പക്ഷികൾക്കു മുന്നിൽ ധാന്യശേഖരം തുറന്നുവച്ച് ഒരാൾ; അനുസരണയുള്ള കുട്ടികളെപ്പോലെ പക്ഷികൾ, കാണാം കൗതുകക്കാഴ്ച
വീഡിയോയിൽ അദ്ദേഹത്തിൻ്റെ കടയുടെ അടുത്തായി കുറെ കുഞ്ഞു പക്ഷികൾ വന്നുനിൽക്കുന്നത് കാണാം. അപ്പോൾ അവയെ പ്രതീക്ഷിച്ചിരുന്നതുപോലെ അദ്ദേഹം ധാന്യമണികളുടെ ഒരു കൂടു തുറന്ന് പക്ഷികൾക്ക് മുൻപിലേക്ക് വയ്ക്കുന്നു. അപ്പോൾ അവർ അനുസരണയുള്ള കുട്ടികളെപ്പോലെ വരിവരിയായി പറന്നുവന്ന് ആഹാരം കൊത്തിക്കൊണ്ടു പോകുന്നു.
ദയയുടെ പല രൂപങ്ങളുണ്ട്. വേനൽക്കാലത്ത്, പക്ഷികൾക്ക് ചൂടിൽ അതിജീവിക്കാനായി പലരും വീടിന് പുറത്തോ മേൽക്കൂരയിലോ വെള്ളം വയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയ ചെരുപ്പ് നന്നാക്കുന്ന ഒരാളുടെ മഹാ മനസ്കതയെ വാഴ്ത്തി പാടുകയാണ്. അദ്ദേഹം താൽക്കാലികമായി കെട്ടി ഉണ്ടാക്കിയിരിക്കുന്ന ചെറിയ കടയ്ക്കു പുറത്തിരുന്ന് സ്നേഹത്തോടെ പക്ഷികൾക്ക് ഭക്ഷണം നൽകുന്നതാണ് വീഡിയോയിൽ.
കഴിഞ്ഞ ദിവസം എംഡി ഉമ്മർ ഹുസൈൻ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വീഡിയോയിൽ അദ്ദേഹത്തിൻ്റെ കടയുടെ അടുത്തായി കുറെ കുഞ്ഞു പക്ഷികൾ വന്നുനിൽക്കുന്നത് കാണാം. അപ്പോൾ അവയെ പ്രതീക്ഷിച്ചിരുന്നതുപോലെ അദ്ദേഹം ധാന്യമണികളുടെ ഒരു കൂടു തുറന്ന് പക്ഷികൾക്ക് മുൻപിലേക്ക് വയ്ക്കുന്നു. അപ്പോൾ അവർ അനുസരണയുള്ള കുട്ടികളെപ്പോലെ വരിവരിയായി പറന്നുവന്ന് ആഹാരം കൊത്തിക്കൊണ്ടു പോകുന്നു. ഇതെല്ലാം കണ്ട് ആസ്വദിച്ച് അവയെ നോക്കിയിരിക്കുകയാണ് അപ്പോൾ ആ മനുഷ്യൻ. സമീപത്തായി മറ്റൊരാൾ ഇതൊന്നും ശ്രദ്ധിക്കാതെ ഇരുന്ന് ചെരിപ്പ് തുന്നുന്നതും കാണാം. ചിലപ്പോൾ ഇതൊരു നിത്യസംഭവം ആയതുകൊണ്ട് ശ്രദ്ധിക്കാത്തതുമാകാം. ഏതായാലും കിളികൾ അദ്ദേഹം നൽകുന്ന ആഹാരത്തിനായി പറന്നു വരുന്നത് മനോഹരമായ ഒരു കാഴ്ച തന്നെയാണ്.
ഷെയർ ചെയ്തതിന് ശേഷം വീഡിയോ 2.3 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 1.4 ലക്ഷത്തിലധികം ലൈക്കുകളും നേടി. പോസ്റ്റിന്റെ കമന്റ് വിഭാഗത്തിൽ ചെരുപ്പ് നന്നാക്കുന്ന ആ മനുഷ്യനെ പ്രശംസിച്ചുകൊണ്ട് ഉപയോക്താക്കൾ ഹൃദയസ്പർശിയായ അഭിപ്രായങ്ങൾ ഇട്ടിട്ടുണ്ട്.
"ഒരാൾക്ക് എങ്ങനെ ഇത്ര സമ്പന്നനാകാൻ കഴിയും" എന്നാണ് ഒരു ഉപയോക്താവ് എഴുതിയത്. മറ്റൊരാൾ കുറിച്ചിരിക്കുന്നത്, "മനുഷ്യത്വത്തിന്റെ ഏറ്റവും മികച്ച നിമിഷം" എന്നാണ്. "ഹൃദയം കൊണ്ട് ഏറ്റവും വലിയ ധനികൻ ഇയാളാണ്" എന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞിരിക്കുന്നത്. സമാന രീതിയിൽ സോഷ്യൽ മീഡിയയിൽ, വ്യത്യസ്ത ആളുകളുടെ നന്മയും ദയയും ഉയർത്തിക്കാട്ടുന്ന നിരവധി വീഡിയോകൾ പതിവായി പങ്കിടാറുണ്ട്. വലിയ സ്വീകാര്യതയാണ് ഇവയ്ക്ക് എല്ലാം ലഭിക്കാറ്.