ഓടിരക്ഷപ്പെടാനായില്ല, ഫോൺ മോഷ്ടാവ് ട്രെയിനിന്‍റെ ജനാലയിൽ തൂങ്ങിക്കിടന്നത് ഒരു കിലോമീറ്റർ, വീഡിയോ
ട്രെയിനിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ മൊബൈൽ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് കള്ളൻ ട്രെയിനിൽ തൂങ്ങിക്കിടന്നത്.
എപ്പോഴെങ്കിലും മോഷണത്തിന് ഇരയാക്കപ്പെട്ടിട്ടുള്ളവരാണോ നിങ്ങൾ? അല്ലെങ്കിൽ അത്തരം അനുഭവങ്ങൾക്ക് സാക്ഷികൾ ആയിട്ടുണ്ടോ? എന്തുതന്നെയായാലും കവർച്ച അനുഭവങ്ങൾ അസുഖകരമാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ഏതൊരു മോഷണസംഭവത്തിലും നമ്മൾ ആഗ്രഹിക്കുക കള്ളനെ എത്രയും വേഗത്തിൽ പിടികൂടുക എന്നതാണ്.
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ ട്രെയിനിനുള്ളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടതാണ്. മോഷണശ്രമം പരാജയപ്പെട്ട കള്ളൻ രക്ഷപ്പെടുന്നതിനായി നടത്തുന്ന പരാക്രമങ്ങളും ഒടുവിൽ യാത്രക്കാർ ചേർന്ന് അയാളെ പിടികൂടുന്നതുമാണ് ദൃശ്യങ്ങളിൽ. യാത്രക്കാരുടെ കയ്യിൽ പെടാതെ രക്ഷപ്പെടുന്നതിനായി ഈ കള്ളൻ ട്രെയിൻ ജനാലയിൽ തൂങ്ങിക്കിടന്നത് ഒരു കിലോമീറ്റർ ദൂരമാണ്.
വളരെ ചെറിയ ദൈർഘ്യം മാത്രമുള്ള ഈ വീഡിയോയിൽ ട്രാക്കിലൂടെ അതിവേഗത്തിൽ നീങ്ങുന്ന ട്രെയിനിന്റെ ജനാലയിൽ ഒരു കള്ളൻ തൂങ്ങി കിടക്കുന്നതാണ് കാണാൻ കഴിയുക. ട്രെയിനിൽ നിന്നും ആളുകൾ കള്ളൻ കള്ളൻ എന്ന് വിളിച്ച് ഇയാളോട് അക്രോശിക്കുന്നതും ഇയാൾ താഴേക്ക് ചാടി രക്ഷപ്പെടാതിരിക്കുന്നതിനായി ആളുകൾ ജനാലയിലൂടെ ഇയാളുടെ കൈകളിൽ പിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
ഒടുവിൽ ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടുന്നതാണ് വീഡിയോ. ട്രെയിനിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയുടെ മൊബൈൽ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് കള്ളൻ ട്രെയിനിൽ തൂങ്ങിക്കിടന്നത്. മോഷ്ടിച്ച ഫോണുമായി ട്രെയിനിന് പുറത്തേക്ക് ചാടിയിറങ്ങി രക്ഷപ്പെടാൻ ആയിരുന്നു ഇയാൾ ശ്രമം നടത്തിയത്. എന്നാൽ, യാത്രക്കാരുടെ കൃത്യമായ ഇടപെടലിൽ ഇയാൾ പിടിയിലാവുകയായിരുന്നു.
എന്നാൽ, മോഷണം നടത്തിയ യുവാവിന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെട്ടോ എന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. അയാളെ എത്രയും പെട്ടെന്ന് അധികൃതർക്ക് കൈമാറുകയായിരുന്നു വേണ്ടത് എന്നും ആൾക്കൂട്ടം നിയമം കയ്യിലെടുക്കരുത് എന്നും ഒരുവിഭാഗം അഭിപ്രായപ്പെട്ടു.
വായിക്കാം: എന്താണ് L01-501, എവിടെ വൈഷ്ണവി? ആഴ്ചകളോളം മുംബൈ പൊലീസിനെ അലട്ടിയ ചോദ്യം, ഒടുവിലുത്തരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം