറന്റിനെക്കുറിച്ച് പോയവര്‍ പറയുന്നത്. ഒരൊറ്റ വീഡിയോ ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. 
 
17 വയസ്സുള്ള ജഷന്‍ദീപ് സിംഗും ഇളയ സഹോദരന്‍ 11 കാരനായ അന്‍ഷ്ദീപ് സിംഗുമാണ് അഭ്യര്‍ത്ഥനയുമായി മുന്നോട്ട് വന്നത്. അമൃത്‌സറിലെ ടോപ്പ് ഗ്രില്‍ എന്ന റസ്റ്റോറന്റ് ഇപ്പോള്‍ നോക്കി നടത്തുന്നത് ഈ കുട്ടികളാണ്. 

 

 

മൂന്ന് മാസം മുന്‍പ് അവരുടെ അച്ഛന്‍ തുടങ്ങിയതാണ് ഈ ഭക്ഷണശാല. എന്നാല്‍ കച്ചവടം ഒന്ന് മെച്ചപ്പെടുന്നതിന് മുന്‍പേ തന്നെ അച്ഛന്‍ അകാലത്തില്‍ മരിച്ചു. ആകസ്മികമായ ഈ വിയോഗത്തെ തുടര്‍ന്ന് പറക്കമുറ്റാത്ത ഈ രണ്ട് മക്കളാണ് റെസ്റ്റോറന്റ് നോക്കി നടത്തുന്നത്.  

ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, സഹോദരന്മാര്‍ അവരുടെ റെസ്റ്റോറന്റില്‍ പിസ്സയും സാന്‍ഡ്വിച്ചുകളും ഉണ്ടാക്കുന്നത് കാണാം. ഡിസംബര്‍ 26 -ന് അച്ഛന്‍ മരണപ്പെട്ടതിന് ശേഷം താനും സഹോദരനും ഒരുമിച്ചാണ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നതെന്ന് മൂത്ത സഹോദരന്‍ ജഷാന്‍ദീപ് വീഡിയോവില്‍ പറയുന്നു. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗമാണ് ഈ ഭക്ഷണശാല. പിതാവിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് സാമ്പത്തികമായി പ്രതിസന്ധിയിലായ കുടുംബത്തെ രക്ഷിക്കാനാണ് അവര്‍ ഇത് ഏറ്റെടുത്തത്. ഇപ്പോള്‍ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ആ ആണ്‍കുട്ടികളുടെ ചുമലിലാണ്.    

ഭക്ഷണശാല നടത്തികൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചാണ് അവര്‍ വീഡിയോവില്‍ വിശദീകരിക്കുന്നത്. കച്ചവടം ചെയ്ത് കിട്ടുന്ന തുക റെസ്റ്റോറന്റില്‍ സാധനങ്ങള്‍ വാങ്ങാനും നടത്തിപ്പിനുമായിട്ടാണ് ചിലവാകുന്നതെന്ന് മൂത്ത മകന്‍ പറയുന്നു. അതുകൊണ്ട് കൈയില്‍ കാര്യമായി ഒന്നും കിട്ടുന്നില്ല. 

കടയില്‍നിന്നും 25 കിലോമിറ്റര്‍ ദൂരെയുള്ള ഒരു ഗ്രാമത്തിലാണ് സഹോദരങ്ങള്‍ താമസിക്കുന്നത്. ബൈക്കിലാണ് ദിവസവും റസ്റ്റോറന്റില്‍ വന്നു പോകുന്നതെന്നും അവര്‍ പറയുന്നു. ഇത്രയൊക്കെ കഷ്ടപ്പാട് സഹിച്ചിട്ടും പക്ഷേ അവര്‍ പ്രതീക്ഷ കൈവിടുന്നില്ല. നമ്മള്‍ ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും, ജീവിതത്തിലെ എല്ലാ പ്രയാസങ്ങളെയും പോസിറ്റീവ് ആയി തന്നെ നേരിടണം എന്നും അച്ഛന്‍ തങ്ങളെ പഠിപ്പിച്ചിട്ടുണ്ടെന്ന് ജഷന്‍ദീപ് പറയുന്നു.    

പാചകം മുതല്‍ സാമ്പത്തികം വരെ റസ്റ്റോറന്റിന്റെ സകല കാര്യങ്ങളും അവരാണ് ഇപ്പോള്‍ നോക്കുന്നത്. വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് റസ്റ്റോറന്റ് നടത്തുന്നതെന്ന് അമര്‍ജിത് സിംഗ് വീഡിയോയില്‍ പറയുന്നു. വാടക നല്‍കാനും, കുടുംബത്തെ പോറ്റാനുമുള്ള വരുമാനത്തിനായി എല്ലാവരും മനസ്സ് വയ്ക്കണമെന്നും, ഇവിടം സന്ദര്‍ശിക്കണമെന്നും 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ ജഷന്‍ദീപ് പറയുന്നു. അവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് വൃത്തിയും, രുചിയുമുള്ള ആഹാരം സഹോദരങ്ങള്‍ ഉറപ്പ് നല്‍കുന്നു. 

അവരുടെ ഹൃദയസ്പര്‍ശിയായ കഥ അമൃത്‌സര്‍ വാക്കിംഗ് ടൂര്‍സ് എന്ന ഫുഡ് ബ്ലോഗറാണ് വീഡിയോയിലൂടെ പറഞ്ഞത്.  യ്യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ചില ക്ലിപ്പുകള്‍ എഡിറ്റ് ചെയ്താണ് അമര്‍ജിത് സിംഗ് എന്നൊരാള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ആ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. പലരും അവരെ പിന്തുണയ്ക്കുകയും, അനുഗ്രഹിക്കുകയും ചെയ്തു. മറ്റുള്ളവര്‍ വാടകയും മറ്റ് സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നു.  നിരവധി പേരാണ് കടയിലെത്തുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios