രണ്ടു വയസ്സുകാരനെ ഹിപ്പോപൊട്ടാമസ് വിഴുങ്ങി; കല്ലെറിഞ്ഞപ്പോള്‍ കുഞ്ഞിനെ ചര്‍ദ്ദിച്ചു!
അവിടെയുണ്ടായിരുന്ന ആളുകള്‍ ഹിപ്പൊപ്പൊട്ടാമസിന് നേരെ കല്ലുകള്‍ എറിയാന്‍ തുടങ്ങി. ഭാഗ്യമെന്ന് പറയട്ടെ ഹിപ്പോ ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തേക്ക് ഛര്‍ദ്ദിച്ചു.
ഉഗാണ്ടയില്‍ ഹിപ്പോപൊട്ടാമസ് വിഴുങ്ങിയ രണ്ടു വയസ്സുകാരന്‍ അത്ഭുതകരമായി ജീവനോടെ തിരിച്ചുവന്നു. ഒരു തടാകത്തിന്റെ കരയില്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെയാണ് ഹിപ്പൊപ്പൊട്ടാമസ് വിഴുങ്ങിയത്. ഭാഗ്യവശാല്‍, വിഴുങ്ങിയ ഉടന്‍ തന്നെ ഇത് പുറത്തേക്ക് ഛര്‍ദ്ദിച്ചതിനാല്‍ കുഞ്ഞിനെ ജീവനോടെ രക്ഷപ്പെടുത്താനായി.
വീടിനോട് ചേര്‍ന്നുള്ള തടാകത്തിന്റെ തീരത്താണ് രണ്ടു വയസ്സുകാരനായ ആണ്‍കുട്ടി കളിച്ചുകൊണ്ടിരുന്നത്. ഈ സമയം കുട്ടിയുടെ സമീപത്തു തന്നെയായി വീട്ടുകാരും മറ്റു ചില പ്രദേശവാസികളും ഉണ്ടായിരുന്നു. പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായി തടാകത്തിനുള്ളില്‍ നിന്നും പുറത്തേക്ക് വന്ന ഹിപ്പൊപ്പൊട്ടാമസ് ഞൊടിയിടയില്‍ കുഞ്ഞിനെ വിഴുങ്ങുകയായിരുന്നു.
ഇത് കണ്ട എല്ലാവരും പരഭ്രാന്തരായി. എങ്കിലും ഉടന്‍തന്നെ അവിടെയുണ്ടായിരുന്ന ആളുകള്‍ ഹിപ്പൊപ്പൊട്ടാമസിന് നേരെ കല്ലുകള്‍ എറിയാന്‍ തുടങ്ങി. ഭാഗ്യമെന്ന് പറയട്ടെ ഹിപ്പോ ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തേക്ക് ഛര്‍ദ്ദിച്ചു. കുഞ്ഞു പുറത്തേക്ക് വന്ന ഉടന്‍തന്നെ സമീപത്തായി നിന്നിരുന്ന അമ്മ കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഹിപ്പൊപ്പൊട്ടാമസിനെ കല്ലെറിഞ്ഞു ഓടിച്ചു.
ഇതുവരെ പേര് പുറത്തുവിട്ടിട്ടില്ലാത്ത കുട്ടിയെ അടുത്തുള്ള പട്ടണമായ ബ്വേരയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചിരിക്കുകയാണ. കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ജീവനോടെ രക്ഷപ്പെടുത്താന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍.
വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഭീകരമായ അവസ്ഥയിലൂടെയാണ് ഉഗാണ്ടയില്‍ നിന്നുള്ള ഈ രണ്ടു വയസ്സുകാരന്‍ കടന്നുപോയത്. വന്യമൃഗങ്ങളുടെ ആക്രമണത്തിന് മനുഷ്യര്‍ ഇരയാകുന്നതിന്റെ വാര്‍ത്തകള്‍ മുന്‍പും നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു വാര്‍ത്ത ഇത് ആദ്യമായിരിക്കും