ലേ പാമ്പ്: എന്തൊക്കെയാടാ ഇവിടെ നടക്കുന്നേ? ശരീരത്തിലാകെ ഇഴയുന്ന പാമ്പുകൾ, സ്നേക് യോഗയുമായി സ്റ്റുഡിയോ
പാമ്പുകൾ ശരീരത്തിലൂടെ ഇഴയുമ്പോൾ പതിയെ പതിയെ ആളുകളുടെ ഭയവും ഇല്ലാതായി മാറും എന്നാണ് ഈ യോഗ സ്റ്റുഡിയോ അവകാശപ്പെടുന്നത്.
യോഗയെക്കുറിച്ചും അതിൻ്റെ നിരവധി ഗുണങ്ങളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടാവും. ചിലപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഗോട്ട് യോഗ പോലുള്ള വിചിത്രമായ ട്രെൻഡുകളും നമുക്ക് പരിചിതമായിരിക്കാം. എന്നാൽ, സ്നേക്ക് യോഗയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
പാമ്പിനെ പേടിയുള്ള ഒരാളാണ് നമ്മളെങ്കിൽ ഇത് ഓർക്കാൻ പോലും വയ്യ അല്ലേ? എന്നാൽ, പാമ്പിനെ പേടിയുള്ളവർക്ക് വേണ്ടി എന്നു പറഞ്ഞുകൊണ്ട് കാലിഫോർണിയയിലെ കോസ്റ്റ മെസയിലുള്ള യോഗ സ്റ്റുഡിയോയായ LXRYOGA ആണ് സ്നേക്ക് യോഗാ പരിശീലനം നൽകുന്നത്.
എന്നാലും, ഇതല്പം കടന്നുപോയി, അത്രയും വന്യമായ ഒരു രീതി സ്വീകരിക്കണമായിരുന്നോ എന്നെല്ലാം നമുക്ക് തോന്നുമെങ്കിലും ആ ചിന്തകളിൽ നിന്നും ഭയത്തിൽ നിന്നുമെല്ലാം ആളുകളെ മോചിപ്പിക്കാനാണത്രെ ഈ യോഗയിൽ പരിശീലനം നൽകുന്നത്.
സ്റ്റുഡിയോയിൽ തന്നെ വളർത്തുന്ന അപകടകാരികളല്ലാത്ത 8 പാമ്പുകളെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. പാമ്പുകൾ ശരീരത്തിലൂടെ ഇഴയുമ്പോൾ പതിയെ പതിയെ ആളുകളുടെ ഭയവും ഇല്ലാതായി മാറും എന്നാണ് ഈ യോഗ സ്റ്റുഡിയോ അവകാശപ്പെടുന്നത്.
മൃഗങ്ങളുമായുള്ള മറ്റ് യോഗകൾ പോലെ ഇതൊരു തട്ടിപ്പല്ല എന്നാണ് LXRYOGA യുടെ സഹ സ്ഥാപകൻ ടെസ് കാവോ അവകാശപ്പെടുന്നത്. പാമ്പുകളുമായി എങ്ങനെ സുരക്ഷിതമായി, ഭയമില്ലാതെ ഇടപഴകണമെന്ന് യോഗ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആളുകൾക്ക് പഠിപ്പിച്ചു കൊടുക്കുമെന്നും ടെസ് പറയുന്നു.
ഇത് അസാധാരണമായ എന്തെങ്കിലും പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പരീക്ഷിച്ച് നോക്കാവുന്ന ഒന്നാണ് എന്നും ടെസ് പറയുന്നുണ്ട്. നിരവധിപ്പേരാണ് ഇവിടെ സ്നേക്ക് യോഗ പരിശീലനത്തിനായി എത്തുന്നത്.
എന്നാൽ ഇത് ജീവികളോട് കാണിക്കുന്ന ക്രൂരതയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. മാത്രമല്ല, ഇതിനെ യോഗ എന്ന് പറയാൻ സാധിക്കില്ല എന്നും ഇതല്ല യോഗ എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം