വലയില്‍ കുരുങ്ങിയ അമ്മയെ രക്ഷിക്കാന്‍ മനുഷ്യ സഹായം തേടുന്ന കൊലയാളി തിമിംഗല കുഞ്ഞുങ്ങള്‍; വൈറല്‍ വീഡിയോ !
തിമിംഗലങ്ങളുടെ പ്രത്യേകതരത്തിലുള്ള സമീപനത്തില്‍ സംശയം തോന്നിയ രക്ഷാപ്രവര്‍ത്തകര്‍ തിമിംഗല കുഞ്ഞുങ്ങളെ പിന്തുടര്‍ന്നു. രക്ഷാപ്രവര്‍ത്തകരെയും കൊണ്ട് കൊലയാളി തിമിംഗല കുഞ്ഞുങ്ങള്‍ പോയത് തങ്ങളുടെ അമ്മയുടെ അടുത്തേക്കായിരുന്നു.
ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള മൃഗം മനുഷ്യനാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍, അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച് ചില വീഡിയോകള്‍ മറ്റു ജീവികളിലും ഏറിയും കുറഞ്ഞു ബുദ്ധിയുണ്ടെന്നതിന് ഏറെ തെളിവുകള്‍ നല്‍കാന്‍ ഉതകുന്നവയായിരുന്നു. മെഡിക്കല്‍ ഷോപ്പില്‍ മുറിവേറ്റ ശരീരവുമായി കയറി ചെല്ലുന്ന മാനുകളുടെ വീഡിയോകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടിയിരുന്നു. പലപ്പോഴും വീട്ടിലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വീട്ടുടമസ്ഥന് മുന്നറിപ്പ് നല്‍കുന്ന പട്ടികളുടെയും പൂച്ചകളെയും കുറിച്ചുള്ള വാര്‍ത്തകളും നമ്മള്‍ നേരത്തെ വായിച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി രണ്ട് കൊലയാളി തിമിംഗല കുഞ്ഞുങ്ങള്‍ തങ്ങളുടെ അമ്മയെ രക്ഷിക്കാന്‍ മത്സ്യബന്ധന ബോട്ടുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചതും തുടര്‍ന്ന് അവരൊന്നിച്ച് അമ്മ തിമിംഗലത്തെ രക്ഷപ്പെടുത്തിയതിനെയും കുറിച്ചാണ്. മൃഗങ്ങള്‍ക്ക് മനുഷ്യന്‍ കരുതിയതിനെക്കാള്‍ ബുദ്ധി ശക്തിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ട്വിറ്ററില്‍ പ്രചരിച്ച വീഡിയോ. വീഡിയോ ഇതിനകം തൊണ്ണൂറ്റി നാല് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.
മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥനായ Alvin Foo തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയിലാണ് കൊലയാളി തിമിംഗല കുഞ്ഞുങ്ങള്‍ അമ്മയെ രക്ഷപ്പെടുത്താന്‍ മനുഷ്യ സഹായം തേടിയതിനെ കുറിച്ച് വിശദമാക്കിയത്. രക്ഷാപ്രവര്‍ത്തക ബോട്ടിന് സമീപമെത്തിയ കൊലയാളി തിമിംഗലക്കുഞ്ഞുങ്ങള്‍ (orca whales) ശബ്ദങ്ങളിലൂടെയും മറ്റും തങ്ങള്‍ പ്രശ്നത്തിലാണെന്ന് രക്ഷാപ്രവർത്തകരെ അറിയിക്കാന്‍ ശ്രമിക്കുന്നു. തിമിംഗലങ്ങളുടെ പ്രത്യേകതരത്തിലുള്ള സമീപനത്തില്‍ സംശയം തോന്നിയ രക്ഷാപ്രവര്‍ത്തകര്‍ തിമിംഗല കുഞ്ഞുങ്ങളെ പിന്തുടര്‍ന്നു. രക്ഷാപ്രവര്‍ത്തകരെയും കൊണ്ട് കൊലയാളി തിമിംഗല കുഞ്ഞുങ്ങള്‍ പോയത് തങ്ങളുടെ അമ്മയുടെ അടുത്തേക്കായിരുന്നു.
രക്ഷാപ്രവര്‍ത്തകരെത്തിയപ്പോള്‍ വാലില്‍ മത്സ്യബന്ധന വല കുരുങ്ങി മുന്നോട് നീങ്ങാന്‍ കഴിയാത്ത വിധത്തില്‍പ്പെട്ടു കിടക്കുകയായിരുന്നു അമ്മ തിമിംഗലം. രക്ഷാപ്രവര്‍ത്തകര്‍ ഉടനെ തന്നെ അമ്മ തിമിംഗലത്തിന്‍റെ വല മുറിച്ച് അതിനെ രക്ഷപ്പെടുത്തി. പിന്നാലെ അമ്മയും കുഞ്ഞുങ്ങളും സന്തോഷം പ്രകടിപ്പിക്കുകയും രക്ഷാ ബോട്ട് തിരികെ കരയ്ക്ക് സമീപമെത്തുന്നത് വരെ അവയെ പിന്തുടരുകയും ചെയ്തു. അപകടത്തില്‍പ്പെടുന്ന കടല്‍ ജീവികള്‍ ഇതാദ്യമായിട്ടല്ല മനുഷ്യന്‍റെ സഹായം തേടുന്നത്. നേരത്തെ ഡോള്‍ഫിനുകളും മറ്റും ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മനുഷ്യരുടെ സഹായം തേടുകയും ജീവിതത്തിലേക്ക് തിരിച്ച് വരികയും ചെയ്തിട്ടുണ്ട്.