അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് ലോകമഹായുദ്ധകാലത്തെ ബോംബ്, വൈറലായി വീഡിയോ
ഫെബ്രുവരി 10 -ന് ബോംബ് സ്‌ഫോടനത്തെ തുടർന്ന് പൊലീസിന് സൗത്ത് ടൗൺ റോഡ് അടച്ചിടേണ്ടി വന്നു. അവശിഷ്ടങ്ങൾ നീക്കി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി പിന്നീട് വീണ്ടും റോഡ് തുറന്ന് കൊടുത്തു.
ലോകത്ത് മഹായുദ്ധകാലത്തെ പൊട്ടാത്ത ബോംബുകൾ പലയിടത്തും ഉള്ളതായി നമുക്ക് അറിയാം. എന്നാൽ, അപ്രതീക്ഷിതമായി അത് പൊട്ടിയാലോ? അങ്ങനെ സംഭവിച്ചു. നോർഫോക്കിലെ ഗ്രേറ്റ് യാർമൗത്തിലാണ് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ഇതിന്റെ വീഡിയോ ക്യാമറയിൽ പതിഞ്ഞു.
നോർഫോക്ക് നഗരത്തിലെ ഒരു റിവർ ക്രോസിംഗിന് സമീപമായിട്ടാണ് ബോംബ് കണ്ടെത്തിയിരുന്നത്. ഉദ്യോഗസ്ഥർ ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുകയായിരുന്നു എന്നും എന്നാൽ ബോംബ് പൊട്ടിത്തെറിച്ചു എന്നും നോർഫോക്ക് പൊലീസ് പറയുന്നു. എന്നാൽ, ഭാഗ്യവശാൽ ഇതിൽ ആർക്കും പരിക്കില്ല. ഡ്രോൺ ക്യാമറയിലാണ് ബോംബ് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
#GreatYarmouth -ലെ സ്ഫോടനശേഷിയുള്ള ബോംബ് നിർവീര്യമാക്കുന്നതിനിടെ അതിന് മുമ്പായി തന്നെ പൊട്ടിത്തെറിച്ചു. ഞങ്ങളുടെ ഡ്രോൺ ആ കാഴ്ച ആ നിമിഷം തന്നെ പകർത്തി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുമ്പോൾ പൊതുസുരക്ഷ തന്നെ ആയിരുന്നു തങ്ങളുടെ മുൻഗണന എന്ന് നോർഫോക്ക് പൊലീസ് ട്വീറ്റ് ചെയ്തു.
ഫെബ്രുവരി 10 -ന് ബോംബ് സ്‌ഫോടനത്തെ തുടർന്ന് പൊലീസിന് സൗത്ത് ടൗൺ റോഡ് അടച്ചിടേണ്ടി വന്നു. അവശിഷ്ടങ്ങൾ നീക്കി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി പിന്നീട് വീണ്ടും റോഡ് തുറന്ന് കൊടുത്തു. റോഡ് ബോംബ് സ്ഫോടനത്തെ തുടർന്നുണ്ടായ അവശിഷ്ടങ്ങളെല്ലാം നീക്കി തുറന്ന് കൊടുത്തിട്ടുണ്ട് എന്നും ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു. കുറച്ച് ചില്ലറ പണികൾ ഇനിയും ബാക്കിയുണ്ട് എന്നും ഇതിൽ സഹകരിച്ച എല്ലാവർക്കും നന്ദി ഉണ്ട് എന്നും പൊലീസ് പറഞ്ഞു.
അതേ സമയം സാമൂഹിക മാധ്യമങ്ങളിൽ നിരവധിപ്പേർ ബോംബ് പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ പങ്കു വച്ചു.