പുടിനോടുള്ള ആരാധന, ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുകൊണ്ട് നെഞ്ചിൽ 'Z' വരച്ച് യുവാവ്
ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ, ചുമരും ചാരി കണ്ണടച്ചിരിക്കുന്ന ഒരാളെയാണ് ആദ്യം നമുക്ക് കാണാൻ കഴിയുക. തുടർന്ന്, ഒപ്പമുള്ള മറ്റൊരാൾ 'Z' എന്ന അക്ഷരത്തെ കുറിക്കുന്ന ചുട്ട് പഴുത്ത ഒരു ലോഹദണ്ഡ് അവന്റെ നെഞ്ചിൽ പതിപ്പിക്കുന്നു.
റഷ്യയിൽ മാത്രമല്ല ലോകമെമ്പാടും വ്‌ളാഡിമിർ പുട്ടിനെ പിന്തുണയ്ക്കുന്ന നിരവധി ആളുകളുണ്ട്. അദ്ദേഹത്തോടുള്ള ആരാധന തുറന്ന് കാട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറുള്ളവരും അതിലുണ്ട്. അത്തരം ഒരു ആരാധകന്റെ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു റഷ്യക്കാരൻ ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തന്റെ നെഞ്ചിൽ 'Z' ചിഹ്നം പതിപ്പിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വേദനകൊണ്ട് പുളയുന്നതിനിടയിലും, അയാൾ പുടിനെ പിന്തുണച്ച് മുദ്രവാക്യം വിളിക്കുന്നു.
ബെലാറഷ്യൻ മീഡിയ ഔട്ട്‌ലെറ്റായ നെക്സ്റ്റ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കിട്ടത്. ഉക്രൈനിലെ റഷ്യയുടെ ക്രൂരമായ അധിനിവേശത്തെ പിന്തുണയ്ക്കുന്ന ഒരു ഭയപ്പെടുത്തുന്ന അടയാളമായി 'Z' എന്ന അക്ഷരം മാറിയിരിക്കുന്നു. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ, ചുമരും ചാരി കണ്ണടച്ചിരിക്കുന്ന ഒരാളെയാണ് ആദ്യം നമുക്ക് കാണാൻ കഴിയുക. തുടർന്ന്, ഒപ്പമുള്ള മറ്റൊരാൾ 'Z' എന്ന അക്ഷരത്തെ കുറിക്കുന്ന ചുട്ട് പഴുത്ത ഒരു ലോഹദണ്ഡ് അവന്റെ നെഞ്ചിൽ പതിപ്പിക്കുന്നു. ലോഹം ശരീരത്തിൽ പതിയുമ്പോൾ അയാൾ ഞെട്ടി പിടയുന്നത് അതിൽ കാണാം. തുടർന്ന് അയാൾ ചാടി എഴുന്നേറ്റ്, റഷ്യൻ ഭാഷയിൽ മുദ്രാവാക്യം പോലെ തോന്നിക്കുന്ന ചിലത് ഉറക്കെ ഉറക്കെ വിളിച്ച് പറയുന്നു. നെഞ്ചിൽ അവശേഷിക്കുന്ന 'Z' അടയാളത്തിന്റെ ക്ലോസപ്പ് ഷോട്ടോടെയാണ് ഒടുവിൽ ക്ലിപ്പ് അവസാനിക്കുന്നത്.
ഉക്രൈനിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഇയാളെ പോലെ നിരവധിപേരാണ് തങ്ങളുടെ പ്രസിഡന്റിന്റെ ക്രൂരമായ അധിനിവേശത്തെ പിന്തുണയ്ക്കാൻ 'Z' എന്ന അക്ഷരം ഉപയോഗിക്കുന്നത്. ഫെബ്രുവരിയിൽ അധിനിവേശത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സൈനിക ടാങ്കുകളിലാണ് ഈ അക്ഷരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് പുടിന്റെ പ്രചാരണത്തെ പിന്തുണയ്ക്കുന്ന റഷ്യക്കാരുടെ പ്രബലമായ ചിഹ്നമായി ഇത് മാറി. ഉക്രൈനെതിരായ റഷ്യയുടെ ആക്രമണത്തെത്തുടർന്ന് ഈ ചിഹ്നത്തെ അന്താരാഷ്ട്ര സമൂഹം വ്യാപകമായി അപലപിച്ചു.
റഷ്യൻ സർക്കാർ ഏജൻസികൾ ദേശീയ സന്ദേശങ്ങളിലും വീഡിയോകളിലും 'Z' ചിഹ്നം പ്രൊമോട്ട് ചെയ്തിട്ടുണ്ട്. പലരും അതിന് പല അർത്ഥവും കാണുന്നു. ചിലർ വിജയം എന്നർത്ഥം വരുന്ന സ പൊബേട എന്ന വാക്കിൽ നിന്നാണ് ഇത് വന്നതെന്നും, മറ്റ് ചിലർ സപാഡ് അഥവ പടിഞ്ഞാറ് എന്ന അർത്ഥമാണ് ഇതിനെന്നും അവകാശപ്പെടുന്നു. എന്തായാലും, ഈ ചിഹ്നം പുതിയ റഷ്യൻ പ്രത്യയശാസ്ത്രത്തിന്റെയും ദേശീയ സ്വത്വത്തിന്റെയും പ്രതീകമായി മാറി എന്നതിൽ സംശയമില്ല. റഷ്യൻ സൈനിക ഉദ്യോഗസ്ഥർ ഔദ്യോഗികമായി ചിഹ്നങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, സൈനിക വിദഗ്ധരുടെ അഭിപ്രായത്തിൽ, സൈനിക യൂണിറ്റുകൾ വിന്യസിക്കുന്നത്തിന് തൊട്ടുമുമ്പ് എവിടേക്കാണ് പോകുന്നതെന്ന് ആശയവിനിമയം നടത്താനാണ് 'Z' എന്ന അക്ഷരം വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.