സിംഹത്തെ ലാളിക്കാൻ വാഹനത്തിന്‍റെ ജാലകം തുറന്ന് യുവാവ്, പിന്നെ സംഭവിച്ചത്, വീണ്ടും വൈറലായി വീഡിയോ
അയാൾ ജനൽ അടയ്ക്കാൻ ശ്രമിച്ചപ്പോൾ, സിംഹം ചാടി എഴുന്നേറ്റു ഗർജ്ജിച്ചു. ഇതോടെ ആ മനുഷ്യൻ പരിഭ്രാന്തനായി തന്റെ ഇരിപ്പിടത്തിലേക്ക് വീഴുന്നത് കാണാം.
വൈൽഡ് ലൈഫ് സഫാരി(Wildlife safari tours) തീർത്തുമൊരു സാഹസിക യാത്ര തന്നെയാണ്. അത്തരം യാത്രകളിൽ ഒരാൾ കാണുന്ന കാഴ്ചകൾ എന്നും ഓർമ്മയിൽ നിൽക്കും. എന്നാൽ, അമിതാവേശം ചിലപ്പോൾ അപകടങ്ങൾ വിളിച്ച് വരുത്താം. അവിടെ കാണുന്ന വന്യമൃഗങ്ങളെ റിസ്ക് എടുത്ത് ഷൂട്ട് ചെയ്യാനോ, തൊടാനോ ഒക്കെ ശ്രമിച്ചാൽ ആപത്ത് പിണയും. അതിനാൽ, ഒരുപാട് ഷോ ഒന്നും കാണിക്കാൻ പോകാതെ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്.
അതുപോലെ തന്നെ, അത്തരം സ്ഥലങ്ങളിൽ ഡ്രൈവർമാരും ഗൈഡുകളും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലാകും. സഫാരിക്കിടെ അമിത ആത്മവിശ്വാസം മൂലം സാഹസികതയ്ക്ക് മുതിർന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റ് കീഴടക്കിയിരിക്കുന്നത്. ടാൻസാനി(Tanzania)യയിലെ സെറെൻഗെറ്റി നാഷണൽ പാർക്കിലാണ് സംഭവം. 2020 -ലാണ് ഇതിന്റെ വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടതെങ്കിലും, ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ അത് വീണ്ടും തരംഗമാവുകയാണ്. മസായി സൈറ്റിംഗ്സ് എന്ന ചാനൽ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ, പാർക്കിലെത്തിയ ഒരാൾ തന്റെ കാറിന്റെ വിൻഡോ തുറക്കുന്നത് കാണാം.
എന്നാൽ, വാഹനത്തിനപ്പുറം ഒരു ആൺ സിംഹമാണ് ഉണ്ടായിരുന്നത്. വണ്ടി നിർത്തിയിട്ട സമയം ഗ്ലാസ് നീക്കി ആ സിംഹത്തെ ലാളിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. അയാൾ തന്റെ ക്യാമറയിൽ സിംഹത്തിന്റെ കുറച്ച് ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ, അത് ജനലിനടുത്തേയ്ക്ക് നടന്നു വന്നു. ഇതോടെ പേടിച്ച് പോയ യുവാവ് വാഹനത്തിനുള്ളിൽ ഇരുന്ന് പരിഭ്രാന്തനാകുന്നു. അയാൾ നിലവിളിക്കുന്ന ശബ്ദവും, ജനൽ അടക്കൂ എന്ന് യാചിക്കുന്നതും കേൾക്കാം.
അയാൾ ജനൽ അടയ്ക്കാൻ ശ്രമിച്ചപ്പോൾ, സിംഹം ചാടി എഴുന്നേറ്റു ഗർജ്ജിച്ചു. ഇതോടെ ആ മനുഷ്യൻ പരിഭ്രാന്തനായി തന്റെ ഇരിപ്പിടത്തിലേക്ക് വീഴുന്നത് കാണാം. കുറച്ച് നിമിഷത്തെ പരിശ്രമത്തിന് ശേഷം അയാൾക്ക് ജനൽ അടയ്ക്കാൻ കഴിഞ്ഞു. താടിയെല്ലുകൾ ഭാഗികമായി തുറന്ന് വച്ച് സിംഹം ദൂരെ നിന്ന് അപ്പോഴും അയാളെ നോക്കി കൊണ്ടിരുന്നു. വീഡിയോയുടെ തലക്കെട്ട് "സ്റ്റിൽ ദി ഡംബ്സ്റ്റ് ടൂറിസ്റ്റ് എവർ?" എന്നായിരുന്നു. ഇത് വളരെ മണ്ടത്തരമാണ് എന്നും, ഇങ്ങനെ ചെയ്‌താൽ മരണപ്പെടുകയോ, ദേശീയ പാർക്കിൽ നിന്ന് നിരോധിക്കപ്പെടുകയും ചെയ്യുമെന്ന് ചിത്രത്തിന് താഴെ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.