Viral video: പുള്ളിപ്പുലിയെ കൂട്ടിലാക്കി നാട്ടുകാര്‍, നടപടി വേണമെന്ന് മൃഗസ്നേഹികള്‍
നിരവധിക്കണക്കിന് മൃഗസ്നേഹികളും മൃഗങ്ങളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്നവരും സംഭവത്തിൽ രോഷാകുലരായി. നിയമപരമായിട്ടല്ലാതെ ഇങ്ങനെ മൃഗങ്ങളെ പിടികൂടി കൂട്ടിലടക്കുന്നതിനെതിരെ വലിയ രോഷം തന്നെ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
നാട്ടിലിറങ്ങി പ്രശ്നം ഉണ്ടാക്കുന്ന മൃഗങ്ങളെ പിടികൂടുന്നത് പുതിയ സംഭവം ഒന്നുമല്ല. എന്നാൽ, അങ്ങനെ പിടികൂടുന്നത് നിയമവിധേയമായിട്ടാവും. ഉത്തരവാദപ്പെട്ടവരായിരിക്കും അത് ചെയ്യുന്നത് അല്ലേ? എന്നാൽ, താനെയിൽ ഒരുകൂട്ടം ആളുകൾ ചേർന്ന് നിയമ വിരുദ്ധമായി ഇങ്ങനെ ഒരു പുള്ളിപ്പുലിയെ പിടികൂടി. ഇത് വലിയ തരത്തിലുള്ള ജനരോഷത്തിന് കാരണമായിത്തീർന്നിരിക്കുകയാണ്.
ആരൊക്കെ ചേർന്നാണോ ഇത് ചെയ്തത്, അവർക്കെതിരെ ഒരു പരാതിയും കിട്ടിയിട്ടുണ്ട്. എന്നാൽ, എന്തിനാണ് ആളുകൾ ഇതിനെ പിടിച്ച് കൂട്ടിലാക്കിയത് എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ഇല്ല. കൂട്ടിൽ കിടക്കുന്ന പുലി ആണെങ്കിൽ ആകെ നിരാശ ബാധിച്ച പോലെയാണ് കാണപ്പെടുന്നത്. വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തയാൾ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ ആണ്, “ഉത്താൻ-പൽഖാഡി പ്രദേശത്തെ നാട്ടുകാർ ഒരു പുള്ളിപ്പുലിയെ അനധികൃതമായി കൂട്ടിലടച്ചിരിക്കുകയാണ്. ഉത്തരവാദികൾക്കെതിരെ മഹാരാഷ്ട്ര വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്യും. പരിക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.“
നിരവധിക്കണക്കിന് മൃഗസ്നേഹികളും മൃഗങ്ങളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്നവരും സംഭവത്തിൽ രോഷാകുലരായി. നിയമപരമായിട്ടല്ലാതെ ഇങ്ങനെ മൃഗങ്ങളെ പിടികൂടി കൂട്ടിലടക്കുന്നതിനെതിരെ വലിയ രോഷം തന്നെ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ഇവർ പറയുന്നത്. ഒരു ട്വിറ്റർ യൂസർ അതുപോലെ വനം വകുപ്പിനോട് ഇത് ചെയ്തവർക്കെതിരെ കർശനമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണം എന്നാണ് കമന്റിൽ ആവശ്യപ്പെട്ടത്.
അതുപോലെ നിരവധിപ്പേർ സമാനമായ കമന്റുകൾ വീഡിയോയ്ക്ക് നൽകി. ഇത്തരം കാര്യങ്ങൾ ഇപ്പോൾ തന്നെ അവസാനിപ്പിച്ചില്ല എങ്കിൽ ഭാവിയിൽ ഒരുപാട് ആളുകൾ ഇതേ പാത പിന്തുടരുകയും ഇത് തന്നെ ആവർത്തിക്കുകയും ചെയ്യുമെന്ന് പലരും പറഞ്ഞു.