ജീപ്പിനടുത്തേക്ക് ഓടിയടുത്ത് കാണ്ടാമൃഗങ്ങൾ, പേടിച്ചുവിറച്ച് സഞ്ചാരികൾ, ജീപ്പ് മറിഞ്ഞു, വൈറൽ വീഡിയോ
എങ്ങനെയെങ്കിലും സുരക്ഷിതമായ ഒരിടത്ത് എത്തണം എന്ന് കരുതിയാണ് ഡ്രൈവർ വാഹനം എടുക്കുന്നത്. എന്നാൽ, ആ സമയത്ത് അബദ്ധത്തിൽ വാഹനം റോഡിന് പുറത്തേക്ക് മറിയുകയാണ്.
സഫാരി ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്നാൽ, സഫാരിക്കിടെ ചിലർക്ക് ചില മറക്കാനാവാത്ത അനുഭവങ്ങളുണ്ടാവും. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ ആകാശ് ദീപ് ബധവാനാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചത്.
ഒരു സഫാരി ജീപ്പിനെ കാണ്ടാമൃഗങ്ങൾ പിന്തുടരുന്നതാണ് വീഡിയോയിൽ. തുടർന്ന് ജീപ്പ് മൺപാതയിലേക്ക് മറിഞ്ഞ് വീഴുന്നതും കാണാം. ഒരുകൂട്ടം വിനോദ സഞ്ചാരികൾ കാണ്ടാമൃഗങ്ങളുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. മൃഗങ്ങൾ വളരെ വേഗത്തിലാണ് ജീപ്പിനെ സമീപിക്കുന്നത്. ഡ്രൈവർ വണ്ടി റിവേഴ്സ് എടുക്കാനും ശ്രമിക്കുന്നുണ്ട്. ആ സമയത്ത് വിനോദസഞ്ചാരികൾ ആകെ ആശങ്കയിലാവുന്നു. അവരുടെ ഉത്കണ്ഠ വീഡിയോയിൽ നിന്നും വ്യക്തമാണ്.
എങ്ങനെയെങ്കിലും സുരക്ഷിതമായ ഒരിടത്ത് എത്തണം എന്ന് കരുതിയാണ് ഡ്രൈവർ വാഹനം എടുക്കുന്നത്. എന്നാൽ, ആ സമയത്ത് അബദ്ധത്തിൽ വാഹനം റോഡിന് പുറത്തേക്ക് മറിയുകയാണ്. എന്നാൽ, കാണ്ടാമൃഗങ്ങൾ ജീപ്പിലുള്ളവരുടെ അടുത്തേക്ക് പോകാതെ കാട്ടിലേക്ക് അപ്രത്യക്ഷമായി. സഫാരി യാത്രകൾ നടത്തുന്നതിനിടയിൽ സ്വീകരിക്കേണ്ടുന്ന സുരക്ഷാ മുൻകരുതലുകളെ കുറിച്ച് തന്റെ പോസ്റ്റിൽ ഐഎഫ്എസ് ഓഫീസർ സൂചിപ്പിക്കുന്നുണ്ട്. സാഹസികമായ കായികവിനോദങ്ങളിൽ ഏർപ്പെടുത്തുന്ന സുരക്ഷാ മുൻകരുതലുകൾ ഇത്തരം വിനോദസഞ്ചാരങ്ങളിലും ഏർപ്പെടുത്തണമെന്നും സഫാരികൾ സാഹസിക വിനോദമായി മാറിക്കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം എഴുതി.
പശ്ചിമ ബംഗാളിലെ ജൽദാപര നാഷണൽ പാർക്കിലാണ് ഈ സംഭവം നടന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ ആളുകൾ കണ്ടത്. ഇത് അപകടകരമായ കാര്യമാണ് എന്ന് പലരും എഴുതി. ഒരാൾ എഴുതിയത് മൊബൈൽ ഫോണിൽ പടവും വീഡിയോയും എടുക്കുന്നതിന് വേണ്ടിയാണ് പലപ്പോഴും ജീവികളുടെ അടുത്ത് പോകുന്നത്, അത് നിരോധിക്കണം എന്നാണ്.
വീഡിയോ കാണാം: