തുറന്നുവച്ച ഭക്ഷണം, പാത്രത്തിനകത്ത് എലി, ഐആര്‍സിടിസി സ്റ്റാളുകളിലെ അവസ്ഥ ഇതാണ്, വൈറലായി പോസ്റ്റ്
വീഡിയോയുടെ കാപ്ഷനിൽ എഴുതിയിരിക്കുന്നത്, 'എലികളാണ് ഐആർസിടിസി ഫുഡ് ഇൻസ്പെക്ഷൻ ഡ്യൂട്ടിയിൽ ഉള്ളത്' എന്നാണ്.
യാത്രകളിൽ ഭക്ഷണം കഴിക്കാനുള്ള ഒരു ഓപ്ഷനാണ് ഐആർസിടിസി സ്റ്റോറുകളിൽ നിന്നും വാങ്ങിക്കഴിക്കുക എന്നത്. എന്നാൽ, അതിൽ ഒട്ടും വൃത്തിയില്ല എന്ന അവസ്ഥയാണെങ്കിൽ എന്തു ചെയ്യും? വൃത്തിയുള്ള ഭക്ഷണം എല്ലാ മനുഷ്യരുടെയും അവകാശമാണ് അല്ലേ? എന്നാൽ, കഴിഞ്ഞ ദിവസം ഒരാൾ എക്സിൽ ഷെയർ ചെയ്ത ഒരു വീഡിയോ ഇതിനെയെല്ലാം ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്.
Saurabh • A Railfan എന്ന യൂസറാണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു റെയിൽവേ സ്റ്റേഷനിലെ ഐആർസിടിസി സ്റ്റോറാണ്. അവിടെ പലതരം സാധനങ്ങളും വിൽക്കാൻ വച്ചിരിക്കുന്നത് കാണാം. എന്നാൽ, ക്യാമറ ഫോക്കസ് ചെയ്യുന്നത് അതിലേക്കൊന്നുമല്ല. അവിടെ ഒരു പാത്രത്തിൽ എലിയിരിക്കുന്നതിലേക്കാണ്. സ്നാക്ക്സ് അടക്കം ഭക്ഷണസാധനങ്ങൾ തുറന്ന് വച്ചിരിക്കുന്ന ഒരിടത്താണ് ഇങ്ങനെ എലിയെ കാണുന്നത് എന്നതാണ് നമ്മെ കൂടുതൽ ആശങ്കയിൽ പെടുത്തുക.
വീഡിയോയുടെ കാപ്ഷനിൽ എഴുതിയിരിക്കുന്നത്, 'എലികളാണ് ഐആർസിടിസി ഫുഡ് ഇൻസ്പെക്ഷൻ ഡ്യൂട്ടിയിൽ ഉള്ളത്' എന്നാണ്. 'താൻ റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരിൽ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കാത്തതിന് കാരണം ഇതാണ്' എന്നും ഒപ്പം കുറിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഇടാർസി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ഒപ്പം ഐആർസിടിസി, റെയിൽവേ മന്ത്രാലയം, റെയിൽവേ മന്ത്രി ഇവരെ ഒക്കെയും പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുമുണ്ട്.
വളരെ പെട്ടെന്ന് തന്നെ റെയിൽവേ അധികൃതർ പോസ്റ്റിനോട് പ്രതികരിച്ചു. എത്രയും പെട്ടെന്ന് സംഭവം അന്വേഷിക്കും എന്നാണ് അധികൃതർ ഉറപ്പ് നൽകിയത്. ഒപ്പം വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഭോപ്പാൽ ഡിവിഷൻ സംഭവത്തെ കുറിച്ച് അന്വേഷിച്ച് വേണ്ട നടപടി എടുക്കും എന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, കനത്ത രോഷമാണ് വീഡിയോ കണ്ട് ആളുകളിൽ നിന്നും ഉണ്ടായിരിക്കുന്നത്. ട്രെയിനുകളിലെ സൗകര്യക്കുറവും വൃത്തിയില്ലായ്മയും അടക്കം കുറേനാളുകളായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം