Viral video: തണുത്തുറഞ്ഞ തടാകത്തിലകപ്പെട്ട് നായ, മുന്നും പിന്നും നോക്കാതെ എടുത്തുചാടി രക്ഷിച്ച് യുവാവ്
ഇന്നലെ ഞാനും എന്റെ സുഹൃത്തും സ്ലോൺസ് തടാകത്തിന് ചുറ്റുമായി നടക്കാൻ വേണ്ടി പോയി. ആ സമയത്ത് തടാകത്തിന്റെ എതിർവശത്ത് നിന്ന് ഒരു നായ വേഗത്തിൽ മുന്നോട്ട് പോകുന്നത് ഞങ്ങൾ കണ്ടു.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരുപാട് കാലങ്ങളായി ആ സൗഹൃദം അങ്ങനെയുണ്ട്. പ്രത്യേകിച്ചും നായകൾ. മനുഷ്യരുടെ ഏറ്റവും അടുത്ത ചങ്ങാതിയായിട്ടുള്ള മൃഗമെന്നാണ് നായ അറിയപ്പെടുന്നത് തന്നെ. പല ഘട്ടങ്ങളിലും മനുഷ്യന് വളരെ വേണ്ടുന്ന സഹായിയായി പ്രവർത്തിക്കുന്ന മൃഗമാണ് നായ. അതേസമയം മനുഷ്യർക്ക് നായയോടും അതുപോലെ ഒരു സ്നേഹമുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിൽ ഇടപഴകുന്ന അനേകം വീഡിയോ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ആളുകൾക്ക് അത്തരം വീഡിയോ കാണുന്നത് ഇഷ്ടവുമാണ്. ഇതും അതുപോലെ ഒരു വീഡിയോ ആണ്.
തണുത്തുറഞ്ഞുപോയ ഒരു തടാകത്തിൽ അകപ്പെട്ട് പോയ ഒരു നായയെ രക്ഷിക്കുന്ന മനുഷ്യന്റെ വീഡിയോയാണ് ഇത്. യുഎസിലെ കൊളറാഡോയിൽ നിന്നുള്ള ജേസൺ സ്‌കിഡ്‌ജെല്ലാണ് തണുത്തുറഞ്ഞ തടാകത്തിൽ കുടുങ്ങിയ നായയെ രക്ഷിക്കാൻ വേണ്ടി തടാകത്തിലേക്ക് ഇറങ്ങിയത്. ഗുഡ് ന്യൂസ് മൂവ്‌മെന്റാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജേസന്റെ സുഹൃത്തുക്കളിൽ ഒരാളായ ഹോളി മോർഫ്യൂ, സംഭവത്തെ കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്, ഇന്നലെ ഞാനും എന്റെ സുഹൃത്തും സ്ലോൺസ് തടാകത്തിന് ചുറ്റുമായി നടക്കാൻ വേണ്ടി പോയി. ആ സമയത്ത് തടാകത്തിന്റെ എതിർവശത്ത് നിന്ന് ഒരു നായ വേഗത്തിൽ മുന്നോട്ട് പോകുന്നത് ഞങ്ങൾ കണ്ടു. മഞ്ഞുപാളികൾ ഉടൻ തീർന്നുപോകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ ഭീതിയോടെ അത് നോക്കിനിന്നു. അധികം വൈകാതെ നായ തടാകത്തിലെത്തി വെള്ളത്തിലുമായി. ഉടനെ തന്നെ അവിടെയുണ്ടായിരുന്നവർ 911 -ലേക്ക് വിളിച്ചു എങ്കിലും സഹായം എത്തുമോ എന്ന് ഉറപ്പില്ലായിരുന്നു. ആ സമയം ഒരാൾ തടാകത്തിലേക്ക് എടുത്ത് ചാടുകയും നായയെ രക്ഷിക്കുകയും ചെയ്തു. അത് ജേസൺ ആയിരുന്നു. പിന്നീട് നായയും ജേസണും സുരക്ഷിതമായി തടാകത്തിൽ നിന്നും പുറത്തെത്തി.
അനേകം പേരാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടത്. തന്റെ നായ അല്ലാതിരുന്നിട്ടും ഒട്ടും ചിന്തിക്കാതെ തണുത്തുറഞ്ഞ തടാകത്തിലേക്ക് എടുത്ത് ചാടി അതിനെ രക്ഷിക്കാൻ തുനിഞ്ഞ ജേസനെ മിക്കവരും അഭിനന്ദിച്ചു.