വീട്ടിലൊരു മ്ലാവ്, പിടിച്ചുകെട്ടി വനം വകുപ്പ്, വീഡിയോ വൈറൽ, വിമർശനവും...
ചിത്രത്തിൽ വീടിന്റെ വരാന്തയിൽ നിൽക്കുന്ന മ്ലാവ് ക്യാമറയിലേക്ക് തന്നെ നോക്കുന്നതായി കാണാം. മറ്റൊരു വീഡിയോയിൽ വനം വകുപ്പിൽ നിന്നുള്ളവർ മ്ലാവിനെ പിടിച്ചു കെട്ടുന്നത് കാണാം.
വന്യമൃഗങ്ങൾ വീട്ടിൽ കയറി വരുന്നത് ഇന്ന് പതിവാണ്. എന്നാൽ, ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും വിദൂരപ്രദേശങ്ങളിലും അതൊരു പുതിയ കാര്യമല്ല. നേരത്തെ തന്നെ ഇങ്ങനെ മൃഗങ്ങൾ വീട്ടിൽ കയറി വരാറുണ്ട്. അതുപോലെ വീട്ടിൽ കയറി വന്നൊരു മ്ലാവിനെ സുരക്ഷിതമാക്കി കൊണ്ടുപോവുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. മ്ലാവ് കയറിയത് മധ്യപ്രദേശിലെ ഒരു വീട്ടിലാണ്.
ഇന്റർനെറ്റിൽ വൈറലാവുന്ന വീഡിയോയിൽ മ്ലാവ് മധ്യപ്രദേശിലെ ഒരു വീട്ടിൽ ചുറ്റിക്കറങ്ങുന്ന വീഡിയോ കാണാം. പിന്നീട്, ആ മ്ലാവിനെ ഉദ്യോഗസ്ഥർ വന്ന് രക്ഷിക്കുന്നതും കാണാം. മധ്യപ്രദേശിലെ കട്‍നിയിലാണ് സംഭവം നടന്നത്. അതിനെ പിടികൂടുന്നതിന് മുമ്പായി അത് അവിടമാകെ ചുറ്റിക്കറങ്ങുന്നത് കാണാം.
ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ഉദ്യോഗസ്ഥനായ ഗൗരവ് ശർമ്മയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്, മ്ലാവ് ഇന്ന് പ്രശസ്തനാണ് എന്നും കട്നിയിലെ വിജയ്റാഗഡിലുള്ള ഒരു വീട്ടിൽ നിന്നും ആർഒ വിവേക് ജെയിനും സംഘവും ഇതിനെ രക്ഷപ്പെടുത്തുമ്പോൾ ആയിരത്തോളം ആളുകൾ ഇതിന് സാക്ഷിയായിട്ടുണ്ട് എന്നും അദ്ദേഹം അടിക്കുറിപ്പിൽ സൂചിപ്പിച്ചു.
ചിത്രത്തിൽ വീടിന്റെ വരാന്തയിൽ നിൽക്കുന്ന മ്ലാവ് ക്യാമറയിലേക്ക് തന്നെ നോക്കുന്നതായി കാണാം. മറ്റൊരു വീഡിയോയിൽ വനം വകുപ്പിൽ നിന്നുള്ളവർ മ്ലാവിനെ പിടിച്ചു കെട്ടുന്നത് കാണാം. ആദ്യം ഒരു വലയിലാക്കുകയും പിന്നീട് ഒരു കയറെടുത്ത് അതിനെ കെട്ടുകയും ആണ് അവർ ചെയ്യുന്നത്. ഒപ്പം തന്നെ ഉദ്യോഗസ്ഥർ പ്രദേശത്തുള്ള ആളുകളുടെ സഹായവും ഇതിന് വേണ്ടി തേടുന്നുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതോടെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. ഒരാൾ ചോദിച്ചത് വെറുമൊരു മ്ലാവിനെ പിടികൂടാൻ ഇത്രയും വലിയ നാടകങ്ങളുടെയും ആൾക്കൂട്ടത്തിന്റെയും ഒക്കെ ആവശ്യം ഉണ്ടായിരുന്നോ എന്നാണ്. മ്ലാവ് ആക്രമണസ്വഭാവമുള്ള മൃഗമല്ല എന്നും അതിനാൽ തന്നെ ഇത്രയൊന്നും ബഹളത്തിന്റെ ആവശ്യമില്ലെന്നും അയാൾ കമന്റിൽ പറയുന്നു.