ഈശ്വരാ ഭഗവാനേ രക്ഷിക്കണേ; 'പ്രാർത്ഥിച്ച്' മിനിറ്റുകൾക്കുള്ളിൽ വിഗ്രഹവുമായി മുങ്ങി കള്ളൻ, സിസിടിവി ദൃശ്യങ്ങൾ
അമ്പലത്തിനകത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയിലാണ് ഈ രംഗങ്ങളെല്ലാം പതിഞ്ഞിരിക്കുന്നത്. ചെമ്പിൽ തീർത്ത ശിവലിംഗത്തിലെ നാഗദേവതയുടെ വിഗ്രഹമാണ് ഇയാൾ മോഷ്ടിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
വളരെ വ്യത്യസ്തമായ അനേകം വീഡിയോകൾ നാം ദിവസേന സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതിൽ തന്നെ വിചിത്രം എന്ന് പറയാവുന്ന അനേകം വീഡിയോകളും നാം കാണാറുണ്ട്. അതുപോലെ, ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.
അമ്പലത്തിൽ നിന്നും വിഗ്രഹം മോഷ്ടിച്ചു കൊണ്ടുപോകുന്ന ഒരാളുടേതാണ് വീഡിയോ. എന്നാൽ, അതൊന്നുമല്ല ആളുകളെ ചിരിപ്പിക്കുന്ന കാര്യം. വിഗ്രഹം മോഷ്ടിക്കുന്നതിന് തൊട്ടുമുമ്പായി ആൾ വളരെ ഗൗരവത്തോടെ, ഭക്തിയോടെ ഇവിടെ പ്രാർത്ഥിക്കുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. അത് കാണുമ്പോൾ ഏതോ ഒരു ഭക്തൻ ഭഗവാനെ കണ്ട് തന്റെ പരാതികളും പരിഭവങ്ങളും സങ്കടങ്ങളും പറയാൻ വന്നിരിക്കയാണ് എന്നേ തോന്നൂ.
എന്നാൽ, പ്രാർത്ഥിച്ച ശേഷം അധികം വൈകാതെ അയാൾ താൻ വന്ന കാര്യത്തിലേക്ക് കടക്കുകയാണ്. ക്ഷേത്രത്തിന് പുറത്തിറങ്ങി ഒന്ന് ചുറ്റിനും നോക്കിയ ശേഷം നൈസായി അകത്ത് വന്ന് അയാൾ വിഗ്രഹം മോഷ്ടിക്കുകയാണ്. വിഗ്രഹം കടത്തിക്കൊണ്ടു പോകുന്നതിന് വേണ്ടി ഒരു സഞ്ചി പോലും അയാൾ കൊണ്ടുവന്നിരിക്കുന്നതായി കാണാം.
12 -നാണ് സംഭവം നടന്നത്. അമ്പലത്തിനകത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയിലാണ് ഈ രംഗങ്ങളെല്ലാം പതിഞ്ഞിരിക്കുന്നത്. ചെമ്പിൽ തീർത്ത ശിവലിംഗത്തിലെ നാഗദേവതയുടെ വിഗ്രഹമാണ് ഇയാൾ മോഷ്ടിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച, പ്രാർത്ഥിക്കുന്നതിന് വേണ്ടി ക്ഷേത്രത്തിലെത്തിയ ഭക്തരാണ് വിഗ്രഹങ്ങളിലൊന്ന് കാണാതായതായി കണ്ടെത്തുന്നത്. വിഗ്രഹം കാണാതായതിനെച്ചൊല്ലി വൻ ബഹളം തന്നെ പിന്നാലെയുണ്ടായി. ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ, പരാതികളൊന്നും സംഭവത്തിൽ ആരും നൽകിയിട്ടില്ല, സിസിടിവി ഫൂട്ടേജിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം