Viral video: ആർമി വാർ കോളേജ് ക്യാംപസിൽ ചുറ്റിക്കറങ്ങി കടുവ!
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കണ്ടെത്തിയ മൃഗം കടുവയാണെന്ന് പറയാം. കഴിഞ്ഞ അഞ്ച് വർഷമായി ചൊറലിലും മണ്ടുവിലും കടുവകളെ കണ്ടിരുന്നു, എങ്കിലും മൊവ്വിൽ ഇതാദ്യമായിട്ടാണ് ഒരു കടുവയെ കാണുന്നത്.
വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് ഒരു പുതിയ കാര്യമല്ല. കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിലും കെട്ടിടങ്ങൾക്കടുത്തും ഒക്കെ വന്യമൃഗങ്ങളെ കാണാറുണ്ട്. അത്തരത്തിലുള്ള അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറും ഉണ്ട്. ഇപ്പോൾ ഇൻഡോറിലെ ആർമ്മി വാർ കോളേജിൽ ചുറ്റിത്തിരിയുന്ന കടുവയുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രികളിൽ ഗേറ്റ് നമ്പർ മൂന്നിന് അരികിലൂടെ നടക്കുന്ന കടുവയാണ് ക്യാംപസിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. എന്നാൽ, ഇതുവരെയും ഈ കടുവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്യാംപസിൽ പലയിടത്തും കുറ്റിക്കാടുകളാണ്. മൂന്നാം നമ്പർ ഗേറ്റിന് സമീപം സ്ഥാപിച്ച ക്യാമറയിൽ നിന്ന് ദൃശ്യങ്ങൾ പിടിച്ചെടുത്തതായി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പവൻ ജോഷി പറഞ്ഞു.
“ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കണ്ടെത്തിയ മൃഗം കടുവയാണെന്ന് പറയാം. കഴിഞ്ഞ അഞ്ച് വർഷമായി ചൊറലിലും മണ്ടുവിലും കടുവകളെ കണ്ടിരുന്നു, എങ്കിലും മൊവ്വിൽ ഇതാദ്യമായിട്ടാണ് ഒരു കടുവയെ കാണുന്നത്” എന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘവും ആർമ്മി വാർ കോളേജിന്റെ ക്വിക്ക് റെസ്‌പോൺസ് ടീമും (ക്യുആർടി) സ്ഥലത്ത് തിരച്ചിൽ നടത്തുകയാണെന്നും കാമ്പസ് മൊത്തം പരിശോധിക്കുന്നതിന് വേണ്ടി ഡ്രോൺ ക്യാമറ ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ റോഡരികിൽ നിന്നും വെള്ളം കുടിക്കുന്ന ഒരു ബംഗാൾ കടുവയുടെ വീഡിയോ ഇതുപോലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ തുടങ്ങുമ്പോൾ തന്നെ റോഡരികിൽ കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കുന്ന ഒരു കടുവയെയാണ് കാണുന്നത്. റോഡിലിരുന്ന് കൊണ്ട് വെള്ളം കുടിക്കുന്ന കടുവയുടെ ദൃശ്യങ്ങൾ പകർത്തിരിക്കുന്നത് ഒരു ഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്നാണ്. റോഡിന്റെ ഇരുവശത്തും കടുവ അവിടെ നിന്നും പോകുന്നതിന് വേണ്ടി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും വീഡിയോയിൽ കാണാമായിരുന്നു.