സന്ദര്‍ശകര്‍ നോക്കി നില്‍ക്കെ വൈല്‍ഡ്ബീസ്റ്റിനെ വേട്ടയാടുന്ന സിംഹിണികള്‍; വൈറല്‍ വീഡിയോ !
മരണത്തില്‍ നിന്നും രക്ഷപ്പെടാനായി മനുഷ്യന്‍റെ അടുത്ത് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയതായിരുന്നു ആ വൈല്‍ഡ്ബീസ്റ്റ് എന്നും അതിനെ സഹായിക്കുന്നതിന് പകരം മനുഷ്യന്‍ അതിന്‍റെ മരണം ചിത്രീകരിക്കുന്ന തിരക്കിലായിരുന്നെന്നും വിമര്‍ശനമുയര്‍ന്നു.
ടാന്‍സാനിയയില്‍ നിന്നുള്ള ഒരു വീഡിയോ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി. ഒന്നിലധികം സഫാരി വാഹനങ്ങള്‍ക്കിടയിലൂടെ തങ്ങളുടെ ഇരയെ വേട്ടയാടുന്ന രണ്ട് സിംഹിണികളുടെ വീഡിയോയായിരുന്നു അത്. വീഡിയോയുടെ തുടക്കത്തില്‍ വാഹനങ്ങള്‍ക്കിടയില്‍ ഒരു വൈല്‍ഡ്ബീസ്റ്റ് (wildebeest) നില്‍ക്കുന്നത് കാണാം. മണ്‍പാതയ്ക്ക് സമീപത്തായി ഒരു കഴുതപ്പുലിയും ഉണ്ട്. പെട്ടെന്ന് എന്തോ കണ്ട് ഭയന്നത് പോലെ കഴുതപ്പുലി സ്ഥലത്ത് നിന്നും രക്ഷപ്പെടാനുള്ള ശ്രമം നടത്തുമ്പോള്‍, 'അഹ്, സിംഹം' എന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ഇതിന് പിന്നാലെ ഒരു പെണ്‍സിംഹം രംഗപ്രവേശനം ചെയ്യുന്നു. ഇരയെ പിന്നില്‍ നിന്നും അക്രമിക്കാനായി തക്കം പാര്‍ത്ത് സിംഹിണി പതുക്കെ നീങ്ങുമ്പോള്‍ വൈല്‍ഡ്ബീസ്റ്റ് സിംഹിണിക്ക് നേരെ കൊമ്പുയര്‍ത്തി അടുക്കുന്നു. തന്ത്രപരമായി സിംഹിണി പിന്മാറുന്നു. വീണ്ടും അക്രമിക്കാനായി അടുക്കുമ്പോഴും വൈല്‍ഡ്ബീസ്റ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍, ഇതിനിടെ പിന്നില്‍ നിന്നും മറ്റൊരു സിംഹിണി കൂടി അക്രമിക്കാനെത്തുന്നു. ഇരുസിംഹിണികളും കൂടി വൈല്‍ഡ്ബീസ്റ്റിനെ ഇരുഭാഗത്ത് നിന്നും അക്രമിക്കുന്നു, ഇതിനിടെ മൂന്ന് പേരും കൂടി വീണ്ടും സഞ്ചാരികളുടെ വാഹനത്തിനടുത്തേക്ക് നീങ്ങുന്നു.
ഇതിനിടെ ഒരു സിംഹിണി വൈല്‍ഡ്ബീ്റ്റിനെ കീഴടക്കുകയും അതിന്‍റെ പുറം കഴുത്തില്‍ കടിച്ച് പിടിക്കുകയും ചെയ്യുന്നു. ഈ സമയം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സഫാരി വാഹനങ്ങളിലൊന്ന് മുന്നോട്ട് നീങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും മുന്നില്‍ മറ്റ് വാഹനങ്ങള്‍ ഉള്ളതിനാല്‍ മുന്നോട്ട് നീങ്ങാനാകാതെ പെട്ട് പോകുന്നു. ഇരു സിംഹിണികളും കൂടി വൈല്‍ഡ്ബീസ്റ്റിനെ കടിച്ച് വലിച്ച് മണ്‍പാതയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
നേന്ത്രവാഴയില്‍ ഫംഗസ് ബാധ; വെനിസ്വേലയില്‍ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്
എഴ് എട്ട് സഫാരി വാഹനങ്ങള്‍ ചുറ്റും നില്‍ക്കുമ്പോഴാണ് കാട്ടിലെ ഈ നീതി നടപ്പാക്കപ്പെട്ടത്. സിംഹിണികളെ അകറ്റി വൈല്‍ഡ്ബീസ്റ്റിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളൊന്നും സഞ്ചാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സിംഹിണികള്‍ സഞ്ചാരികളെ കാര്യമായി ശ്രദ്ധിച്ചിരുന്നുമില്ല. അവര്‍ ഇരുവരും തങ്ങളുടെ ഇരയെ കീഴ്പ്പെടുത്തുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. @TerrifyingNatur എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം മൂന്നര ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. 'ടാൻസാനിയയിലെ സെറെൻഗെറ്റി പാർക്കിൽ വൈല്‍ഡ്ബീസ്റ്റിനെ വേട്ടയാടുന്ന സിംഹം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റ് ചെയ്ത് രംഗത്തെത്തി. ഇരപിടിക്കുന്നതിനടുത്ത് സഫാരി വാഹനങ്ങള്‍ കൂടി നിന്നതിനെ പലരും എതിര്‍ത്തു. മാത്രമല്ല, മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണ് ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തതെന്നും ചിലര്‍ ചോദിച്ചു. വേട്ടക്കാരില്‍ നിന്നും രക്ഷപ്പെടാനായി മനുഷ്യന്‍റെ അടുത്ത് സഹായം അഭ്യര്‍ത്ഥിച്ച് എത്തിയതായിരുന്നു ആ വൈല്‍ഡ്ബീസ്റ്റ് എന്നും അതിനെ സഹായിക്കുന്നതിന് പകരം മനുഷ്യന്‍ അതിന്‍റെ മരണം ചിത്രീകരിക്കുന്ന തിരക്കിലായിരുന്നെന്നും മറ്റൊരാള്‍ സൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു.
ഭയം എന്നാല്‍ എന്ത്? പെരുമ്പാമ്പിനൊപ്പം കളിക്കുന്ന കുട്ടിയുടെ വീഡിയോ വീണ്ടും വൈറല്‍ !