സെക്യൂരിറ്റി ഗാർഡിനെ നിർത്താതെ തല്ലി സ്ത്രീ, വീഡിയോ വൈറൽ, രോഷം
നിഖിൽ ചൗധരി എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. "ഗേറ്റ് തുറക്കാൻ വൈകിയതിന് നോയിഡ സെക്ടർ 121 -ലെ ക്ലിയോ കൗണ്ടി സൊസൈറ്റിയിൽ ഒരു സ്ത്രീ സെക്യൂരിറ്റി ഗാർഡിനെ അടിച്ചു, അവർ ഒരു പ്രൊഫസറാണ്" എന്ന് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.
സാധാരണക്കാരായ തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിക്കുന്നേയില്ല. അത്തരത്തിലുള്ള പല സംഭവങ്ങളും രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നോയിഡയിൽ നിന്നും അടുത്തിടെ സമാന രീതിയിലുള്ള ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു കെട്ടിടത്തിലെ സെക്യൂരിറ്റി ഗാർഡിനെ ഒരു സ്ത്രീ നിരവധി തവണ തല്ലുന്നതാണ് വീഡിയോയിൽ. പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അതോടെ സ്ത്രീക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ രോഷം ഉയർന്നു വന്നു.
വൈറലാവുന്ന വീഡിയോ ഒരു സിസിടിവി ഫൂട്ടേജാണ്. അതിൽ കുർത്തി ധരിച്ച ഒരു സ്ത്രീ ഗാർഡിന്റെ അടുത്തേക്ക് നടന്ന് വരുന്നത് കാണാം. ചെറിയ ഒരു തർക്കത്തിന് ശേഷം സെക്യൂരിറ്റി ജീവനക്കാരനെതിരെ ആ സ്ത്രീ കൈ ഉയർത്തുകയും അദ്ദേഹത്തെ തല്ലുകയുമാണ്. കുറച്ച് നേരം നിന്ന ശേഷം സ്ത്രീ വീണ്ടും സെക്യൂരിറ്റി ഗാർഡിനെ തല്ലുന്നു. അതേസമയം, കെട്ടിടത്തിലെ മറ്റ് രണ്ട് സുരക്ഷാ ഗാർഡുകൾ സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതും സംഭവം ക്യാമറയിൽ പകർത്തുന്നതും കാണാം.
നിഖിൽ ചൗധരി എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. "ഗേറ്റ് തുറക്കാൻ വൈകിയതിന് നോയിഡ സെക്ടർ 121 -ലെ ക്ലിയോ കൗണ്ടി സൊസൈറ്റിയിൽ ഒരു സ്ത്രീ സെക്യൂരിറ്റി ഗാർഡിനെ അടിച്ചു, അവർ ഒരു പ്രൊഫസറാണ്" എന്ന് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.
സംഭവത്തിൽ ഒരു പരാതി നൽകപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഏതായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേർ ഇതേ കുറിച്ച് കമന്റുകളിട്ടു. പലരും സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് സൂചിപ്പിച്ചു. എന്തുകൊണ്ടാണ് നോയിഡയിൽ ഇതേ പോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് എന്നാണ് ഒരാൾ ചോദിച്ചത്. ഒപ്പം ഒരു അധ്യാപിക ഇങ്ങനെയാണ് പെരുമാറുന്നത് എങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താവും എന്നും ഇയാൾ ചോദിച്ചു.
വീഡിയോ കാണാം: