മരണത്തിന് തൊട്ടുമുമ്പ് മകന് അവസാന ഭക്ഷണം ഉണ്ടാക്കുന്ന അമ്മ, ലോകത്തെ കരയിച്ച് വീഡിയോ
കീമോ തെറാപ്പിയെ തുടര്‍ന്ന് മുടി കൊഴിഞ്ഞുപോയ അമ്മ പുറംതിരിഞ്ഞു നിന്ന് അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
മരിക്കുന്നതിന് തൊട്ടുമുമ്പ് ഒരമ്മ മകനു വേണ്ടി അവസാന ഭക്ഷണം ഉണ്ടാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍ മീഡിയയിലെ താരം. ആരെയും സങ്കടപ്പെടുത്തുന്ന ആ വീഡിയോ ചൈനയ്ക്കു പുറത്തും വൈറലാവുകയാണ് ഇപ്പോള്‍.
ടിക്ക്‌ടോക്കിന്റെ ചൈനീസ് രൂപമായ ദൗയിനിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വടക്കുകിഴക്കന്‍ ചൈനയിലെ ദാലിയാനിലുള്ള ദെംഗ് എന്ന വ്‌ളോഗറാണ് തന്റെ മാതാവിന്റെ അവസാന നിമിഷങ്ങളിലെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. കീമോ തെറാപ്പിയെ തുടര്‍ന്ന് മുടി കൊഴിഞ്ഞുപോയ അമ്മ പുറംതിരിഞ്ഞു നിന്ന് അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
യാത്രപറയലുമായി ബന്ധപ്പെട്ട പ്രശസ്തമായ ചൈനീസ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോയില്‍ അമ്മയുടെ ദൃശ്യങ്ങള്‍ കടന്നുവരുന്നത്. 'പ്രിയപ്പെട്ട അമ്മയ്ക്ക് അന്ത്യാഞ്ജലി, ഇനിയൊന്നുമെന്നെ പരാജയപ്പെടുത്തില്ല' എന്ന അടിക്കുറിപ്പോടെയാണ് ദെംഗ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
ഈ മാസം ആദ്യമാണ് ദെംഗിന്റെ അമ്മ മരിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തിനു തൊട്ടുമുമ്പുള്ള ദിവസമാണ് ഈ വീഡിയോ ദെംഗ് പകര്‍ത്തിയത്.
അമ്മ കരുത്തുള്ള, സ്വതന്ത്രയായ ഒരാളായിരുന്നു. ഫെബ്രുവരി മാസമാണ് കാന്‍സര്‍ ബാധിതയാണെന്ന് അറിഞ്ഞത്. എന്നാല്‍, ദെംഗ് ഒഴികെ വീട്ടിലുള്ള മറ്റാരോടും അമ്മ ഇക്കാര്യം പറഞ്ഞില്ല. തന്റെ രോഗവിവരമറിഞ്ഞ് മറ്റുള്ളവര്‍ വിഷമിക്കാതിരിക്കാനാുള്ള മുന്‍കരുതലായിരുന്നു അത്. ദെംഗിനെ മാത്രമാണ് അമ്മ ആശുപത്രിയില്‍ പോവുമ്പോള്‍ കുടെ കൊണ്ടുപോയിരുന്നത്. മൂന്ന് റൗണ്ട് കീമോ തെറാപ്പികള്‍ കഴിഞ്ഞതോടെയാണ് അമ്മ ആകെ തളര്‍ന്നുപോയത്. മുടി കൊഴിഞ്ഞു. ക്ഷീണം കൂടി. പക്ഷേ, ഒരിക്കലും തന്റെ വേദന അവര്‍ പുറത്തുകാണിച്ചില്ല. അതിനെക്കുറിച്ച് അയാള്‍ പറയുന്നത് ഇങ്ങനെയാണ്:
''അങ്ങനെ ഇരിക്കവെയാണ് നവംബര്‍ ആദ്യം അമ്മ എന്നോട് ഒരു ചോദ്യം ചോദിച്ചത്. 'എന്ത് ഭക്ഷണമാണ് ഞാന്‍ നിനക്ക് ഉണ്ടാക്കി തരേണ്ടത്?' ഞാനൊന്നും പറഞ്ഞില്ല. അമ്മ എന്നെയും കൂട്ടി മാര്‍ക്കറ്റില്‍ പോയി കുറേ ഭക്ഷണ സാധനങ്ങള്‍ വാങ്ങി വന്നു. എന്നിട്ട് എനിക്കായി ഭക്ഷണം ഉണ്ടാക്കി. അമ്മ അടുക്കളയിലായിരിക്കുമ്പോള്‍ ഞാന്‍ ലിവിംഗ് റൂമില്‍ ഇരിക്കുകയായിരുന്നു. പുറംതിരിഞ്ഞുനില്‍ക്കുന്ന അമ്മയുടെ മുടിയില്ലാത്ത തല കാണുമ്പോള്‍ എനിക്ക് സങ്കടം വന്നു. ഞാനത് വീഡിയോയില്‍ പകര്‍ത്തി. പെട്ടെന്ന് എന്തോ സംഭവിക്കാന്‍ പോവുന്നു എന്ന ഭയമെനിക്ക് വന്നു. അന്നുണ്ടാക്കിയ ഭക്ഷണം, അമ്മ എന്നുമുണ്ടാക്കുന്ന അതേ രുചിയുള്ളതായിരുന്നു. ഞാനത് മുഴുവന്‍ കഴിച്ചു. അത് കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍. അമ്മ വിട പറഞ്ഞു. ''-ഒരു ചൈനീസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദെംഗ് പറഞ്ഞു.
വീഡിയോ ബ്ലോഗുകള്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും വളോഗര്‍ എന്ന നിലയില്‍ മുമ്പ് അധികമൊന്നും അറിയപ്പെട്ടിരുന്നില്ല ദെംഗ്. എന്നാല്‍, അമ്മയുടെ ഈ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ചൈനീസ് സോഷ്യല്‍ മീഡിയയിലാകെ ഇതു വൈറലാവുകയും ചെയ്തു.