അച്ചോടാ, തുമ്പിക്കൈ സ്വന്തമായി നിയന്ത്രിക്കാനാവാത്ത ഒരാനക്കുട്ടി!
മൈതാനം പോലെ പുല്ലുകള്‍ നിറഞ്ഞ വിശാലമായ ഒരു സ്ഥലത്താണ് ആനക്കുട്ടി നില്‍ക്കുന്നത്. അതിനു ചുറ്റും കുറേയേറെ കൊക്കുകളും നില്‍ക്കുന്നത് കാണാം.
ഒരു ആനക്കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ആ വീഡിയോ വൈറലാകാന്‍ ഒരു കാരണമുണ്ട്. എന്താണെന്നല്ലേ? ആ വീഡിയോയില്‍ ആനക്കുട്ടിയുടെ തുമ്പിക്കൈ ഒരു ടര്‍ബൈന്‍ ഫാന്‍ പോലെ അങ്ങനെ കറങ്ങി കളിക്കുകയാണ്. ആനക്കുട്ടി എത്ര ശ്രമിച്ചിട്ടും അത് അടങ്ങി നില്‍ക്കുന്നില്ല. അപ്പോള്‍ ആനക്കുട്ടികള്‍ക്ക് അവയുടെ തുമ്പിക്കൈ സ്വന്തമായി നിയന്ത്രിക്കാനുള്ള ശേഷി ഇല്ലേ?
ആനക്കുട്ടികളെ നിരീക്ഷിക്കാന്‍ വളരെ കൗതുകമാണ്. അവര്‍ ഓരോ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നത് കാണാന്‍ ഏറെ രസകരമാണ്. ആനക്കുട്ടികളുടെ ഇത്തരത്തിലുള്ള രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധിയാണ്. എന്നാല്‍ ഈ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ മറ്റൊരു കാര്യം കൂടി തെളിയിക്കുകയാണ്. ഉണ്ടായ ആദ്യ വര്‍ഷത്തില്‍ ആനക്കുട്ടികള്‍ക്ക് അവയുടെ തുമ്പിക്കൈ സ്വയം നിയന്ത്രിക്കാനുള്ള ശേഷിയില്ല എന്ന കാര്യം.
മൈതാനം പോലെ പുല്ലുകള്‍ നിറഞ്ഞ വിശാലമായ ഒരു സ്ഥലത്താണ് ആനക്കുട്ടി നില്‍ക്കുന്നത്. അതിനു ചുറ്റും കുറേയേറെ കൊക്കുകളും നില്‍ക്കുന്നത് കാണാം. ഈ പക്ഷികളുടെ നടുവില്‍ നില്‍ക്കുന്ന ആനക്കുട്ടിയുടെ തുമ്പിക്കൈ അത് അറിയാതെ ചലിക്കുന്നത് കാണാനാണ് അതിലേറെ രസകരം. പമ്പരം കറങ്ങുന്നത് പോലെ വട്ടത്തില്‍ അങ്ങനെ കറങ്ങുകയാണ് തുമ്പിക്കൈ. ഇത് കണ്ട് രസിച്ചു നില്‍ക്കുകയാണ് ചുറ്റും കൂടിയിരിക്കുന്ന പക്ഷികള്‍. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഒരുതവണ കണ്ടാല്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നും എന്ന കാര്യത്തില്‍ സംശയമില്ല. ഈ വീഡിയോ ട്വിറ്ററില്‍ ഇതിനോടകം 34 മില്യണില്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ആനക്കുട്ടികള്‍ക്ക് ഒരു വയസ്സാകുന്നത് വരെ തുമ്പിക്കൈ നിയന്ത്രിക്കാന്‍ സാധിക്കില്ല എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആനക്കുട്ടികള്‍ക്കിടയില്‍ ഈ വിചിത്രമായ പെരുമാറ്റം സാധാരണമാണന്ന്, നാഷണല്‍ ജിയോഗ്രാഫിക്ക് മാസിക അഭിപ്രായപ്പെടുന്നു. അവ തുമ്പിക്കൈ നിയന്ത്രിക്കാന്‍ പഠിക്കുമ്പോള്‍ ഇത് പലപ്പോഴും കാണാറുണ്ടന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ആറുമാസത്തിനും എട്ടുമാസത്തിനും ഇവ തങ്ങളുടെ തുമ്പിക്കൈ നിയന്ത്രിക്കാന്‍ പഠിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു വയസ്സ് ആകുന്നതോടെ ഇവ തുമ്പിക്കൈ തങ്ങളുടെ വരുതിയിലാക്കും.