വിതച്ചത് കൊയ്യും, തന്നെ തല്ലിയ ഉടമയോട് കഴുതയുടെ പ്രതികാരം, വീഡിയോ വൈറൽ
കഴുതയുടെ പ്രതികാരം ആളുകൾ ശരിക്കും ആസ്വദിച്ചു. "വീഡിയോയുടെ രണ്ടാം പകുതിയാണ് കൂടുതൽ മികച്ചത്. അതായിരുന്നു തൃപ്തികരമായിരുന്നത്” ഒരാൾ എഴുതി.
വിതയ്ക്കുന്നത് കൊയ്യും എന്നൊരു പ്രയോഗമുണ്ടല്ലോ? നമ്മൾ ചെയ്യുന്ന പ്രവൃത്തിക്ക് അനുസരിച്ചുള്ള ഫലം നമുക്ക് കിട്ടും എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓൺലൈനിൽ വൈറലായ ഒരു വീഡിയോ അത് സത്യമാണെന്ന് തെളിയിക്കുന്നു. ബോളിവുഡ് നടൻ ശക്തി കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് ആ വീഡിയോ. അതിൽ ഒരു വ്യക്തി കഴുതയെ ക്രൂരമായി മർദ്ദിക്കുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. ആദ്യം അത് കാണുമ്പോൾ നമ്മുടെ മനസ്സ് വല്ലാതെ നൊമ്പരപ്പെടുമെങ്കിലും, വീഡിയോയുടെ അവസാനം കാണുമ്പോൾ നമ്മൾ അറിയാതെ സന്തോഷിച്ച് പോകും.
കഴുതയുടെ ഉടമയെന്ന് തോന്നിക്കുന്ന ഒരാൾ അതിനെ ഒരു മരത്തിന്റെ സമീപം നിർത്തി ക്രൂരമായി മർദ്ദിക്കുന്നു. ആ മനുഷ്യൻ കഴുതയുടെ കഴുത്തിൽ കെട്ടിയ കയർ പിടിച്ച് അതിന്റെ മുഖത്ത് ആഞ്ഞടിക്കുന്നു. മാത്രമല്ല, ആ വ്യക്തി നിസ്സഹായനായ മൃഗത്തെ വീണ്ടും വീണ്ടും തല്ലുന്നതും വീഡിയോയിൽ കാണാം. അടികൊണ്ട ഊക്കിൽ അത് ഒരു വശത്തേയ്ക്ക് തല കൊണ്ട് പോകുമ്പോഴും, അയാൾ കയറിൽ പിടിച്ച് വീണ്ടും അതിനെ അടിക്കുന്നു. ആ മിണ്ടാപ്രാണിയ്ക്ക് ഒന്ന് ഒച്ചയുണ്ടാകാൻ പോലുമാകുന്നില്ല. എന്നാൽ, പിന്നീട് സംഭവിച്ചത് ആളുകളെ സംതൃപ്തരാക്കി. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അവിടെ പിന്നെ നടന്നത്. ആദ്യം ആ മനുഷ്യൻ നിർഭാഗ്യവാനായ മൃഗത്തെ പല പ്രാവശ്യം അടിക്കുകയും മുഖത്ത് ചവിട്ടുകയും ഒക്കെ ചെയ്യുന്നത് നമ്മൾ കണ്ടു.
അപ്പോഴൊന്നും ഒന്നും ചെയ്യാനാകാതെ നിസ്സഹായമായി അടിയെല്ലാം മിണ്ടാതെ കൊണ്ട് നിന്ന അത് എന്നാൽ ഒടുവിൽ തന്റെ പ്രതികാരം തീർത്തു. അയാൾ കഴുതയുടെ പുറത്ത് കയറി ഇരുന്ന് സവാരി ചെയ്യാൻ ഒരുങ്ങുമ്പോഴാണ് അത് സംഭവിച്ചത്. അയാൾ കയറാൻ ശ്രമിക്കുന്നതിനിടയിൽ കഴുത അയാളുടെ കാലിൽ കടിച്ചു. അയാൾ കുതറി മാറാൻ ശ്രമിച്ചിട്ടും അയാളുടെ കാലുകളിൽ പല്ലുകൾ കൊണ്ടുള്ള അതിന്റെ പിടുത്തം അത് വിട്ടില്ല. കഴുത ആ മനുഷ്യനെ ചുറ്റിപ്പിടിച്ച് ചെളി പുരണ്ട മണ്ണിൽ വലിച്ചിഴച്ചു.
“ജയ്‌സി കർണെ വൈസി ഭർണി (നിങ്ങൾ വിതച്ചത് കൊയ്യും)” എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ് തന്നെ. ഓൺലൈനിൽ ഷെയർ ചെയ്തതിന് ശേഷം വീഡിയോ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. കഴുതയുടെ പ്രതികാരം ആളുകൾ ശരിക്കും ആസ്വദിച്ചു. "വീഡിയോയുടെ രണ്ടാം പകുതിയാണ് കൂടുതൽ മികച്ചത്. അതായിരുന്നു തൃപ്തികരമായിരുന്നത്” ഒരാൾ എഴുതി. "നല്ലത്, നിങ്ങൾ ഇത് അർഹിക്കുന്നു" എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.