18 ചക്രങ്ങളുള്ള കൂറ്റന്‍ ട്രെയിലര്‍ കാറുകള്‍ക്ക് മീതെ വീണു, വീഡിയോ!
റോഡിലൂടെ അതിവേഗം പാഞ്ഞുവന്ന 18 ചക്രങ്ങളുള്ള ട്രെയിലര്‍ വേഗത ഒട്ടും കുറക്കാതെ സമീപ റോഡിലേക്ക് വളച്ചു കയറ്റുന്നു. പൊടുന്നനെയുള്ള വളക്കലില്‍ നിയന്ത്രണം വിട്ട ട്രെയിലര്‍ റോഡിലൂടെ വരികയായിരുന്ന രണ്ട് കാറുകള്‍ക്കു മീതെ മറിഞ്ഞു വീഴുന്നു.
ഞെട്ടിക്കുന്നതായിരുന്നു ആ അപകടം. റോഡിലൂടെ അതിവേഗം പാഞ്ഞുവന്ന 18 ചക്രങ്ങളുള്ള ട്രെയിലര്‍ വേഗത ഒട്ടും കുറക്കാതെ സമീപ റോഡിലേക്ക് വളച്ചു കയറ്റുന്നു. പൊടുന്നനെയുള്ള വളക്കലില്‍ നിയന്ത്രണം വിട്ട ട്രെയിലര്‍ റോഡിലൂടെ വരികയായിരുന്ന രണ്ട് കാറുകള്‍ക്കു മീതെ മറിഞ്ഞു വീഴുന്നു. നിറയെ സാധനങ്ങളുമായി വന്ന ട്രെയിലര്‍ മറിഞ്ഞു വീണതിനെ തുടര്‍ന്ന് ഒരു കാര്‍ തവിടുപൊടിയായി. മറ്റേ കാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ആദ്യ കാറിലുണ്ടായിരുന്ന മൂന്ന് യാത്രികരും തല്‍ക്ഷണം മരിച്ചു. ഞെട്ടിക്കുന്ന ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
പഞ്ചാബിലെ ഫഗ്‌വാര-ചണ്ഡിഗഢ് ഹൈവേയിലാണ് ഈ അപകടം നടന്നത്. ഇവിടെയുള്ള ബെഹ്‌റാമിലാണ് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം 18 ചക്രങ്ങളുള്ള കൂറ്റന്‍ ട്രെയിലര്‍ മറിഞ്ഞ് ആ പാതയിലൂടെ വരികയായിരുന്ന കാറുകള്‍ക്കു മീതെ വീണത്. ഇവിടെയുള്ള സിസിടിവി ക്യാമറകള്‍ ഈ ദൃശ്യം പകര്‍ത്തിയിട്ടുണ്ട്്.
ഇതാണ് ആ അപകട ദൃശ്യം:
ഫഗ്‌വാര-ചണ്ഡിഗഢ് ഹൈവേയില്‍ ബംഗാ വശത്തുനിന്നാണ് ഈ ട്രെയിലര്‍ പാഞ്ഞുവന്നത്. നിറയെ സാധനങ്ങളുമായി എത്തിയ കൂറ്റന്‍ ട്രെയിലര്‍ അതിവേഗത്തിലാണ് റോഡിലൂടെ വന്നത്. വേഗത ഒട്ടും കുറക്കാതെയാണ് പൊടുന്നനെ അടുത്ത റോഡിലേക്ക് ഇത് വളച്ചെടുത്തത്. നിരവധി വാഹനങ്ങള്‍ ഓടിക്കൊണ്ടിരുന്ന ഹൈവേയിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ 18 ചക്രങ്ങളുള്ള ഈ ട്രെയിലര്‍ അപകടകരമായ വിധത്തില്‍ വളച്ചെടുത്തത്.
ജങ്ഷനിലൂടെ വരികയായിരുന്ന രണ്ട് കാറുകളെ തടഞ്ഞാണ് ഇത് പൊടുന്നനെ മുന്നിലെത്തിയത്. വളഞ്ഞു വന്ന ട്രെയിലര്‍ ഉടന്‍ തന്നെ തൊട്ടുമുന്നിലെ ട്രാഫിക് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. മറിയുന്ന സമയത്ത് രണ്ട് കാറുകളാണ് അതിനടിയില്‍ പെട്ടത്. മൂന്ന് പേര്‍ സഞ്ചരിച്ച ഒരു കാര്‍ ഇതിനെ തുടര്‍ന്ന് അരഞ്ഞുപോയി. ഒരു കുടുംബത്തിലെ അംഗങ്ങളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ മൂവരും തല്‍ക്ഷണം മരിച്ചു. കാര്‍ തവിടുപൊടിയായിട്ടുണ്ട്. എന്നാല്‍, ഇതിനടിയില്‍ പെടുമായിരുന്ന ഒരു കാര്‍ വെട്ടിച്ചതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാറിലുണ്ടായിരുന്ന ഗുര്‍ദാസ്പൂരിലെ ചീമ കുദ്ദിയാന്‍ ഗ്രാമവാസികളായ ഗുര്‍ കൃപാല്‍ സിംഗ്, ഭാര്യ രമണ്‍ജിത് കൗര്‍, മകന്‍ ജസ്മീത് സിംഗ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗുര്‍ കൃപാല്‍ സിംഗ് ആയിരുന്നു കാറോടിച്ചിരുന്നത് ട്രെയിലര്‍ ഓടിച്ച മേജര്‍ സിംഗിനെതിരെ അപകടകരമായ ഡ്രൈവിംഗിനും നരഹത്യയ്ക്കും കേസ് എടുത്തിട്ടുണ്ട്.