ഫ്ലൈറ്റ് അറ്റൻഡന്റായ അമ്മയ്‍ക്കൊപ്പം പൈലറ്റായ മകന്റെ ആദ്യയാത്ര, കയ്യടിച്ച് യാത്രക്കാർ
'യുണൈറ്റഡിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് വർഷമായെങ്കിലും ഇന്നാണ് നമുക്ക് ഒരുമിച്ച് ജോലി ചെയ്യാൻ കഴിഞ്ഞത്. തൻറെ ജീവിതത്തിലും കരിയറിലും ഏറ്റവും വലിയ പിന്തുണ തന്റെ അമ്മയായിരുന്നു.'
ജീവിതത്തിലെ ചില നിമിഷങ്ങൾ മതി എക്കാലവും നമുക്ക് ഓർത്തു വയ്ക്കാൻ. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആ മൊമന്റ് എന്നൊക്കെ പറയില്ലേ? അതുപോലെ, ഇവിടെ ഒരു അമ്മയുടെയും മകന്റെയും ജീവിതത്തിൽ വളരെ പ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു അത്. മകൻ പൈലറ്റാണ്, അമ്മ ഫ്ലൈറ്റ് അറ്റൻഡന്റും.
യുണൈറ്റഡ് എയർലൈൻസാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. കോൾ ഡോസ് ആണ് ഫ്ലൈറ്റിലെ പൈലറ്റ്. അമ്മ ജോലി ചെയ്യുന്ന അതേ വിമാനത്തിൽ ജോലി ചെയ്യാനായതിലുള്ള തന്റെ അതിയായ സന്തോഷവും അമ്മയോടുള്ള ആദരവും അറിയിക്കുകയാണ് കോൾ.
'നിങ്ങൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കി തന്നുവിട്ടിരുന്നയാൾ നിങ്ങളുടെ സഹപ്രവർത്തകനാകുമ്പോൾ' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. മാഡ്രിഡിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. പുറപ്പെടുമ്പോൾ കാലാവസ്ഥയിൽ തുടങ്ങി അപ്ഡേഷൻ നൽകുകയായിരുന്നു കോൾ. അതിൽ ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ സേവനത്തെ കുറിച്ചും പരാമർശിക്കുന്നു.
എന്നാൽ, സാധാരണ നൽകാറുള്ള അപ്ഡേഷന് ശേഷം ആ ഫ്ലൈറ്റ് അറ്റൻഡന്റുമാരിൽ ഒരാൾ തന്റെ അമ്മയാണ് എന്നും കോൾ പറയുന്നു. യാത്രക്കാർ സന്തോഷത്തോടെയാണ് ഇത് കേട്ടത്. 'യുണൈറ്റഡിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് വർഷമായെങ്കിലും ഇന്നാണ് നമുക്ക് ഒരുമിച്ച് ജോലി ചെയ്യാൻ കഴിഞ്ഞത്. തൻറെ ജീവിതത്തിലും കരിയറിലും ഏറ്റവും വലിയ പിന്തുണ തന്റെ അമ്മയായിരുന്നു. ഇന്ന് അമ്മയ്‍ക്കൊപ്പം ഈ യാത്ര സാധിച്ചതിൽ താൻ സന്തോഷവാനാണ്. ഒപ്പം ആ വാർത്ത നിങ്ങളുമായി പങ്ക് വയ്ക്കാൻ സാധിച്ചതിലും' എന്നും കോൾ പറയുന്നു.
ആ സമയം ഫ്ലൈറ്റിലുണ്ടായിരുന്നവർ കയ്യടിക്കുന്നതും അനൗൺസ്മെന്റിന്റെ അവസാനം കോൾ അമ്മയ്ക്കൊപ്പം നിൽക്കുന്നതും കാണാം. അമ്മയും പുഞ്ചിരിക്കുന്നുണ്ട്. ഏതായാലും വളരെ അധികം പേർ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടുകഴിഞ്ഞു.