കൂറ്റൻ തിരമാല, കടല്‍പ്പാലത്തില്‍ നിന്ന കുഞ്ഞ് കടലില്‍, രക്ഷിക്കാൻ അച്ഛന്റെ ജീവൻമരണപോരാട്ടം, ദൃശ്യങ്ങൾ
കടൽപ്പാലത്തിലൂടെ ഒരു കൊച്ചു പെൺകുട്ടി ഓടിവരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അവളെ പിടിച്ചു നിർത്തുന്നതിനായി അവളുടെ അച്ഛനും പിന്നാലെ ഓടി വരുന്നത് കാണാം. എന്നാൽ, അദ്ദേഹം കുട്ടിയ്ക്ക് അരികിലേക്ക് എത്തിയതും അപ്രതീക്ഷിതമായി ഒരു വലിയ തിരമാല കടൽപ്പാലത്തിലേക്ക് അടിച്ചു കയറുന്നു.
സ്വന്തം കുഞ്ഞ് അപകടത്തിൽപ്പെട്ടു എന്ന് തോന്നിയാൽ സ്വന്തം ജീവൻ പോലും പണയം വെച്ച് മാതാപിതാക്കൾ രക്ഷിക്കാൻ ശ്രമിക്കും. ഇത് അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് തെളിയിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തിരയിൽപ്പെട്ട് കടലിൽ വീണുപോയ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഒരച്ഛൻ കടലിലേക്ക് എടുത്തു ചാടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. ഓസ്ട്രേലിയയിൽ നടന്ന ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. നോർത്ത് വോളോങ്കോങ്ങിൽ കടൽപ്പാലത്തിന് മുകളിൽ ഓടി കളിയ്ക്കുകയായിരുന്ന ഒരു കൊച്ചുപെൺകുട്ടിയെയാണ് അപ്രതീക്ഷിതമായി എത്തിയ തിര വിഴുങ്ങിയത്. കുഞ്ഞ് കടലിൽ വീണു എന്നറിഞ്ഞതും ഒപ്പം ഉണ്ടായിരുന്ന പിതാവ് യാതൊന്നും ആലോചിക്കാതെ കടലിലേക്ക് ചാടുന്നതും കാണാം.
അതീവ നാടകീയമായ ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ 7 ന്യൂസ് ഓസ്‌ട്രേലിയ ആണ് പുറത്ത് വിട്ടത്. കടൽപ്പാലത്തിലൂടെ ഒരു കൊച്ചു പെൺകുട്ടി ഓടിവരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അവളെ പിടിച്ചു നിർത്തുന്നതിനായി അവളുടെ അച്ഛനും പിന്നാലെ ഓടി വരുന്നത് കാണാം. എന്നാൽ, അദ്ദേഹം കുട്ടിയ്ക്ക് അരികിലേക്ക് എത്തിയതും അപ്രതീക്ഷിതമായി ഒരു വലിയ തിരമാല കടൽപ്പാലത്തിലേക്ക് അടിച്ചു കയറുന്നു. തിര പോയപ്പോൾ പാലത്തിൽ അവശേഷിച്ചത് കുട്ടിയുടെ അച്ഛൻ മാത്രമാണ്. തന്റെ കുഞ്ഞിനെ തിരയെടുത്തു എന്ന് മനസ്സിലാക്കിയ അദ്ദേഹം രണ്ടാമതൊന്ന് ചിന്തിക്കാതെ പാലത്തിൽ നിന്നും കടലിലേക്ക് എടുത്ത് ചാടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
പീപ്പിൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കുഞ്ഞുമായി തീരത്തടിഞ്ഞ പിതാവിനെ ഒടുവിൽ സമീപത്തുണ്ടായിരുന്നവർ രക്ഷിച്ചു. കിഴക്കൻ തീരത്തെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിച്ച ഒരു വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച കനത്ത തിരമാലകളാണ് കുട്ടിയെ അപകടപ്പെടുത്തിയത്. കുട്ടിയുടെയും അച്ഛന്റെയും ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായാണ് പീപ്പിൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.