Mohammed Mehboob : പെൺകുട്ടി പാളത്തിലേക്ക് വീണു, ട്രെയിൻ പോകുന്നതുവരെ ചേർത്തുപിടിച്ച് ജീവന് കാവൽ നിന്ന് യുവാവ്
പാളത്തില്‍ വീണ പെണ്‍കുട്ടി അത് നീങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ എഴുന്നേല്‍ക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍, അവിടെനിന്നും രക്ഷപ്പെടുത്തിയെടുക്കാനുള്ള സമയവുമുണ്ടായിരുന്നില്ല.
ട്രെയിന്‍(Train) നീങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുമ്പ് പാളത്തില്‍ വീണ പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷിച്ച യുവാവിന് അഭിനന്ദനപ്രവാഹം. ഭോപ്പാലി(Bhopal)ലാണ് സംഭവം നടന്നത്. പ്രസ്തുത സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഈ മാസം അഞ്ചിന് നടന്ന അപകടം ആളുകളറിയുന്നത്. സ്വന്തം ജീവന്‍ പോലും കാര്യമാക്കാതെ പെണ്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയത് മുഹമ്മദ് മെഹബൂബ്(Mohammed Mehboob) എന്ന മുപ്പത്തിയേഴുകാരനാണ്.
പാളത്തിലേക്ക് വീണ പെണ്‍കുട്ടിയെ പിടിച്ചുകയറ്റാന്‍ സമയമില്ലാത്തതിനെ തുടര്‍ന്ന് മെഹബൂബ് അവളെ ചേര്‍ത്ത് പിടിച്ച് ട്രെയിനിന് താഴെ കിടക്കുകയായിരുന്നു. സുഹൃത്തിനൊപ്പം ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു
കാർപന്ററായിരുന്ന മെഹബൂബ്. എന്നാല്‍, ചുവന്ന വസ്ത്രം ധരിച്ച ആ പെണ്‍കുട്ടി പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നത് അപ്പോഴൊന്നും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. അപ്പോള്‍ ഒരു ഗുഡ്സ്ട്രെയിന്‍ വന്നുനിന്നു. പിന്നാലെ പാളം മുറിച്ച് കടക്കുകയായിരുന്നു. അപ്പോഴാണ് ഈ പെണ്‍കുട്ടി പാളത്തില്‍ വീണുകിടക്കുന്നത് കണ്ടത്. മറ്റൊന്നും നോക്കാതെ പാളത്തിലേക്ക് കുതിക്കുകയായിരുന്നു എന്ന് മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ക്കാണ് ഇങ്ങനെ ഒരു അപകടം നടന്നതെങ്കിലും താനിത് തന്നെ ചെയ്യുമായിരുന്നു എന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.
പാളത്തില്‍ വീണ പെണ്‍കുട്ടി അത് നീങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ എഴുന്നേല്‍ക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍, അവിടെനിന്നും രക്ഷപ്പെടുത്തിയെടുക്കാനുള്ള സമയവുമുണ്ടായിരുന്നില്ല. അതോടെയാണ് അങ്ങോട്ടെത്തിയ മെഹബൂബ് പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ച് വണ്ടി കടന്നുപോകുന്നത് വരെ കൂട്ടായി നിന്നത്. ട്രെയിന്‍ പോയതോടെ അതുവരെ ഭയന്നുനിന്നിരുന്ന ജനങ്ങള്‍ മെഹബൂബിനെ വളഞ്ഞ് അഭിനന്ദനമറിയിച്ചു. പെണ്‍കുട്ടി കാല്‍വഴുതി പാളത്തിലേക്ക് വീണുപോയതാണ് എന്നും മെഹബൂബിന്‍റെ ആത്മധൈര്യം ഒന്നുമാത്രമാണ് അവളെ ജീവനോടെ തിരിച്ചു കിട്ടാന്‍ കാരണം എന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളും പറഞ്ഞു.
ഏതായാലും അഞ്ചാം തീയതി നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് മെഹബൂബിനെ അഭിനന്ദിക്കുന്നത്.