പാമ്പിന്റെ വിഷം രക്തത്തിൽ ചെന്നാൽ എന്താണ് സംഭവിക്കുക? വീഡിയോ വൈറലാവുന്നു
ഒരാള്‍ പാമ്പിന്റെ വിഷം കുപ്പിയിൽ ശേഖരിക്കുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിഷം അതിനുശേഷം ഒരു സിറിഞ്ചിലേക്ക് മാറ്റുന്നു.
ഇഴജന്തുക്കളിൽ ഏറ്റവും അപകടകാരിയായ ജീവിയാണ് പാമ്പ്. പാമ്പിനെ ഭയക്കാത്തവർ കുറവായിരിക്കും. വിചാരിക്കാത്ത സമയങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ പോലും ഇവയെ കാണാറുണ്ട്. എല്ലാ ഇനത്തിൽപ്പെട്ട പാമ്പുകളും അപകടകാരികൾ അല്ലെങ്കിലും വിഷപ്പാമ്പുകൾ അതീവ അപകടകാരികൾ തന്നെയാണ്. പാമ്പിൻറെ വിഷം മനുഷ്യൻറെ ശരീരത്തിൽ ചെന്നാൽ വളരെ ചെറിയ സമയം മതി ജീവൻ പോലും നഷ്ടപ്പെടാൻ. അതിനാൽ തന്നെ എല്ലാവർക്കും പാമ്പിനെ വളരെ അധികം പേടിയും ആണ്.
പാമ്പുകളുടെ വിഷം മനുഷ്യരക്തവുമായി കലരുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ഓഡ്ലി ടെറിഫെെങ്ങ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പാമ്പിന്റെ വിഷം രക്തത്തിൽ കലരുമ്പോൾ സംഭവിക്കുന്നത് ഇതാണ് എന്ന ക്യാപ്ഷൻ നൽകി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് 41 സെക്കൻഡ് ദൈർഘ്യമാണുള്ളത്.
ഒരാള്‍ പാമ്പിന്റെ വിഷം കുപ്പിയിൽ ശേഖരിക്കുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിഷം അതിനുശേഷം ഒരു സിറിഞ്ചിലേക്ക് മാറ്റുന്നു. പിന്നീട് സിറിഞ്ചിൽ നിന്നും ഈ വിഷം മറ്റൊരു കുപ്പിയിൽ സൂക്ഷിച്ചിരിക്കുന്ന മനുഷ്യൻറെ രക്തവുമായി കലർത്തുന്നു. നിമിഷനേരം കൊണ്ടാണ് മനുഷ്യൻറെ രക്തം കട്ടപിടിച്ച് ഒരു മാംസ തുണ്ടം പോലെ ആയത്.
യഥാർത്ഥത്തിൽ പാമ്പുകൾ നമ്മളെ കടിക്കുമ്പോഴും ഇത് സംഭവിക്കാം. പാമ്പിന്റെ വിഷം നമ്മുടെ ശരീരത്തിലെ രക്തവുമായി കലരുന്നതോടെ നമ്മുടെ ശരീരത്തിനുള്ളിലെ രക്തം കട്ട പിടിക്കുകയും ഇത് സ്ട്രോക്ക് ഉണ്ടാകുന്നതിലേക്ക് വഴിതെളിക്കുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്യുന്നു. അതിനാൽ പാമ്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് തന്നെ വൈദ്യസഹായം തേടണം.