അത്ഭുതകരമായ രക്ഷപ്പെടല്‍, പ്ലാറ്റ്‌ഫോമിനും ട്രെയിനുമിടയില്‍ കുടുങ്ങി ഒരമ്മയും മകനും!

കര്‍ണാടകത്തിലെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ മരണത്തിന്റെ വായില്‍നിന്നും ഒരമ്മയും മകനും രക്ഷപ്പെട്ടത് അതിശയകരമായാണ്.

viral video of Karnataka Mother and sons narrow escape

അത്ഭുതകരമായ രക്ഷപ്പെടലായിരുന്നു അത്. കണ്ടുനില്‍ക്കുന്നവരെല്ലാം ഭയന്നു വിറച്ചുനിന്ന നിമിഷങ്ങള്‍. എന്തും സംഭവിക്കാവുന്ന അവസ്ഥ. എന്നിട്ടും കര്‍ണാടകത്തിലെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ മരണത്തിന്റെ വായില്‍നിന്നും ഒരമ്മയും മകനും രക്ഷപ്പെട്ടത് അതിശയകരമായാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അതിവേഗമാണ് ഓണ്‍ലൈന്‍ ലോകത്ത് പടര്‍ന്നത്. 

കര്‍ണാടകത്തിലെ കലാബുര്‍ഗി റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. ഒരു അമ്മയും മകനുമായിരുന്നു വലിയ ഒരപകടത്തില്‍നിന്നും രക്ഷപ്പെട്ടത്. ഇരുവരും പ്ലാറ്റ്‌ഫോമില്‍നിന്നിറങ്ങി അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് നടക്കുകയായിരുന്നു. അതിനവര്‍ എടുത്ത വഴി പക്ഷേ, അപകടകരമായിരുന്നു. പാളം മുറിച്ചു കടക്കല്‍. 

അങ്ങനെ, ഇരുവരും ചേര്‍ന്ന് പ്ലാറ്റ് ഫോമില്‍നിന്നിറങ്ങി ആദ്യത്തെ പാളം മുറിച്ചു കടക്കാന്‍ നോക്കുകയായിരുന്നു. പൊടുന്നനെയാണ് അതു സംഭവിച്ചത്. ഒരു ട്രെയിന്‍ അതിവേഗം പാഞ്ഞുവന്നു. പാളം മുറിച്ചു കടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷേ, തല്‍ക്ഷണം പാളത്തില്‍നിന്നും പിന്നോട്ടു മാറാന്‍ അവര്‍ക്കായി. എന്നാല്‍, അപ്പുറത്തുള്ള പ്ലാറ്റ്‌ഫോമിലേക്ക് ഓടിക്കയറാനുള്ള സമയവും അവര്‍ക്കു മുന്നിലുണ്ടായിരുന്നില്ല. 

അപ്പോള്‍, അവര്‍ ചെയ്തത് അപകടകരമായ ഒരു കാര്യമാണ്. പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന ഭിത്തിയിലേക്ക് ചേര്‍ന്നിരുന്നു. തൊട്ടടുത്തു കൂടി ട്രെയിന്‍ അതിവേഗം കടന്നു പോവുമ്പോള്‍  അതിനു തൊട്ടടുത്ത് ഭിത്തിയിലേക്ക് ചേര്‍ന്ന് അവരിരുവരും ഇരുന്നു. ഭയന്നു വിറച്ച മകന്‍ അമ്മയെ കെട്ടിപ്പിടിച്ചിരിക്കുന്നത് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അല്‍പ്പനേരം കഴിഞ്ഞ്, ട്രെയിന്‍ അതിവേഗം കടന്നുപോയപ്പോള്‍ കണ്ടുനിന്നവരെല്ലാം അവര്‍ക്കരികിലേക്ക് ഓടിവന്നു. ഒരു പരിക്കുമില്ലാതെ അമ്മയും മകനും ഭയന്നു വിറച്ചിരിക്കുന്നത് കണ്ട് ആളുകള്‍ സമാധാനത്തോടെ അവരെ ചേര്‍ത്തുനിന്നു. അതിനു ശേഷം അവരെ അവിടെനിന്നും മാറ്റി. 

സംഭവത്തിന്റെ വീഡിയോ ആ ട്രെയിന്‍ കടന്നുപോയതിനേക്കാള്‍ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പരന്നത്. അത്ഭുതകരമായ ആ രക്ഷപ്പെടലിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios