കലിവരാതെ പിന്നെ; നായവിസർജ്ജ്യം കലക്കി യാത്രക്കാരുടെ തലവഴി ഒഴിക്കും, യൂട്യൂബർ അറസ്റ്റിൽ
പ്രാങ്ക് കാരണം സഹികെട്ട ആരോ പോയി പരാതി നൽകി. ഒപ്പം ബ്രസ്സൽസ് ഇന്റർകമ്മ്യൂണൽ ട്രാൻസ്പോർട്ട് കമ്പനി (STIB) യും ചേർന്നു. സ്ഥിരമായി ആളുകളെ ശല്ല്യം ചെയ്യുന്നു എന്നായിരുന്നു പരാതി.
ചില യൂട്യൂബർമാരുടെ പ്രാങ്കുകൾ കൊണ്ട് മിക്കവാറും ജനങ്ങൾ പൊറുതിമുട്ടാറുണ്ട്. പറഞ്ഞിട്ടെന്താ കാര്യം, എന്നാലും കൂടുതൽ കൂടുതൽ കാഴ്ച്ചക്കാരെ സൃഷ്ടിക്കുന്നതിന് വേണ്ടി കൂടുതൽ കൂടുതൽ പ്രാങ്കുകളുമായി ഓരോ ദിവസവും ഈ യൂട്യൂബർമാർ ഇറങ്ങും. എന്നാൽ, അതുപോലെ പ്രാങ്കുകൊണ്ട് സഹികെട്ട് ഒടുക്കം നാട്ടുകാർ പരാതിയുമായി ചെന്നതിന് പിന്നാലെ ഒരു യൂട്യൂബറിനെ അറസ്റ്റ് ചെയ്തു.
ബ്രസ്സൽസിൽ നിന്നുള്ള ഒരു യൂട്യൂബറിനാണ് കൈവിട്ട പ്രാങ്ക് ചെയ്ത് പണി കിട്ടിയത്. YaNike എന്നാണ് ഇയാളുടെ പേര്. സ്ഥിരമായി ഇയാളുടെ പ്രാങ്ക് നായയുടെ വിസർജ്ജനമടക്കമുള്ള വെള്ളം തയ്യാറാക്കി അത് സബ്‍വേ വഴി യാത്ര ചെയ്യുന്നവരുടെ തലവഴി ഒഴിക്കുക എന്നതാണ്. നായയുടെ വിസർജ്ജ്യം, എണ്ണ, കരിയിലകൾ തുടങ്ങിയവയൊക്കെ കൂട്ടിച്ചേർത്താണ് ഇയാൾ വെള്ളം തയ്യാറാക്കുന്നത്. ശേഷം സബ്‍വേയിൽ കയറും. എവിടെയെങ്കിലും വാഹനം നിർത്തുമ്പോൾ ആരുടെയെങ്കിലും തലവഴി ഒഴിച്ചിട്ട് ഓടിക്കളയും. ഇതായിരുന്നു ഇയാളുടെ സ്ഥിരം പ്രാങ്ക്. ഓടിപ്പോകുന്നതിനാൽ തന്നെ ഇയാളെ പിടിക്കാനും കഴിഞ്ഞിരുന്നില്ല.
ഏതായാലും പ്രാങ്ക് കാരണം സഹികെട്ട ആരോ പോയി പരാതി നൽകി. ഒപ്പം ബ്രസ്സൽസ് ഇന്റർകമ്മ്യൂണൽ ട്രാൻസ്പോർട്ട് കമ്പനി (STIB) യും ചേർന്നു. സ്ഥിരമായി ആളുകളെ ശല്ല്യം ചെയ്യുന്നു എന്നായിരുന്നു പരാതി. ഏതായാലും പരാതിയെ തുടർന്ന് പൊതുമുതൽ നശിപ്പിക്കുക, പൊതുസ്ഥലത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുക, അക്രമം നടത്തുക തുടങ്ങിയവ കാണിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
STIB വക്താവ് പറയുന്നത് ഈ യുവാവ് തന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം സമ്മതിച്ചു എന്നാണ്. തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടം പോലെ ലൈക്ക് കിട്ടാൻ വേണ്ടിയാണ് താൻ ഇത് ചെയ്തത് എന്നാണത്രെ ഇയാൾ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം