തോക്കില്‍ ഉണ്ട നിറയ്ക്കാനറിയാത്ത എസ് ഐ, ഡിഐജിയുടെ മിന്നല്‍ പരിശോധനയില്‍ തെളിഞ്ഞത്!
എസ്‌ഐ ആവട്ടെ, ചോദ്യം ചോദിച്ച ഡിഐജി മുതല്‍ ചുറ്റിലും കാഴ്ചക്കാരായി നിന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ ചിരിപ്പിക്കുന്ന വിധത്തിലായിരുന്നു തോക്കില്‍ ഉണ്ട നിറച്ചത്.
എങ്ങനെയാണ് ഒരു തോക്കില്‍ ഉണ്ട നിറയ്ക്കുക? പൊലീസിനെ സംബന്ധിച്ച് വളരെ സാധാരണമായ ഈ ചോദ്യമായിരുന്നു ഉത്തര്‍ പ്രദേശിലെ ഒരു പൊലീസ് സ്‌റ്റേഷനില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയ ഡിഐജി ചോദിച്ചത്. അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം മുന്നില്‍ നിര്‍ത്തിയായിരുന്നു ഈ ചോദ്യം.
സ്‌റ്റേഷനിലെ ഒന്നു രണ്ട് ഉദ്യോഗസ്ഥര്‍ കൃത്യമായി തന്നെ സര്‍വീസ് റൈഫിളില്‍ ബുള്ളറ്റ് നിറച്ചു. എന്നാല്‍, സ്‌റ്റേഷനിലെ എസ്‌ഐ ആവട്ടെ, ചോദ്യം ചോദിച്ച ഡിഐജി മുതല്‍ ചുറ്റിലും കാഴ്ചക്കാരായി നിന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ ചിരിപ്പിക്കുന്ന വിധത്തിലായിരുന്നു തോക്കില്‍ ഉണ്ട നിറച്ചത്. സാധാരണ ഗതിയില്‍ റൈഫിളില്‍ ഉണ്ട നിറയ്ക്കുന്ന രീതിയില്‍നിന്ന് വിഭിന്നമായി അദ്ദേഹം തോക്കിന്റെ കുഴലിലാണ് ഉണ്ട നിറച്ചത്. ഇതെന്താണ് ഇങ്ങനെ എന്ന ചോദ്യം വന്നപ്പോള്‍, അദ്ദേഹം കിടന്നുരുണ്ടു. ഈ ഉണ്ട എങ്ങനെ നിങ്ങള്‍ അണ്‍ലോഡ് ചെയ്യും എന്നായിരുന്നു ഡിഐജിയുടെ അടുത്ത ചോദ്യം. എസ് ഐ തോക്ക് തിരിച്ചു പിടിച്ചപ്പോള്‍ ഉണ്ട പുറത്തുവന്നു. അതോടെ, ഡിഐജി അടക്കം എല്ലാവരും ചിരിച്ചു പോയി.
പരിശീലനം തുടരണമെന്നും അടിയന്തിര ഘട്ടങ്ങളില്‍ എങ്ങനെ പെരുമാറണമെന്ന കാര്യത്തില്‍ എല്ലാവരും സജ്ജമാവണമെന്നും തുടര്‍ന്ന് ഡി ഐ ജി പൊലീസ് ഉുദ്യോഗസ്ഥരോടായി പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
ചിരി അവിടെ നിന്നില്ല. ഈ മിന്നല്‍ പരിശോധനയുടെ ദൃശ്യങ്ങള്‍ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. അതോടെ ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു. യു പി പൊലീസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണെന്ന മട്ടില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും വന്നു. യോഗിയുടെ പൊലീസിന് തോക്കില്‍ ഉണ്ട നിറയ്ക്കാന്‍ പോലും അറിയില്ലെന്നായിരുന്നു പ്രതിപക്ഷ കക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ വിമര്‍ശനം. അഖിലേഷ് യാദവിന്റെ പാര്‍ട്ടി ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും പരിഹാസം നിറച്ച വാക്കുകളോടെ ആയിരുന്നു.
ഡെപ്യൂട്ടി ഐജിയായ ആര്‍കെ ഭരദ്വാജ് യുപിയിലെ പൊലീസ് സ്‌റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു ഈ സംഭവം. സന്ത് കബീര്‍ പൊലീസ് സ്‌റ്റേഷനില്‍ പരിശോധനയ്ക്ക് വന്നപ്പോഴായിരുന്നു ഈ അവിടത്തെ എസ് ഐ അറിവില്ലായ്മ കൊണ്ട് എല്ലാവരെയും ചിരിപ്പിച്ചത്.