5 മണിക്കൂര്‍ ഓടിയിട്ട് കിട്ടിയത് 40 രൂപ; വരുമാനക്കുറവിനെ തുടര്‍ന്ന് കരയുന്ന ഓട്ടോക്കാരന്‍റെ വീഡിയോ വൈറല്‍ !
ഓട്ടോ ഡ്രൈവറുടെ വൈകാരിയ വീഡിയോയ്ക്ക് കുറിപ്പെഴുതിയവരില്‍ ഭൂരിഭാഗം പേരും ഓട്ടോ ഡ്രൈവര്‍മാരുടെ ധാര്‍ഷ്ട്രത്തിനെതിരെയും കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ ജനകീയ ബസ് സൗജന്യ പദ്ധതിക്ക് ഒപ്പവും നിന്നു.
കിലോമീറ്റര്‍ ദൂരം കണക്കാക്കിയാണ് കേരളത്തില്‍ സര്‍ക്കാര്‍ ഓട്ടോ ചാര്‍ജ്ജ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, പലപ്പോഴും കേരളത്തിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ പലരും സവാരി പോകുമ്പോള്‍ തങ്ങളുടെ ഓട്ടോയിലെ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കില്ല. തലസ്ഥാനമായ തിരുവനന്തപുരത്താണെങ്കില്‍ മീറ്ററിനെക്കാള്‍ 10 രൂപ അധികം വാങ്ങിക്കുന്ന ഓട്ടോക്കാരും കുറവല്ല. ഇത് സംബന്ധിച്ച് പലപ്പോഴും യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷങ്ങളും പതിവാണ്. എന്നാല്‍, മലയാളികളെ അത്ഭുതപ്പെടുത്തി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു വീഡിയോ പ്രചരിച്ചു. വീഡിയോയില്‍ കന്നടയില്‍ സംസാരിക്കുന്ന ഓട്ടോഡ്രൈവര്‍ താന്‍ അഞ്ച് മണിക്കൂര്‍ ഓടിയിട്ടും നാല്പത് രൂപയാണ് ലഭിച്ചതെന്ന് പറഞ്ഞ് റിപ്പോര്‍ട്ടറുടെ മുന്നില്‍ കരയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ കണ്ണുകള്‍ നിറയുന്നത് വളരെ നാടകീയമായി വീഡിയോയില്‍ മൂന്നാല് തവണ കാണിക്കുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുമായെത്തി.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയില്‍ സാധാരണക്കാരന്‍റെ ജീവിതം നാള്‍ക്കുനാള്‍ ദുഃസഹമായി കൊണ്ടിരിക്കുകയാണ്. സാധനങ്ങളുടെ ഉയര്‍ന്ന വിലയും ഉയര്‍ന്ന നികുതികളും മറ്റും സാധാരണക്കാരുടെ ജീവിതത്തെ ഏറെ ദുഷ്ക്കരമാക്കുന്നു. ഇതിനിടെയിലാണ് Megh Updates എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, 'രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വെറും 40 /- രൂപയാണ് കിട്ടിയതെന്ന് ഒരു ബംഗളൂരു ഓട്ടോ ഡ്രൈവർ കണ്ണീരോടെ പറയുന്നു. കർണ്ണാടകയിലെ പുതിയ കോൺഗ്രസ് സർക്കാർ നൽകിയ സൗജന്യ ബസ് യാത്രയുടെ ഫലമാണിത്. ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു!!'
സംസ്ഥാന സര്‍ക്കാര്‍ ജനങ്ങല്‍ക്ക് നല്‍കിയ സൗജന്യ യാത്രയ്ക്കെതിരെയുള്ള രാഷ്ട്രീയ വീഡിയോയായിട്ടാണ് അത് പങ്കുവയ്ക്കപ്പെട്ടതെങ്കിലും നെറ്റിസണ്‍സിനിടെ രണ്ട് തരം അഭിപ്രായം ഉയര്‍ന്നു. “എനിക്ക് ഇതിൽ സമ്മിശ്ര പ്രതികരണമുണ്ട് ! ഓട്ടോക്കാർ അവർക്കിഷ്ടമുള്ള തുക ഈടാക്കുന്നു. ഒരിക്കലും മീറ്ററിൽ ഓടില്ല. നല്ലവരുമുണ്ട്. പക്ഷേ, ആരാണ് മീറ്ററിട്ട് ഓടുന്നത്? അവരിൽ ഭൂരിഭാഗവും അങ്ങനെ ചെയ്യുന്നില്ല. ” ഒരു ട്വിറ്റർ ഉപഭോക്താവ് എഴുതി. “ഞാൻ എന്‍റെ വീട്ടിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള ഒരു മെട്രോ സ്റ്റേഷനിൽ ഇറങ്ങുന്നു. ഞാൻ ഇറങ്ങുമ്പോൾ, ഇവർ എന്നെ വളഞ്ഞ് 150 രൂപ ചോദിക്കുന്നു, എന്നാല്‍, ഞാന്‍ നടക്കാൻ തുടങ്ങുമ്പോള്‍ എനിക്ക് മനസ്സിലാകില്ലെന്ന് കരുതി അവർ എന്നെ കന്നഡയിൽ ശപിക്കുന്നു. (ഞാൻ അത് മുഴുവനായി പറയുമ്പോൾ) സീറോ സിമ്പതി, ബസ് പദ്ധതിയെ സ്നേഹിക്കുന്നു. ” വീഡിയോയ്ക്ക് കുറിപ്പെഴുതിയവരില്‍ ഭൂരിഭാഗം പേരും ഓട്ടോ ഡ്രൈവര്‍മാരുടെ ധാര്‍ഷ്ട്രത്തിനെതിരെയായും കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ ജനകീയ ബസ് സൗജന്യ പദ്ധതിക്ക് ഒപ്പവും നിന്നു.