Ostriches escape : തെരുവിൽ ഒട്ടകപ്പക്ഷികളുടെ മാർച്ച്, അന്തംവിട്ട് യാത്രക്കാർ, ഒടുവിൽ ഓടിച്ചിട്ട് പിടിച്ചു
ഡസൻ കണക്കിന് വരുന്ന ഈ വലിയ പക്ഷികൾ നഗരവീഥികളിലൂടെ ഓടുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.
ചൈനീസ് നഗരമായ ചോങ്‌സുവോ(Chongzuo City)യിലെ റോഡിൽ ശനിയാഴ്ച്ച പുലർച്ചെ ഒട്ടും പ്രതീക്ഷിക്കാതെ ഒട്ടകപ്പക്ഷി(Ostriches)കളുടെ കൂട്ടത്തെ കണ്ട് യാത്രക്കാർ ഞെട്ടി. ഒന്നും രണ്ടുമല്ല, എൺപതോളം ഒട്ടകപ്പക്ഷികളാണ് തെരുവുകളിലൂടെ മാർച്ച് നടത്തിയത്. അവ അവിടത്തെ ഒരു പ്രാദേശിക ഫാമിൽ നിന്ന് രക്ഷപ്പെട്ട് റോഡിൽ എത്തിയതായിരുന്നു. ഫാമിന്റെ ഗേറ്റ് പൂട്ടാൻ മറന്നതായിരുന്നു അബദ്ധമായത്. അവിടെ നിന്ന് ചാടിയ ഒട്ടകപ്പക്ഷികൾ റോഡിലൂടെ ഓടിനടന്നു.
ഒട്ടും പ്രതീക്ഷിക്കാതെ അവയെ കണ്ട യാത്രക്കാർ ഞെട്ടിയെങ്കിലും, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്ന്, പൊലീസിന്റെ സഹായത്തോടെ ഒട്ടകപ്പക്ഷികളിൽ ഭൂരിഭാഗത്തെയും ഓടിച്ചിട്ട് പിടിച്ച് തിരികെ ഫാമിലേക്ക് കൊണ്ടുവന്നു. ഈ ദൗത്യത്തിനിടയിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡസൻ കണക്കിന് വരുന്ന ഈ വലിയ പക്ഷികൾ നഗരവീഥികളിലൂടെ ഓടുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. ഒട്ടകപ്പക്ഷികൾ പ്രധാനമായും പച്ചക്കറികൾ കഴിക്കുകയും 100 കിലോയിൽ കൂടുതൽ ഭാരമുള്ളവയുമാണ്. ഒട്ടകപക്ഷികളുടെ ആ പ്രാദേശിക ഫാമിൽ 300 -ലധികം ഒട്ടകപ്പക്ഷികളെയാണ് പാർപ്പിച്ചിരിക്കുന്നത്.
എന്നാൽ, കുറച്ച് മാസങ്ങൾക്ക് മുൻപ് നടന്ന മറ്റൊരു സംഭവത്തിൽ ഇതുപോലെ തിരക്കേറിയ റോഡിലൂടെ ഓടുന്ന ഒട്ടകപ്പക്ഷികളുടെ ഒരു വീഡിയോ വൈറലായിരുന്നു. ലഹോറിലെ കനാൽ റോഡിലൂടെയായിരുന്നു രണ്ട് ഒട്ടകപ്പക്ഷികളുടെ ഓട്ടം. ഇവയുടെ ചിത്രവും വീഡിയോയും പകർത്താനായി വാഹനത്തിലുള്ളവരും പിന്നാലെ ഓടുന്നത് അതിൽ കാണാമായിരുന്നു. ഇവയെ പിന്തുടർന്നവരിൽ ഒരാൾ പക്ഷിയെ പിടിച്ചത് അതിന്റെ കഴുത്തിലായിരുന്നു. തുടർന്ന് ശ്വാസം കിട്ടാതെ അത് മരണപ്പെടുകയായിരുന്നു. ഇതൊന്നും കൂടാതെ, കഴിഞ്ഞയാഴ്ച, തിരക്കേറിയ ഹൈവേയിലൂടെ നടന്ന് ആളുകളെ വെള്ളം കുടിപ്പിച്ചത് ഒരു കടൽ സിംഹമായിരുന്നു. റോഡിൽ ഈ കടൽ സിംഹം കടന്നുകയറിയതിനെത്തുടർന്ന് കാലിഫോർണിയയിലെ മൃഗവിദഗ്ധർ അമ്പരന്നു പോയി.
സാൻ ഡീഗോ നഗരത്തിന്റെ കിഴക്കുള്ള ഒരു ഫ്രീവേയിലാണ് ഡ്രൈവർമാർ ഇതിനെ കണ്ടെത്തിയത്. ഇതിനെ തുടർന്ന്, രക്ഷാപ്രവർത്തകരും ഓടിക്കൂടിയവരും മൃഗസ്നേഹികളും ചേർന്ന് ഒറ്റപ്പെട്ട ആ കടൽ മൃഗത്തെ സുരക്ഷിതമായി അവിടെ നിന്ന് മാറ്റി. എന്നാൽ, അതിനെ അവിടെ നിന്ന് മാറ്റുന്നത് വരെയുള്ള കുറച്ച് മിനിറ്റുകൾ ഗതാഗതം തടസ്സപ്പെട്ടതായി എബിസി ന്യൂസ് റിപ്പോർട്ട് പറയുന്നു. സീ വേൾഡ് സാൻ ഡിയാഗോ റെസ്‌ക്യൂ ടീം ഹൈവേയിൽ എത്തി വലകൾ ഉപയോഗിച്ച് 200 പൗണ്ട് ഭാരമുള്ള കടൽ സിംഹത്തെ മുന്നോട്ട് നീങ്ങുന്നത് തടഞ്ഞു. രക്ഷാപ്രവർത്തനത്തിന് ശേഷം, കടൽ ജീവിയെ ആരോഗ്യ വിലയിരുത്തലിനും പുനരധിവാസത്തിനുമായി സീ വേൾഡ് സാൻ ഡിയാഗോ റെസ്ക്യൂ സെന്ററിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ വർഷം അവസാനം ഒരു പശു റോഡിലേക്ക് ഇറങ്ങി ഓടുന്നതും ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിക്കുന്നതുമായ ഒരു വീഡിയോ വൈറലായിരുന്നു. ഒക്‌ടോബർ 27 -ന് ബ്രസീലിലെ സാന്താ കാറ്ററിനയിലാണ് സംഭവം നടന്നത്. ഭാഗ്യത്തിന്, ബൈക്ക് യാത്രികനോ മൃഗത്തിനോ ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ല.