ഞെട്ടിക്കുന്ന വീഡിയോ: ചുഴലിക്കാറ്റിൽ തകർന്ന് വീണ് ജനൽ, കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചോടുന്ന അമ്മ
വീഡിയോയിൽ കാണുന്നത് ജെസീക്കയും മൂന്ന് മാസം മാത്രം പ്രായമുള്ള മകൾ പെനലോപ്പും ഒരു കട്ടിലിൽ കിടക്കുന്നതാണ്. പൊടുന്നനെ വീശിയടിച്ച കാറ്റിൽ ജനൽ ഗ്ലാസ് അങ്ങനെത്തന്നെ തകർന്ന് ചില്ലുകൾ അകത്തേക്ക് വീഴുന്നതാണ് കാണാനാവുന്നത്.
അമ്മമാരുടെ സ്നേഹത്തെ കുറിച്ച് നാം എപ്പോഴും പറയാറുണ്ട്. പല അമ്മമാരും ഏത് അപകടത്തിൽ നിന്നും തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ സന്നദ്ധരായിട്ടാണിരിക്കാറുള്ളത്. അപ്രതീക്ഷിതമായ അപകടങ്ങളിൽ നിന്നുപോലും അവർ തങ്ങളുടെ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കാറുണ്ട്. അങ്ങനെ ഒരമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
മണിക്കൂറിൽ 104 മൈൽ വേഗതയിൽ വീശിയെത്തിയ സിയാറൻ ചുഴലിക്കാറ്റിൽ നിന്നാണ് അമ്മ തന്റെ കുഞ്ഞിനെയും പൊതിഞ്ഞുപിടിച്ച് രക്ഷപ്പെടുന്നത്. പടിഞ്ഞാറൻ യൂറോപ്പിലുടനീളം ഈ കാറ്റ് നാശം വിതച്ചു. ജേഴ്സി ദ്വീപിലുള്ള ജെസീക്ക ഒ'റെയ്‌ലി എന്ന യുവതിയാണ് സെക്കന്റിന്റെ വ്യത്യാസത്തിൽ കാറ്റ് വരുത്തിയ അപകടത്തിൽ നിന്നും കുഞ്ഞുമായി രക്ഷപ്പെട്ടത്.
വീഡിയോയിൽ കാണുന്നത് ജെസീക്കയും മൂന്ന് മാസം മാത്രം പ്രായമുള്ള മകൾ പെനലോപ്പും ഒരു കട്ടിലിൽ കിടക്കുന്നതാണ്. പൊടുന്നനെ വീശിയടിച്ച കാറ്റിൽ ജനൽ ഗ്ലാസ് അങ്ങനെത്തന്നെ തകർന്ന് ചില്ലുകൾ അകത്തേക്ക് വീഴുന്നതാണ് കാണാനാവുന്നത്. പെട്ടെന്ന് തന്നെ അമ്മ ഉറക്കമുണർന്നു. ചില്ലുകഷ്ണങ്ങൾ കിടക്കയിലും മുറിയിലുമെല്ലാം വീഴുന്നതിനിടെ തന്നെ കുഞ്ഞിന് പരിക്കേൽക്കാതെ അവർ അവളെയും പൊതിഞ്ഞു പിടിച്ചുകൊണ്ട് അവിടെ നിന്നും പോകുന്നതും വീഡിയോയിൽ കാണാം.
പെട്ടെന്ന് തന്നെ ഞാനവളെയും വാരിയെടുത്ത് താഴത്തെ നിലയിലേക്ക് ഓടുകയായിരുന്നു. കട്ടിലിലും നിലത്തും എല്ലാം ജനൽച്ചില്ലിന്റെ കഷ്ണങ്ങൾ വന്നു വീണുകൊണ്ടേ ഇരിക്കുകയായിരുന്നു. അതിൽ നിന്നും അവളെ രക്ഷിക്കാനായത് ഭാഗ്യമാണ്. പരിക്കേൽക്കാതെ അവളെയും കൊണ്ട് അവിടെ നിന്നും ഓടിപ്പോകാൻ തനിക്ക് സാധിച്ചു എന്നാണ് ജെസീക്ക പറഞ്ഞത്.
വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്.
വായിക്കാം: യൂറോപ്പിലെ ആദ്യയുദ്ധമുണ്ടായത് 5000 വർഷങ്ങൾക്ക് മുമ്പ്, പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: