ഒരു കൈയില്‍ കൈക്കുഞ്ഞ്, മറുകൈകൊണ്ട് റിക്ഷയോടിക്കുന്ന അമ്മയുടെ വീഡിയോ വൈറല്‍ !
'ഒരു അടിക്കുറിപ്പ് ആവശ്യമില്ല, അമ്മേ' എന്ന് കുറിച്ച് കൊണ്ട് രണ്ട് ദിവസം മുമ്പ് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ ലൈക്ക് ചെയ്തു.
ജീവിതം മുന്നോട്ട് നീക്കാന്‍ കൈക്കുഞ്ഞുങ്ങളുമായി പെടാപാടുപെടുന്ന അമ്മമാരെ പലപ്പോഴും നമ്മള്‍ തെരുവുകളില്‍ കണ്ടിട്ടുണ്ടാകും. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍, ആരെയും ആശ്രയിക്കാതെ തന്‍റെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ പാടുപെടുന്ന സ്ത്രീകള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഒരു അപൂര്‍വ്വ കാഴ്ചയല്ല. കഴിഞ്ഞ ദിവസം അത്തരത്തിലൊരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏറെ പേരുടെ ശ്രദ്ധനേടി. viralbhayani എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ഒരു അടിക്കുറിപ്പ് ആവശ്യമില്ല, അമ്മേ' എന്ന് കുറിച്ച് കൊണ്ട് രണ്ട് ദിവസം മുമ്പ് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ ലൈക്ക് ചെയ്തു.
ഉത്തര്‍ പ്രദേശിലെ ഏതോ നഗരത്തില്‍ നിന്നുള്ളതാണ് വീഡിയോ. ഒറു റിക്ഷാ സ്റ്റാന്‍റില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു സ്ത്രീയുടെ ഇ റിക്ഷയിലേക്ക് ആളുകള്‍ കയറുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. റിക്ഷയുടെ ഇന്‍റികേറ്ററിന് മുകളില്‍ ഒരു കാല്‍കയറ്റിവച്ചിരിക്കുന്ന സ്ത്രീയുടെ മടിയില്‍ ഒരു കൈക്കുഞ്ഞ് കിടക്കുന്നു. ആളുകള്‍ കയറിയ ഉടനെ തന്‍റെ കുഞ്ഞ് സ്വസ്ഥമായി ഉറങ്ങുന്നുണ്ടോയെന്ന് ശ്രദ്ധിച്ച ശേഷം ഒരു കൈകാണ്ട് അവര്‍ റിക്ഷ ഓടിച്ച് മുന്നോട്ട് നീങ്ങുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
കുട്ടിയെ ഒരു കൈയിലെടുത്ത് ജീവിതം മുന്നോട്ട് നീക്കാന്‍ പാടുപെടുന്ന ആ അമ്മയുടെ പോരാട്ടത്തെ നിരവധി പേര്‍ അഭിനന്ദിച്ചു. "എനിക്ക് അവളോട് ഭ്രാന്തമായ ബഹുമാനമുണ്ട്, കാരണം അവൾ അതിജീവിച്ചവളാണ്, മറുവശത്ത് എനിക്ക് അവളെക്കുറിച്ച് കരയണം, അവൾ എന്തിനാണ് ഇങ്ങനെ ഡ്രൈവ് ചെയ്യുന്നത്.'' ഒരു കാഴ്ചക്കാരി എഴുതി. "ഈ സ്ത്രീക്ക് സല്യൂട്ട്. വളരെ അഭിമാനിക്കുന്നു,” മറ്റൊരാള്‍ കുറിച്ചു. "ഈ വീഡിയോ കണ്ടതിന് ശേഷം എന്‍റെ ഹൃദയം തകർന്നു..." മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലര്‍ കുഞ്ഞിന്‍റെയും അമ്മയുടെയും സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു. ഒരു കൈയില്‍ കുഞ്ഞിനെയും പിടിച്ച് മറുകൈ കൊണ്ട് റിക്ഷ ഓടിക്കുന്നതിലുമുള്ള ആശങ്കയായിരുന്നു പലരും പ്രകടിപ്പിച്ചത്.