'നരകത്തിലേക്കുള്ള വാതിൽ' എന്ന് കാഴ്ച്ചക്കാർ, അത്ഭുതമായി അകത്തുനിന്നും കത്തുന്ന മരം
നിരവധിപ്പേർ വീഡിയോയ്‍ക്ക് രസകരമായ കമന്റുകളിട്ടു. 'നരകത്തിലേക്കുള്ള വാതിൽ' എന്നാണ് ഒരാൾ ഈ കാഴ്ചയെ വിശേഷിപ്പിച്ചത്. 'അകത്ത് എന്തോ മാന്ത്രികത സംഭവിച്ചിരിക്കുന്നു' എന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്നാൽ, 'ഏതോ ഭൂഗർഭഖനിയിൽ തീ പിടിച്ചതാവാം' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
പ്രകൃതിക്ക് എപ്പോഴും അതിന്റേതായ വഴികളും രീതികളുമുണ്ട്. ചില നേരം അത് നമ്മെ ആശ്വസിപ്പിക്കുന്നതാണ് എങ്കിൽ ചിലനേരം അത് നമ്മെ ഭയപ്പെടുത്തുന്നതാവും. ഇടിമിന്നലുണ്ടാകുമ്പോൾ മരത്തിന് താഴെ നിൽക്കരുത് എന്ന് സാധാരണയായി പറയാറുണ്ട്. അതെത്രമാത്രം സത്യമാണ് എന്നും അതിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്നും സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണിത്.
സാധാരണയായി ഇടിമിന്നലേറ്റാൽ (Lightning) മര(Tree)ത്തിന്റെ മുകൾ ഭാഗം കത്തിപ്പോവാറുണ്ട്. അതുപോലെ വേരിനെ ബാധിക്കുകയും മരം നശിച്ച് പോവുകയും ചെയ്യാറുമുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായതാണ് ഈ മരത്തിന് സംഭവിച്ചത്. കാണുമ്പോൾ അത്ഭുതം എന്ന് തോന്നുന്ന കാഴ്ചയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്.
ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്ക് 'ഇടിമിന്നലേറ്റതിനെ തുടർന്ന് ഒരു മരം അകത്തുനിന്നും കത്തുന്നു' എന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. വീഡിയോയുടെ ആധികാരികതയെ പലരും ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ഇതിന് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. ഇത് ഫോട്ടോഷോപ്പ് ചെയ്തതാവാം എന്ന് അഭിപ്രായപ്പെട്ടവരുണ്ട് എങ്കിലും ഇത്തരം സംഭവങ്ങളുണ്ടാവുകയും അത് മുമ്പ് വാർത്തയാവുകയും ചെയ്തിട്ടുണ്ട് എന്ന് മറ്റ് പലരും അഭിപ്രായപ്പെട്ടു.
നിരവധിപ്പേർ വീഡിയോയ്‍ക്ക് രസകരമായ കമന്റുകളിട്ടു. 'നരകത്തിലേക്കുള്ള വാതിൽ' എന്നാണ് ഒരാൾ ഈ കാഴ്ചയെ വിശേഷിപ്പിച്ചത്. 'അകത്ത് എന്തോ മാന്ത്രികത സംഭവിച്ചിരിക്കുന്നു' എന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്നാൽ, 'ഏതോ ഭൂഗർഭഖനിയിൽ തീ പിടിച്ചതാവാം' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. എന്തായാലും നിരവധിപ്പേർ വീഡിയോ കാണുകയും കമന്റിടുകയും അത് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം, യുഎസിലെ ഒക്‌ലഹോമയിലെ അപ്പാർട്ട്‌മെന്റിന്റെ എക്‌സ്‌ഹോസ്റ്റ് വെന്റിലൂടെ ശക്തമായ ഇടിമിന്നൽ കടന്നുവന്ന് ഒരു ടോയ്ലെറ്റ് തകർന്നിരുന്നു. സംഭവം നടക്കുന്ന സമയത്ത് ടോയ്‍ലെറ്റിൽ ആരും ഉണ്ടായിരുന്നില്ല. ഇടിമിന്നലിൽ തകർന്ന ടോയ്‍ലെറ്റിന്റെ ചിത്രങ്ങൾ അന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.