കാക്കയാണ് ഈ രണ്ട് വയസ്സുകാരന് കൂട്ട്, കാണണം കണ്ടാൽ കണ്ണുവച്ചു പോകും ഈ അപൂർവസൗഹൃദം, വീഡിയോ
ഓട്ടോ അകത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ഒക്കെ റസ്സലിനെ അടുത്ത് കാണാം. ഒപ്പം അവൻ അതിനെ തലോടുന്നതും ഒക്കെ കാണുമ്പോൾ നമ്മൾ അതിശയിച്ച് പോകും.
വളർത്തുമൃഗങ്ങളും പക്ഷികളും എക്കാലത്തും മനുഷ്യരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാൽ, സാധാരണയായി പട്ടി, പൂച്ച, ഇവയൊക്കെയാണ് നമ്മുടെ വളർത്തു മൃഗങ്ങൾ. മിക്കവാറും കുഞ്ഞുങ്ങൾ കൂട്ടുകൂടുന്നതും പട്ടിയോടും പൂച്ചയോടും ഒക്കെ ആയിരിക്കും. എന്നാൽ, ഈ രണ്ട് വയസ്സുകാരന് കൂട്ട് ഒരു കാക്കയാണ്.
thedodo എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഓട്ടോ എന്ന രണ്ട് വയസ്സുകാരനും റസ്സൽ എന്ന കാക്കയും തമ്മിലുള്ള അപൂർവസൗഹൃദം വ്യക്തമാക്കുന്ന വീഡിയോ പങ്ക് വച്ചിരിക്കുന്നത്. കാക്ക വീട്ടിൽ വളർത്തുന്ന ഒരു പക്ഷിയല്ല. ഓട്ടോയുടെയും വളർത്തുപക്ഷിയല്ല റസ്സൽ. പക്ഷേ, ഇരുവരും തമ്മിലുള്ള സൗഹൃദം ആരേയും അതിശയിപ്പിക്കുന്ന തരത്തിലുള്ളതാണ്. അത് വീഡിയോ ഒരു തവണ കാണുമ്പോൾ തന്നെ നമുക്ക് മനസിലാവും.
വീഡിയോയിൽ ഓട്ടോ ഒരു വഴിയിലൂടെ നടക്കുന്നത് കാണാം. ഒപ്പം തന്നെ റസ്സലും ഉണ്ട്. മണിക്കൂറുകളോളം ഇരുവരും ഒരുമിച്ച് കളിക്കാറുണ്ട് എന്ന് വീഡിയോയിൽ എഴുതിയിരിക്കുന്നത് കാണാം. എല്ലാ സമയവും റസ്സൽ അവിടെ ഉണ്ടാവാറില്ല. എന്നാൽ ഓട്ടോയെ വെളിയിൽ കണ്ടാൽ റസ്സൽ പിന്നെ അവിടെ നിന്നും മാറാറില്ല എന്നാണ് പറയുന്നത്. ഓട്ടോ അകത്തിരിക്കുമ്പോൾ റസ്സൽ പുറത്ത് ജനാലയ്ക്കരികിൽ വന്നിരിക്കുന്നത് കാണാം.
റസ്സലിനെ പുറത്ത് കാണുമ്പോൾ ഓട്ടോയുടെ സന്തോഷവും പറഞ്ഞറിയിക്കാനാവാത്തതാണ്. അതുപോലെ കിന്റർഗാർട്ടനിൽ നിന്നും ഓട്ടോയെ കൂട്ടിക്കൊണ്ടുവരുമ്പോൾ റസ്സൽ വീടിന്റെ മേൽക്കൂരയിലിരിക്കുമെന്നും അവൻ വീട്ടിലെത്തി എന്ന് ഉറപ്പിക്കുമെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഓട്ടോ അകത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ഒക്കെ റസ്സലിനെ അടുത്ത് കാണാം. ഒപ്പം അവൻ അതിനെ തലോടുന്നതും ഒക്കെ കാണുമ്പോൾ നമ്മൾ അതിശയിച്ച് പോകും. ഓട്ടോയെ മാത്രമേ റസ്സൽ ഇങ്ങനെ താലോലിക്കാനും മറ്റും അനുവദിക്കാറുള്ളൂ എന്നും പറയുന്നു.
അപൂർവമായ ഈ സൗഹൃദം ആരുടേയും മനസ് നിറക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.