വിശന്നിട്ടല്ലേ സാറേ; ഗോഡൗണിൽ കടന്ന് 400 കിലോ അരി തിന്നുതീർത്ത് കാട്ടാന!
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും രാവിലെ 4.15 ഓട് കൂടിയാണ് ആന വന്ന് അരി തിന്നിട്ട് പോയത് എന്നാണ് മനസിലാവുന്നത്.
കർണാടകയിലെ ഹാസൻ ജില്ലയിലെ അനുഗട്ട ഗ്രാമത്തിലെ അഗ്രികൾച്ചർ പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാർ കഴിഞ്ഞ ആഴ്ച ഒരു കാഴ്ച കണ്ട് അമ്പരന്നു. വേറൊന്നുമല്ല, അവിടെ അരി നിറച്ച് വച്ചിരിക്കുന്ന പല ചാക്കുകളും കാലിയായി നിലത്ത് കിടക്കുന്നു. ഗ്രാമത്തിലുള്ളവർക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി തൊട്ട് മുമ്പത്തെ ദിവസം എത്തിച്ചതായിരുന്നു ആ അരിച്ചാക്കുകൾ. കാണാതായ അരി എവിടെ പോയി എന്ന് അന്വേഷിക്കുന്നതിന് വേണ്ടി ഉടനെ തന്നെ ജീവനക്കാർ സിസിടിവി പരിശോധിച്ചു.
ഏതായാലും അവരുടെയെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം സിസിടിവി ദൃശ്യങ്ങളിൽ തന്നെ ഉണ്ടായിരുന്നു. അരി തിന്നത് വേറാരുമല്ല, കാട്ടാനയാണ്. ഭക്ഷണത്തിന് വേണ്ടി അന്വേഷിച്ചെത്തിയ ആന ഗോഡൗണിന്റെ മുന്നിലെയും പിറകിലെയും വാതിൽ തകർത്തു. പിന്നീട് അരിച്ചാക്കുകൾ എടുത്ത് കൊണ്ടുപോയി. അതിലുള്ള അരി തിന്ന് തീർക്കുകയും ചെയ്തു. ചാക്കിലുണ്ടായിരുന്ന ഏകദേശം നാല് ക്വിന്റൽ അരിയാണ് ആന തിന്ന് തീർത്ത് സ്ഥലം വിട്ടത് എന്നാണ് ഇവിടുത്തെ ജീവനക്കാർ പറയുന്നത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും രാവിലെ 4.15 ഓട് കൂടിയാണ് ആന വന്ന് അരി തിന്നിട്ട് പോയത് എന്നാണ് മനസിലാവുന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രാദേശിക അധികാരികളെയും ഫോറസ്റ്റ് അധികൃതരേയും വിവരം അറിയിച്ചു. അധികൃതർ സ്ഥലത്തെത്തുകയും ഗോഡൗൺ പരിശോധിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സൊസൈറ്റി അധികൃതർ കഴിഞ്ഞ വർഷവും ഏകദേശം സമാനമായ അനുഭവം ഉണ്ടായതായി ഓർമ്മിച്ചു. 2022 ഏപ്രിലിൽ ഒരു ആന സൊസൈറ്റിയുടെ വാതിൽ തകർത്ത് അകത്ത് കടക്കുകയും നാല് ക്വിന്റൽ അരി തിന്ന് തീർക്കുകയും ചെയ്തിരുന്നു. ഇത് അതേ ആന തന്നെയാണ് എന്നാണ് ജീവനക്കാർ വിശ്വസിക്കുന്നത്.