നാസി യൂണിഫോമിൽ ബാറിലേക്ക്; ആളുകളെ രോഷാകുലരാക്കി വീഡിയോ
'നമ്മുടെ രാജ്യത്ത് എന്താണ് നടക്കുന്നത്? ഈ വേഷവിധാനം ഓക്കേ ആണ് എന്നാണോ അയാൾ കരുതുന്നത്? ഇത് ഹാലോവീനാണ് എന്ന ന്യായീകരണം മാത്രം എന്റെ അടുത്ത് പറയരുത്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ലോകത്തിന് എളുപ്പത്തിലൊന്നും മറക്കാൻ പറ്റുന്ന ഒന്നല്ല ഹോളോകോസ്റ്റ് (Holocaust). അഡോൾഫ് ഹിറ്റ്‍ലറുടെ നേതൃത്വത്തിൽ അന്ന് ജർമ്മൻ നാസികൾ നടത്തിയ കൂട്ടക്കുരുതി ഒരു കാലത്തും ലോകത്തിന് മറക്കാനോ പൊറുക്കാനോ പറ്റുന്ന ഒന്നല്ല. അതിനാൽ തന്നെ നാസിചിഹ്നങ്ങൾ കാണുന്നത് പോലും മനുഷ്യരെ വളരെ വേഗത്തിൽ അസ്വസ്ഥരാക്കാറുണ്ട്.
കഴിഞ്ഞ ദിവസം നാസി വേഷം ധരിച്ച് ബാറിലെത്തിയ ആൾക്ക് അവിടെ നിന്നും അധികം വൈകാതെ പുറത്ത് പോകേണ്ടി വന്നു. ന്യൂയോർക്കിലെ സോഹോയിൽ ശനിയാഴ്ച ആയിരുന്നു സംഭവം. എല്ലാവരും ഹാലോവീൻ ആവേശത്തിലായിരുന്നു.
ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ ഒരാൾ ന്യൂയോർക്കിലെ ഒരു ബാറിലേക്ക് സ്വസ്തിക അടക്കമുള്ള നാസി ചിഹ്നങ്ങളും വേഷവുമായി കടന്നു വരുന്നത് കാണാം. ഈ രൂപത്തിൽ ഇയാളെ കണ്ടതോടെ ആളുകൾ ആകെ ഞെട്ടിപ്പോയി. 'എന്താണ് നിങ്ങളുടെ പ്രശ്നം' എന്ന് ഒരു സ്ത്രീ ഒച്ചയിടുന്നത് വീഡിയോയിൽ കേൾക്കാം. ബാറിലെ ജീവനക്കാരാണ് എങ്കിൽ ഇയാൾക്ക് സേവനം നിഷേധിച്ചു. ഇതോടെ ഇയാൾക്ക് അവിടെ നിന്നും പുറത്ത് പോകേണ്ടി വന്നു.
18 സെക്കന്റ് നീണ്ടു നിൽക്കുന്ന വീഡിയോ വളരെ വേഗം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് വീഡിയോ കണ്ടതും കമന്റുകൾ ചെയ്തതും ആ ട്വീറ്റ് റീട്വീറ്റ് ചെയ്തതും. ഇയാളുടെ കോസ്റ്റ്യൂം ആളുകളിൽ വളരെ അധികം രോഷം ഉണ്ടാക്കി.
'നമ്മുടെ രാജ്യത്ത് എന്താണ് നടക്കുന്നത്? ഈ വേഷവിധാനം ഓക്കേ ആണ് എന്നാണോ അയാൾ കരുതുന്നത്? ഇത് ഹാലോവീനാണ് എന്ന ന്യായീകരണം മാത്രം എന്റെ അടുത്ത് പറയരുത്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 'ഒരിക്കലും ഒരു നാസിയെ മേശയ്ക്ക് മുന്നിലിരിക്കാൻ അനുവദിക്കരുത്' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.
'2022 -ലും ഇത്തരം രംഗങ്ങൾ കാണേണ്ടി വരുന്നത് വളരെ അധികം നിരാശപ്പെടുത്തുന്നു. വളരെ കാലം മുമ്പാണ് ഇതെല്ലാം നടന്നത് എന്ന് ആളുകൾ കരുതുന്നു. എന്നാൽ, ഹോളോകോസ്റ്റ് നടന്നതിന് ശേഷമുള്ള വെറും രണ്ടാമത്തെ തലമുറയാണ് ഞാൻ' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ഏതായാലും ആളുകളെ ഈ വീഡിയോ വളരെ അധികം അസ്വസ്ഥപ്പെടുത്തിയിരിക്കുകയാണ്.