സ്ട്രോങ്ങാവാൻ ആടുമായി പോരാട്ടം, മുട്ടൻ പണിയാവരുതെന്ന് സോഷ്യൽ മീഡിയ

ഇരുവരും തലകൊണ്ട് ബലാബലം പരീക്ഷിക്കുന്നത് ചങ്കിടിപ്പോടെ മാത്രമേ നമുക്ക് കണ്ടിരിക്കാൻ സാധിക്കൂ. അയാൾ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിനെ തള്ളി പുറകിലേക്ക് മാറ്റാൻ നോക്കുമ്പോൾ, ആടും അതിന് തുല്യമായ ശക്തി പ്രയോഗിച്ച് അയാളെ തള്ളിയിടാൻ ശ്രമിക്കുന്നു.

mans fight with goat

കൊറോണ മഹാമാരിയ്ക്ക് ശേഷം, ആളുകൾ ആരോഗ്യ കാര്യങ്ങളിൽ കുറച്ച് കൂടി ശ്രദ്ധാലുക്കളായി എന്ന് വേണം കരുതാൻ. സാമൂഹിക മാധ്യമങ്ങളിൽ ആരോഗ്യ സംബന്ധമായ വീഡിയോകൾ അനവധിയാണ്. ജിമ്മിൽ പോകുന്നതിന്റെയും, ഫിറ്റായി മാറുന്നതിന്റെയും, വണ്ണം കുറക്കുന്നതിന്റെയും ഒക്കെ നിരവധി വീഡിയോകളാണ് ദിവസവും ഓൺലൈനിൽ ഇടം പിടിക്കുന്നത്. അതിനിടയിൽ ഫിറ്റ്‌നസ് ചലഞ്ചുകൾക്കും കുറവില്ല.  

അക്കൂട്ടത്തിൽ വ്യത്യസ്തമായ ഒരു ഫിറ്റ്നസ് പരിശീലനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഒരാൾ തന്റെ ഫിറ്റ്‌നസ് പരിശീലനത്തിന്റെ ഭാഗമായി ഒരു ആടുമായി ഏറ്റുമുട്ടുന്നതാണ് വീഡിയോ. ആടിന്റെ സഹായത്തോടെ അയാൾ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ട്വിറ്ററിലാണ് ഇപ്പോൾ വൈറലാവുന്നത്. കോഡോട്ട് എന്ന ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആടിന്റെ ശക്തിയെ കുറിച്ച് നമുക്കറിയാം. ആവശ്യമില്ലാതെ മുട്ടാൻ പോയാൽ മുട്ടൻ പണികിട്ടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ, ഇവിടെ അപകടകാരിയായ ഒരാടിനോട് പോരാടിയാണ് ഒരാൾ ഫിറ്റ്നസ് പരിശീലനം നടത്തുന്നത്. വീഡിയോ ഒരുപോലെ കൗതുകവും, ആശങ്കയും ജനിപ്പിക്കുന്നതാണ് എന്നതിൽ സംശയമില്ല.

ഒരു കൂറ്റൻ പാറയുടെ പുറത്താണ് ആട് നിൽക്കുന്നത്. ഒരു വെളുത്ത, മുഴുത്ത ആടിന്റെ തലയിൽ തന്റെ തല അമർത്തി ഒരാൾ ശക്തി പരീക്ഷിക്കുകയാണ്. ഇരുവരും തലകൊണ്ട് ബലാബലം പരീക്ഷിക്കുന്നത് ചങ്കിടിപ്പോടെ മാത്രമേ നമുക്ക് കണ്ടിരിക്കാൻ സാധിക്കൂ. അയാൾ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിനെ തള്ളി പുറകിലേക്ക് മാറ്റാൻ നോക്കുമ്പോൾ, ആടും അതിന് തുല്യമായ ശക്തി പ്രയോഗിച്ച് അയാളെ തള്ളിയിടാൻ ശ്രമിക്കുന്നു. ഏകദേശം 20 സെക്കൻഡ് നേരം ഈ ശക്തിപ്രകടനം നീണ്ടുപോകുന്നു.  ആടിനെ തലകൊണ്ട് തള്ളാൻ ശ്രമിക്കുമ്പോൾ അയാളുടെ കഴുത്തിലെ ഞരമ്പുകൾ എല്ലാം വലിഞ്ഞു മുറുകുന്നതും, ആയാസം മൂലം മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെടുന്നതും കാണാം. എന്നാൽ ഒടുവിൽ ആട് തന്നെ ജയിച്ചു.

കഴുത്തിലെ പേശികൾക്ക് ബലം കിട്ടാനാണ് അയാൾ ഇത്തരത്തിലുള്ള ഒരു പരിശീലന മാർഗ്ഗം സ്വീകരിച്ചത്. ഈ വീഡിയോ നെറ്റിസൺസ് കൗതുകത്തോടെയാണ് കണ്ടത്. എന്നാലും അതിന്റെ അപകട സാധ്യതയിൽ ആളുകൾ ആശങ്ക പ്രകടിപ്പിച്ചു. ഈ സ്റ്റണ്ട് അപകടകരമാണെന്നും ആട് ആക്രമിച്ചാൽ അയാളുടെ തലയ്ക്ക് കാര്യമായ പരിക്കേൽക്കുമായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. ആട് പിന്നോട്ട് മാറി, പാഞ്ഞു വന്ന് അയാളുടെ തലയിൽ ഇടിച്ചാൽ തലയോട്ടി തകരാൻ വേറെ ഒന്നും വേണ്ടെന്നും ആളുകൾ പറഞ്ഞു. ഇതിനിടയിൽ അയാളുടെ കഴുത്തിലെ ഞരമ്പ് ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന നിലയിലാണ് എന്നും മറ്റൊരു ഉപയോക്താവ് എഴുതി. അതുപോലെ തന്നെ ഇതൊക്കെ കാണാൻ കൊള്ളാമെന്നും, എന്നാൽ ചെയ്താൽ എട്ടിന്റെ പണി ചിലപ്പോൾ കിട്ടുമെന്നും, മരിക്കാൻ തനിക്കൊട്ടും ആഗ്രഹമില്ലെന്നും ഒരാൾ ട്വീറ്റ് ചെയ്തു. 
 

Latest Videos
Follow Us:
Download App:
  • android
  • ios