റോഡ് സൈഡിൽ അനക്കമില്ലാതെ പാമ്പ്, ഒന്നും നോക്കിയില്ല സിപിആർ നൽകി യുവാവ്, വൈറലായി ദൃശ്യം
അനക്കമില്ലാതെ കിടന്ന പാമ്പിന് മൂന്നാമത്തെ സിപിആർ ശ്രമത്തിലാണ് യുവാവിന് രക്ഷിക്കാനായത്. ജീവൻ തിരികെ കിട്ടിയ പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
വഡോദര: റോഡരികിൽ അവശനിലയിൽ കിടന്ന പാമ്പിന് സിപിആർ നൽകുന്ന യുവാവിന്റെ ദൃശ്യം വൈറലാവുന്നു. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പ്രാദേശികമായി വന്യമൃഗങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ യുവാവാണ് ഒരടിയോളം നീളമുള്ള ചെറുപാമ്പിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. യഷ് തട്വി എന്ന യുവാവാണ് വഡോദരയിൽ റോഡ് സൈഡിൽ അനക്കമില്ലാതെ കിടന്ന പാമ്പിന് സിപിആർ നൽകി രക്ഷപ്പെടുത്തിയത്. പരിസരത്ത് പാമ്പ് അനക്കമില്ലാതെ കിടക്കുന്നതിന് പിന്നാലെ അടുത്ത് പോകാൻ ഭയന്ന നാട്ടുകാരാണ് യുവാവിനെ വിവരം അറിയിച്ചത്.
വിഷമില്ലാത്ത ഇനത്തിലുള്ള പാമ്പിനെയാണ് സംഭവസ്ഥലത്ത് എത്തിയ യുവാവ് കണ്ടെത്തിയത്. കൈകളിൽ എടുക്കുന്ന സമയത്ത് ചെറുഅനക്കം പോലുമില്ലാതിരുന്ന പാമ്പിന് യുവാവ് ഒരു മടിയും കൂടാതെ സിപിആർ ചെയ്യുകയായിരുന്നു. ആദ്യം പ്രതികരണം ഒന്നും കണ്ടില്ലെങ്കിലും പിന്നീട് സിപിആർ ഫലം കണ്ടു. മൂന്ന് മിനിറ്റോളം സിപിആർ ചെയ്തതിന് പിന്നാലെയാണ് പാമ്പിന്റെ ജീവൻ വീണ്ടെടുക്കാനായത്. രണ്ട് ശ്രമങ്ങളൾക്ക് ശേഷം പാമ്പ് അനങ്ങിത്തുടങ്ങി. മൂന്നാം ശ്രമത്തിൽ പൂർണമായി അനങ്ങി തുടങ്ങിയ പാമ്പിനെ യുവാവ് പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
ഇത് ആദ്യമായല്ല മൃഗങ്ങളോടുള്ള ഇത്തരം കരുതലിന്റെ വാർത്ത വലിയ രീതിയിൽ ജനശ്രദ്ധ നേടുന്നത്. മെയ് മാസത്തിൽ ഉത്തർ പ്രദേശിലെ ബുലന്ദ്ഷെഹറിൽ ഒരു പൊലീസുകാരൻ കുരങ്ങനെ സിപിആർ ചെയ്ത് ജീവിതത്തിലേക്ക് തിരികെ എത്തിച്ചിരുന്നു. കൊടും ചൂടിൽ മരത്തിൽ നിന്നുള്ള വീഴ്ചയ്ക്ക് പിന്നാലെ ചലനമറ്റ കുരങ്ങനാണ് പൊലീസുകാരൻ രക്ഷകനായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം