കെണിയിലകപ്പെട്ട ചെന്നായയെ ജീവൻ പണയം വെച്ച് രക്ഷിക്കുന്ന മനുഷ്യൻ; വൈറലായി വീഡിയോ
വനാതിർത്തിയോട് ചേർന്നതെന്ന് തോന്നിപ്പിക്കുന്ന ഒരു ഒഴിഞ്ഞ സ്ഥലത്ത് കാല് കെണിയിൽ അകപ്പെട്ടതിനെ തുടർന്ന് വീണു കിടക്കുന്ന ചെന്നായയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ.
കെണിയിലകപ്പെട്ട് പോയ മൃഗങ്ങളെ മനുഷ്യർ രക്ഷപ്പെടുത്തുന്ന നിരവധി സംഭവങ്ങൾക്ക് നമ്മിൽ പലരും സാക്ഷികളായായിട്ടുണ്ടാകാം. എന്നാൽ, സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് ആരെങ്കിലും അങ്ങനെ ചെയ്യാൻ തയ്യാറാകുമോ? കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറലായ വീഡിയോ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. കാരണം കെണിയിൽ അകപ്പെട്ട് വീണു പോയ ഒരു ചെന്നായയെ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ഒരു മനുഷ്യൻ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. മതിയായ ഉപകരണങ്ങൾ പോലുമില്ലാതെ വെറുമൊരു വടിയുടെ സഹായത്തോടെയാണ് ഇദ്ദേഹം ഇത് ചെയ്യുന്നത് എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം.
@TerrifyingNaturഎന്ന ട്വിറ്റർ ഉപഭോക്താവ് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. ധൈര്യശാലിയായ ഒരു മനുഷ്യൻ ഒരു വടിയുടെ സഹായത്തോടെ കെണിയിൽ വീണ ചെന്നായയെ രക്ഷപ്പെടുത്തുന്നു എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വനാതിർത്തിയോട് ചേർന്നതെന്ന് തോന്നിപ്പിക്കുന്ന ഒരു ഒഴിഞ്ഞ സ്ഥലത്ത് കാല് കെണിയിൽ അകപ്പെട്ടതിനെ തുടർന്ന് വീണു കിടക്കുന്ന ചെന്നായയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തിൽ. അപ്പോഴാണ് ആ ജീവിയ്ക്ക് അരികിലേക്ക് ഒരു മനുഷ്യൻ ഒരു വടിയുമായി നടന്നു വരുന്നത്. ചെന്നായക്കരികിൽ എത്തിയ ആൾ ആദ്യം തന്നെ വടി ഉപയോഗിച്ച് അതിന്റെ ശ്രദ്ധതിരിക്കുന്നു. ഇതിനിടയിൽ നിലത്ത് കിടക്കുകയാണെങ്കിൽ പോലും പല തവണ ചെന്നായ അയാളെ ആക്രമിക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ അതൊന്നും വകവയ്ക്കാതെ അയാൾ രക്ഷാപ്രവർത്തനം തുടരുന്നു. ഒടുവിൽ കെണിയിൽ നിന്ന് അതിന്റെ കാലുകൾ മോചിപ്പിച്ചതും വേഗത്തിൽ ചെന്നായയ്ക്ക് അടുത്തു നിന്നും ഓടി മാറുന്നു. ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാത്ത വിധം ചുറ്റും നോക്കിയ ശേഷം ചെന്നായയും കാട്ടിലേക്ക് ഓടി മറയുന്നു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് കമന്റുകളുമായി എത്തിയത്. എന്നാൽ ഏതാനും ചിലർ ജീവൻ പണയം വെച്ചുകൊണ്ടുള്ള ഈ രക്ഷാപ്രവർത്തനത്തെ വിമർശിക്കുകയും ചെയ്തു.