യാത്രയയപ്പ് വേളയിൽ അധ്യാപകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാർത്ഥികൾ, ഹൃദയം തൊടുന്ന വീഡിയോ
യാത്രയയപ്പ് ദിവസം എടുത്ത വീഡിയോയിൽ നിരവധി കുട്ടികൾ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും കരയുന്നതും കാണാം. ചില കുട്ടികൾ അദ്ദേഹത്തെ പോകാൻ അനുവദിക്കാത്ത വണ്ണം മുറുക്കെ കെട്ടിപ്പിടിക്കുകയാണ്.
അധ്യാപകർക്ക് നമ്മുടെ ജീവിതത്തിൽ മിക്കവാറും വലിയ സ്ഥാനം നൽകാറുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നല്ല സൗഹൃദം ഉണ്ടാവാറുമുണ്ട്. അങ്ങനെ ഒരു അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
പ്രിയപ്പെട്ട അധ്യാപകനോ അധ്യാപികയ്ക്കോ ഒക്കെ യാത്രയയപ്പ് നൽകേണ്ടി വരുന്നത് പലപ്പോഴും വേദനാജനകം തന്നെ ആയിരിക്കും. ഉത്തർ പ്രദേശിൽ ഒരു അധ്യാപകന് വിദ്യാർത്ഥികൾ നൽകിയ യാത്രയയപ്പിൽ നിന്നുള്ള ഒരു രംഗം അതുപോലെ ഇന്റർനെറ്റിൽ വൈറലാവുകയാണ്. കരഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനോട് യാത്ര പറയുന്നത്. ഈ വീഡിയോയിൽ നിന്നു തന്നെ എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു അവർക്ക് തങ്ങളുടെ അധ്യാപകൻ എന്നത് വ്യക്തമാണ്.
ഉത്തർ പ്രദേശിൽ സാധാരണ ഇത്തരമൊരു കാഴ്ച വിരളമാണ്. സ്ഥലം മാറ്റം കിട്ടി പോകുന്ന അധ്യാപകനെ കരഞ്ഞുകൊണ്ട് യാത്രയാക്കുന്ന കാഴ്ച. ആരുടെയും ഹൃദയത്തെ തൊടുന്നതാണ് ഇന്റർനെറ്റിൽ വൈറലാവുന്ന വീഡിയോ. ചന്ദുവാലിയിലെ റായ്ഗഡ് പ്രൈമറി സ്‌കൂളിലേക്ക് നാല് വർഷം മുമ്പാണ് ശിവേന്ദ്ര സിംഗ് അധ്യാപകനായി വരുന്നത്. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന് സ്ഥലം മാറ്റം കിട്ടിയിരിക്കുകയാണ്.
യാത്രയയപ്പ് ദിവസം എടുത്ത വീഡിയോയിൽ നിരവധി കുട്ടികൾ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും കരയുന്നതും കാണാം. ചില കുട്ടികൾ അദ്ദേഹത്തെ പോകാൻ അനുവദിക്കാത്ത വണ്ണം മുറുക്കെ കെട്ടിപ്പിടിക്കുകയാണ്. അദ്ദേഹം പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അവസാനം കരഞ്ഞുപോവുകയാണ്.
സ്കൂളിലെ അധ്യാപകർക്കും ശിവേന്ദ്ര സിംഗിനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ്. വേറിട്ടതും മികച്ചതുമായ അധ്യാപന രീതിയിലൂടെ അദ്ദേഹം വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടവനാവുകയായിരുന്നു. നന്നായി പഠിക്കണം, നാമിനിയും പെട്ടെന്ന് തന്നെ കാണും എന്നൊക്കെ അദ്ദേഹം പോകുന്ന വേളയിൽ വിദ്യാർത്ഥികളോട് പറയുന്നത് കേൾക്കാം.
ഏതായാലും വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്.