വെള്ളക്കെട്ടിൽ കുടുങ്ങിയ നായയെ രക്ഷിക്കാൻ യുവാവിന്റെ സാഹസികത; വൈറലായി വീഡിയോ
മനുഷ്യത്വം എന്ന് പറഞ്ഞാൽ ഇതാണെന്നും ഇത്തരത്തിലുള്ള നല്ല മനസ്സിന് ഉടമകൾ കുറവാണെന്നും വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.
വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ നായയെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചണ്ഡീഗഢിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ടുപോയ നായയെ ഒരു യുവാവ് സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചണ്ഡീഗഢ് പൊലീസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.
ചണ്ഡീഗഢ് പൊലീസ് ടീമിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കിടയിലാണ് യുവാവ് നായയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കനത്ത വെള്ളമൊഴുക്ക് കാരണം ഖുദാ ലാഹോർ പാലത്തിനടിയിൽ കുടുങ്ങിയ ഒരു നായയെ ഇത്തരത്തിൽ രക്ഷപ്പെടുത്തിയത് എന്നാണ് ചണ്ഡീഗഢ് പൊലീസ് ട്വീറ്റിൽ കുറിച്ചത്. എല്ലാവരും നമുക്ക് പ്രധാനപ്പെട്ടവരാണ്, മാറ്റം നമ്മളിൽ തുടങ്ങാം തുടങ്ങിയ അടിക്കുറിപ്പുകളും ചേർത്തായിരുന്നു വീഡിയോ പങ്കുവെച്ചത്.
പാലത്തിനടിയിലൂടെ കുത്തിയൊലിച്ചൊഴുകുന്ന വെള്ളക്കെട്ട് വകവയ്ക്കാതെയാണ് മറുകരയിൽ നിന്ന നായയെ രക്ഷിക്കാൻ യുവാവ് തയ്യാറായത്. തുടർന്ന് പാലത്തിൽ നിന്നും നായ അകപ്പെട്ടുപോയ മറുകരയിലേക്ക് അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ വലിയ ഏണി ഇറക്കിവെച്ചാണ് നായയെ രക്ഷിച്ചെടുത്തത്. ആരും ഭയപ്പെട്ടു പോകുന്നത്രയും ശക്തമായ വെള്ളച്ചാട്ടം ഉണ്ടായിട്ടും അത് കാര്യമാക്കാതെ നായയെ രക്ഷിക്കാൻ മനസ്സു കാട്ടിയ യുവാവിന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
മനുഷ്യത്വം എന്ന് പറഞ്ഞാൽ ഇതാണെന്നും ഇത്തരത്തിലുള്ള നല്ല മനസ്സിന് ഉടമകൾ കുറവാണെന്നും വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. ഒരു കൈയിൽ നായയെ സുരക്ഷിതനായി പിടിച്ച് മറുകൈകൊണ്ട് ഏണിയിൽ ബാലൻസ് ചെയ്തു അതി സാഹസികമായി മുകളിലേക്ക് കയറിവരുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലായ ഈ വീഡിയോയിൽ ഉള്ളത്. പാലത്തിനു മുകളിൽ മറ്റു നിരവധി ആളുകൾ കൂടി നിന്ന് അദ്ദേഹത്തിന് നിർദ്ദേശം നൽകുന്നതും വീഡിയോയിൽ കാണാം.