സ്റ്റോറിലെത്തി അലമ്പുണ്ടാക്കി, 'സാന്താക്ലോസി'നെ അറസ്റ്റ് ചെയ്‍ത് പൊലീസ്
ഒടുവിൽ ബലം പ്രയോഗിച്ച് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതിനായി ഇയാളെ നിലത്ത് വീഴ്ത്തേണ്ടിയും കുരുമുളക് സ്പ്രേ പ്രയോഗിക്കേണ്ടിയും വന്നു.
അവധിക്കാലം വളരെ രസകരമായ പല കാര്യങ്ങളും നടക്കുന്ന സമയമാണ്. ക്രിസ്‍മസ് പോലുള്ള ആഘോഷവേളകളും അങ്ങനെ തന്നെ. സന്തോഷത്തിന്റേതായ അനവധി മുഹൂർത്തങ്ങൾ ആ സമയത്ത് ഉണ്ടാകുമെങ്കിലും അതുപോലെ തന്നെ വിചിത്രമായ പല കാര്യങ്ങളും നടക്കാറുണ്ട്. ചിലർ മദ്യപിക്കും, ചിലർ മദ്യപിച്ച് ബഹളമുണ്ടാക്കും, ചിലർ വെറുതെ അലമ്പുണ്ടാക്കും. ഏതായാലും, ഓസ്ട്രേലിയയിലും അതുപോലെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. മറ്റൊന്നുമല്ല, സന്താക്ലോസിന്റെ വേഷം ധരിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.
പ്രമുഖ ഹാർഡ്‍വെയർ ചെയിനായ ബണ്ണിംഗ്സിൽ വച്ചാണ് സാന്താക്ലോസ് അറസ്റ്റ് ചെയ്യപ്പെട്ടത്. സംഭവം തുടങ്ങിയത് സാന്താക്ലോസിന്റെ രൂപം ധരിച്ച് ഒരാൾ ഷോപ്പിനകത്തേക്ക് കയറിയതോടെയാണ്. സ്റ്റോർ മാനേജരും ജീവനക്കാരും സാന്താക്ലോസിന്റെ വേഷം ധരിച്ച ആളോട് അവിടെ നിന്നും എത്രയും പെട്ടെന്ന് ഇറങ്ങിപ്പോവാൻ പറയുന്നുണ്ട്. എന്നാൽ, അയാൾ അതിന് സമ്മതിക്കുന്നില്ല.
ഇതോടെയാണ് പ്രശ്നം പരിഹരിക്കാൻ പൊലീസിന് സ്റ്റോറിൽ എത്തേണ്ടി വന്നത്. എന്നാൽ, പൊലീസ് എത്തിയിട്ടും കാര്യമുണ്ടായിരുന്നില്ല. അയാൾ അപ്പോഴും അവിടെ നിന്നും മാറാൻ തയ്യാറായില്ല. വിക്ടോറിയ പൊലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞത്, ഒരു മണിക്ക് പൊലീസിന് ഒരു ഫോൺ വന്നു. അതിൽ ഒരാൾ സ്റ്റോറിലെത്തി മോശമായി പെരുമാറുന്നു. പോകാൻ തയ്യാറാവുന്നില്ല എന്നാണ് പറഞ്ഞത്. ജീവനക്കാർ അയാളോട് സ്റ്റോറിൽ നിന്നും ഇറങ്ങിപ്പോവാൻ പറഞ്ഞെങ്കിലും അയാളതിന് തയ്യാറായിരുന്നില്ല. അവസാനം ഓഫീസേഴ്സിന് അങ്ങോട്ട് പോകേണ്ടി വന്നു. എന്നാൽ അവർ പറഞ്ഞിട്ടും അയാൾ പോകാൻ തയ്യാറായില്ല. മാത്രമല്ല, അവരെ ആക്രമിക്കാനും തുനിഞ്ഞു.
ഒടുവിൽ ബലം പ്രയോഗിച്ച് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അതിനായി ഇയാളെ നിലത്ത് വീഴ്ത്തേണ്ടിയും കുരുമുളക് സ്പ്രേ പ്രയോഗിക്കേണ്ടിയും വന്നു. ഒടുവിൽ ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾ തങ്ങളുടെ സ്റ്റോറിലെ ജീവനക്കാരല്ല എന്ന് സ്റ്റോറും പറഞ്ഞു. ഇതിനേക്കാളൊക്കെ വിചിത്രം അതേ ദിവസം തന്നെ മറ്റൊരാൾ കൂടി സാന്താക്ലോസിന്റെ വേഷം കെട്ടി അതേ സ്റ്റോറിലെത്തി പ്രശ്നം സൃഷ്ടിച്ചു എന്നതാണ്.
ഏതായാലും ഒരു ടിക്ടോക്ക് യൂസറാണ് സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.