നെറ്റിസണ്‍സിന്‍റെ കൈയടി നേടി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന ജാപ്പനീസ് തന്ത്രം; വൈറല്‍ വീഡിയോ
5,00,000-ലധികം ആളുകളെത്തുന്ന ടോക്കിയോ കോമിക് മാർക്കറ്റിന്‍റെ ടൈം-ലാപ്സ് വീഡിയോയായിരുന്നു അത്. യാതൊരു പരാതിയുമില്ലാതെ ഇത്രയേറെ ആളുകള്‍ തങ്ങള്‍ക്കായി നിര്‍ദ്ദേശിച്ച ക്യൂവില്‍ നില്‍ക്കുന്നു.
എന്തിനും ഏതിനും ഒരു കണക്ക് വേണമെന്നത് നമ്മുടെ നാടന്‍ പഴഞ്ചൊല്ലാണ്. നമ്മുക്കത് വെറും പഴഞ്ചൊല്ല് മാത്രമാകുമ്പോള്‍ പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാന്‍. എന്ത് കാര്യം ചെയ്യുമ്പോഴും ചില ഗണിതശാസ്ത്രയുക്തികള്‍ പ്രയോഗിക്കുന്നത് ജപ്പാന്‍റെ ഒരു രീതിയാണ്. അത്തരത്തില്‍ പതിനായിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തെ ജപ്പാന്‍ കൈകാര്യം ചെയ്യുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും പങ്കുവയ്ക്കപ്പെട്ടു. അതിന്‍റെ പത്തിലൊന്ന് പോലുമില്ലാത്ത ജനക്കൂട്ടം നമ്മുടെ റോഡിലേക്ക് ഇറങ്ങിയാല്‍ പിന്നെ മണിക്കൂറുകളോളം ഗതാഗത തടസമായിരിക്കും ഫലം. എന്നാല്‍, ജപ്പാന്‍ നിമിഷ നേരം കൊണ്ട് റോഡിലെ ഗതാഗതക്കുരുക്ക് അഴിക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.
മെഹ്ദി മൗസൈദ് എന്ന ഉപയോക്താവ് 2020-ൽ ട്വിറ്ററില്‍ പങ്കുവച്ചിരുന്ന വീഡിയോയാണ് ഇത്. കഴിഞ്ഞ 29 -ാം തിയതി വീണ്ടും ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടു. “ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ജപ്പാനിൽ ഉപയോഗിക്കുന്ന അങ്ങേയറ്റം ഗണിതശാസ്ത്രപരമായ സമീപനം,” എന്ന് കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 5,00,000-ലധികം ആളുകളെത്തുന്ന ടോക്കിയോ കോമിക് മാർക്കറ്റിന്‍റെ ടൈം-ലാപ്സ് വീഡിയോയായിരുന്നു അത്. ജാപ്പനീസ് ക്രൗഡ് മാനേജ്മെന്‍റ് രീതി അനുസരിച്ച്, മാർക്കറ്റിലെ സന്ദർശകരെ 7 നിരകളുള്ള വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഒരു കോളത്തിലെ ആളുകള്‍ മാറുമ്പോള്‍ ആ സ്ഥലത്തേക്ക് മറ്റൊരു കൂട്ടം ആളുകളെത്തി ചേരുന്നു. ഈ പ്രക്രിയ നിരന്തരം ആവര്‍ത്തിക്കുന്നു. പക്ഷേ ഒരിക്കല്‍ പോലും അതിനൊരു ഇടമുറിയല്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, എല്ലാവര്‍ക്കും കൃത്യമായ സമയത്ത് സ്ഥലത്ത് നിന്നും പുറത്ത് കടക്കാനും കഴിയുന്നു. ഇതിലൂടെ പ്രദേശത്ത് ഉണ്ടാകുമായിരുന്ന വലിയൊരു തിരക്കിനെ നിഷ്പ്രയാസം കൈകാര്യം ചെയ്യാനും കഴിയുന്നു.
പെന്‍ഷന്‍ വാങ്ങണം; ആറ് വര്‍ഷം അമ്മയുടെ മൃതദേഹം സൂക്ഷിച്ച് വച്ച് 60 വയസുകാരന്‍
ടൈം ലാപ്സ് വീഡിയോയില്‍ കറുത്ത വരകള്‍ ചലിക്കുകയും നിശ്ചലമാക്കപ്പെടുകയും ഇത് നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതും കാണാം. ഇതിന്‍റെ പ്രത്യേകതയെന്തെന്നാല്‍ ജനങ്ങള്‍ എല്ലാ ദിവസവും ഈ നിയമം യാതൊരു പരാതിയുമില്ലാതെ അനുസരിക്കുന്നുവെന്നതാണ്. ആളുകള്‍ ഒരു പരാതിയുമില്ലാതെ തങ്ങളുടെ കോളത്തില്‍ നില്‍ക്കുന്നു. തങ്ങളുടെ സമയമെത്തുമ്പോള്‍ അവിടെ നിന്നും പോകുന്നു. യാതൊരു പരാതിയും പരിഭവവും ഇല്ല. എല്ലാവരും തങ്ങളുടെ ഭാഗം ഭംഗിയായി ചെയ്യുന്നു.
വീഡിയോയുടെ മറ്റൊരു രസകരമായ വശം, ജനങ്ങൾ ഈ നിയമം എല്ലാ ദിവസവും പരാതിയില്ലാതെ പാലിക്കുന്നു എന്നതാണ്. ചിലർ ജപ്പാന്‍റെ തന്ത്രത്തെ പ്രശംസിച്ചപ്പോൾ, മറ്റ് ചിലര്‍ ഇത് എല്ലാ രാജ്യങ്ങൾക്കും പാലിക്കാൻ കഴിയില്ലെന്ന് അവകാശപ്പെട്ടു. 'നിർദ്ദേശങ്ങൾ പാലിക്കാൻ ആളുകൾ തയ്യാറാകണമെന്നത് വലിയ ഉത്തരവാദിത്വമാണ്.' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. “ഏറ്റവും അച്ചടക്കമുള്ള രാഷ്ട്രം,” മറ്റൊരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടു. "അത് ഒരിക്കലും യുഎസിൽ സാധ്യമാകില്ല." വേറൊരാള്‍ക്ക് അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലായിരുന്നു. വീഡിയോ ഇതിനകം 30 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
മുട്ടകള്‍ മോഷ്ടിക്കാനെത്തിയ കള്ളനെ തുരത്തിയോടിക്കുന്ന മൂങ്ങകള്‍; വൈറല്‍ വീഡിയോ