അത്ഭുതകരം ഈ രക്ഷപ്പെടല്‍, കെട്ടിടം തകര്‍ന്ന് 30 മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തെടുത്തു
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂറുകള്‍ കുടുങ്ങിക്കിടന്ന ശേഷം പിഞ്ചു കുഞ്ഞിന്റെ രക്ഷപ്പെടല്‍ : വീഡിയോ
നമ്മളുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും ചില വാര്‍ത്തകള്‍ നമ്മെ അതിയായ സന്തോഷിപ്പിക്കും. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ജോര്‍ദാനില്‍ നിന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ കെട്ടിടം തകര്‍ന്ന് 30 മണിക്കൂറിന് ശേഷം ഒരു കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തിരിക്കുകയാണ്.
സെപ്റ്റംബര്‍ 13-നാണ് ജോര്‍ദാന്‍ തലസ്ഥാനത്ത് ഒരു നാലു നില കെട്ടിടം പൂര്‍ണമായും തകര്‍ന്നു വീണത്. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ നാലുമാസം മാത്രം പ്രായമുള്ള മലാക്ക് എന്ന കുട്ടി അകപ്പെടുകയായിരുന്നു. ആ അപകടത്തില്‍ 14 പേരുടെ ജീവനാണ് നഷ്ടമായത്. എന്നാല്‍ 30 മണിക്കൂറില്‍ അധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ മലാക്കിനെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു.
അമ്മാനിലെ ജബല്‍ അല്‍-വെയ്ബ്ദേയിലാണ് തകര്‍ന്നുവീണ റെസിഡന്‍ഷ്യല്‍ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. 25 പേരോളം കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാപകമായ രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടത്തിയത്.
കുഞ്ഞിനെ സുരക്ഷിതമായി പുറത്തിറക്കുന്നതിന്റെ വീഡിയോ ജോര്‍ദാന്‍ സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയിലെ ചെറിയൊരു ദ്വാരത്തിനുള്ളിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ മലാക്കിനെ പുറത്തെടുത്തത്. കുഞ്ഞിന് ചെറിയ മുറിവേറ്റിട്ടുണ്ട്. രക്ഷപ്പെടുത്തിയ ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനോടകം തന്നെ നെറ്റിസണ്‍സ് കുഞ്ഞിന് ഒരു ഓമന പേരും നല്‍കിയിട്ടുണ്ട്. 'പ്രതീക്ഷയുടെയും ജീവിതത്തിന്റെയും പ്രതീകം' എന്നാണ് ആ പേര്.
പെര്‍ഫ്യൂമും മേക്കപ്പും വില്‍ക്കുന്ന അവളുടെ അമ്മ, മകളെ കെട്ടിടത്തിന്റെ ബേസ്മെന്റില്‍ താമസിച്ചിരുന്ന ഒരു സുഹൃത്തിന്റെ അടുത്ത് നിര്‍ത്തിയിട്ട് ഒരു ഓര്‍ഡര്‍ ഡെലിവര്‍ ചെയ്യാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത് . ഇവര്‍ കുഞ്ഞിനെ ഏല്‍പ്പിച്ച വീട്ടില്‍ നിന്നും ഇറങ്ങി ഏതാനും മിനിറ്റുകള്‍ക്കകം കെട്ടിടം തകര്‍ന്നുവീണു.
നാല് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മകള്‍ സുരക്ഷിതയായി പുറത്തുവന്നത് അത്ഭുതമാണെന്ന് ഡോക്ടര്‍ പറഞ്ഞതായി അമ്മ അറിയിച്ചു. കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതിനുശേഷം അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ: ''അവള്‍ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് ഒരു ധൈര്യം ഉണ്ടായിരുന്നു, അവള്‍ ഞങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് എന്റെ ഭര്‍ത്താവ് എന്നെ ആശ്വസിപ്പിച്ചു,''
ജോര്‍ദാനിലെ പ്രാദേശിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹസന്‍ അല്‍ അബ്ദലത്ത് ഉത്തരവിട്ടു. റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മാനേജരും അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് രണ്ട് ആളുകളുമാണ് അറസ്റ്റിലായത്.