അതിര്‍ത്തിയില്‍ നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍, കൈവീശി സൗഹൃദം പങ്കിട്ട് പാക്കിസ്ഥാന്‍ സൈനികരും
സിദ്ദു മൂസ് വാലയ്ക്കും അമൃത് മാന്റെ 'ബാംബിഹ ബോലെ' എന്ന ഗാനത്തിനും ചുവടുകള്‍ വെച്ച് സൗഹൃദം പങ്കിടുന്ന സൈനികരാണ് വീഡിയോയില്‍. ഇന്ത്യന്‍ ക്യാമ്പില്‍ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.
നല്ലൊരു ഗാനം കേട്ടാല്‍ രണ്ടു ചുവടെങ്കിലും വയ്ക്കാത്തവരായി ആരും ഉണ്ടാകില്ല, അതിനി വീട്ടിലായാലും യുദ്ധഭൂമിയില്‍ ആയാലും നമ്മള്‍ ആസ്വദിക്കും. ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നൃത്തം ചെയ്യുന്ന സൈനികരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ഇന്ത്യാ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് സൈനികരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. സിദ്ദു മൂസ് വാലയ്ക്കും അമൃത് മാന്റെ 'ബാംബിഹ ബോലെ' എന്ന ഗാനത്തിനും ചുവടുകള്‍ വെച്ച് സൗഹൃദം പങ്കിടുന്ന സൈനികരാണ് വീഡിയോയില്‍. ഇന്ത്യന്‍ ക്യാമ്പില്‍ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്.
ഗാനത്തിനൊപ്പം മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന ഇന്ത്യന്‍ സൈനികരാണ് വീഡിയോയില്‍. ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ഉയര്‍ന്ന സംഗീതവും സൈനികരുടെ നൃത്തച്ചുവടുകളും കണ്ട് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് നിന്ന് കൈ ഉയര്‍ത്തി ഇന്ത്യന്‍ സൈനികരെ അഭിവാദ്യം ചെയ്യുന്ന പാക് സൈനികരെയും വീഡിയോയില്‍ കാണാം.
ദില്ലിയിലെ സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ ഹര്‍ഗോബിന്ദര്‍ സിംഗ് ധലിവാള്‍ ആണ് വീഡിയോ ക്ലിപ്പ് വ്യാഴാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ശത്രുരാജ്യങ്ങളിലാണെങ്കിലും ഇരുരാജ്യത്തെയും സൈനികരുടെ സൗഹൃദത്തെയും പരസ്പര ബഹുമാനത്തെയും കാണിക്കുന്നതാണ് വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ കണ്ടവരില്‍ ഏറിയ പങ്കും അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍സൈനികര്‍ പഞ്ചാബി ഗാനം ആലപിക്കുകയും അവരുടെ തകര ഷെഡ് ലുക്കൗട്ടില്‍ നൃത്തം ചെയ്യുകയും ചെയ്യുമ്പോള്‍ നിയന്ത്രണ രേഖയുടെ മറുവശത്ത് ഒരു പാകിസ്ഥാന്‍ പട്ടാളക്കാരന്‍ അവരെ കൈവീശി കാണിച്ചുകൊണ്ട് അവര്‍ക്കൊപ്പം ചേരുകയും ചെയ്യുന്നത് വീഡിയോയില്‍ ദൃശ്യമാകുന്നു.
വീഡിയോ പോസ്റ്റ് ചെയ്തതിന് പുറകേ ആയിരത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. വീഡിയോ യുനസ്‌കോ ഭാരവാഹികളുടെ ശ്രദ്ധയിലും പെട്ടുകഴിഞ്ഞു. വീഡിയോ കണ്ട് യുനസ്‌കോ പ്രതിനിധി സംഘത്തില്‍ ഒരാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ''ഇന്ത്യന്‍, പാകിസ്ഥാന്‍ സൈനികര്‍ നിയന്ത്രണരേഖയില്‍ (എല്‍ഒസി) സിദ്ധു മൂസ്വാലയുടെ പാട്ടിനൊപ്പം നൃത്തം ചെയ്യുകയും കൈവീശുകയും ചെയ്യുന്നു! പ്രശ്നം ജനങ്ങളുടേതല്ല, പ്രശ്നം രാഷ്ട്രീയത്തിലാണ്,''
ഏതായാലും വീഡിയോ ഇരു രാജ്യങ്ങളിലെയും മനുഷ്യര്‍ ഹൃദയംകൊണ്ട് തന്നെ സ്വീകരിച്ചു കഴിഞ്ഞു.