Viral video: ഉരുണ്ട് പോകുന്ന സ്ട്രോളർ, കുഞ്ഞിനെ വലിയ അപകടത്തിൽ നിന്നും രക്ഷിച്ച് യുവാവ്
വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് നെസ്മാനെ അഭിനന്ദിച്ചത്.
ഒരു മനുഷ്യന് മറ്റൊരു ജീവിയെ ആപത്തിൽ സഹായിക്കാൻ ഉള്ളിൽ ലേശം കരുണയും മനുഷ്യത്വവും മാത്രമുണ്ടായാൽ മതി. അതുപോലെ ഒരു കുഞ്ഞിനെ സഹായിച്ച വീടോ ജോലിയോ ഇല്ലാത്ത ഒരു മനുഷ്യന് ഇപ്പോൾ ജോലി കിട്ടിയിരിക്കുകയാണ്.
സംഭവം നടന്നത് യുഎസ്സിലാണ്. ഇയാൾ കുഞ്ഞിനെ വലിയൊരു അപകടത്തിൽ നിന്നും രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. റോൺ നെസ്മാൻ എന്നയാളാണ് കുഞ്ഞിനെ രക്ഷിച്ചത്. ജോലിയില്ലാത്ത നെസ്‍മാൻ ഒരു ജോലിക്കുള്ള ഇന്റർവ്യൂ കഴിഞ്ഞ് വരികയായിരുന്നു. അപ്പോഴാണ് ഒരു കുഞ്ഞ് സ്ട്രോളറിൽ ഉരുണ്ട് വരുന്നത് കണ്ടത്. അതും നിരവധി കാറുകൾ ഓടിക്കൊണ്ടിരുന്ന വഴിയിലൂടെ. പിന്നെ അയാൾ ഒന്നും ചിന്തിച്ചില്ല വളരെ പെട്ടെന്ന് തന്നെ കുഞ്ഞിനെ രക്ഷിച്ചു.
വീഡിയോ തുടങ്ങുമ്പോൾ തന്നെ സ്ട്രോളർ ഒരാൾ കാറിൽ നിന്നും പുറത്തിറക്കുന്നത് കാണാം. അപ്പോൾ തന്നെ അത് നീങ്ങാൻ തുടങ്ങുന്നു. ഉടനെ തന്നെ അയാൾ സ്ട്രോളർ പിടിക്കാൻ നോക്കുന്നുണ്ട് എങ്കിലും അയാൾ റോഡിലേക്ക് വീണുപോയി. റോഡിൽ നിന്നും അയാൾ എഴുന്നേൽക്കാൻ പലതവണ ശ്രമിക്കുന്നുണ്ട് എങ്കിലും സാധിക്കുന്നില്ല. അപ്പോഴേക്കും കുട്ടിയുമായി സ്ട്രോളർ പ്രധാന റോഡിലേക്ക് ഉരുണ്ട് പോയിത്തുടങ്ങിയിരുന്നു. ഈ സമയത്താണ് നെസ്മാൻ അവിടെ എത്തുന്നതും ഒട്ടും നേരം കളയാതെ വലിയ ഒരു അപകടത്തിൽ നിന്നും കുട്ടിയെ രക്ഷിക്കുന്നതും. പിന്നീട്, നെസ്മാൻ കുട്ടിയെ കെയർഗിവറുടെ കയ്യിൽ ഏൽപ്പിച്ചു.
വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധിപ്പേരാണ് നെസ്മാനെ അഭിനന്ദിച്ചത്. കുറേയേറെ നാളുകളായി ഒരു ജോലിക്ക് വേണ്ടി അന്വേഷിക്കുകയായിരുന്നു നെസ്മാൻ. വീടും ഉണ്ടായിരുന്നില്ല. ഏതായാലും വൈറലായ സംഭവം നടന്ന ദിവസം നെസ്മാൻ പങ്കെടുത്ത അഭിമുഖത്തിൽ അയാൾ തെരഞ്ഞെടുക്കപ്പെടുകയും ജോലി ലഭിക്കുകയും ചെയ്തു.