പാമ്പിന്റെ കഴുത്തിൽ പിടിച്ച് വിഷം ശേഖരിക്കുന്ന മനുഷ്യൻ, വീഡിയോ
നഗ്നമായ കൈകൊണ്ട് അതിന്റെ കഴുത്തിൽ പിടിച്ച് അദ്ദേഹം ഒരു പാത്രത്തിലേക്ക് അതിന്റെ വിഷം മാറ്റുന്നത് വീഡിയോയിൽ കാണാം. പാമ്പിനെ വേദനിപ്പിക്കാതെ തന്നെയാണ് അദ്ദേഹം ആ ജോലി ചെയ്യുന്നത്. ഒപ്പം തന്നെ അദ്ദേഹത്തിൽ യാതൊരു ഭയമോ ഭാവ വ്യത്യാസമോ ഒന്നും തന്നെ ഇല്ല.
ഈ ലോകത്ത് ഒന്നിനോടും പേടിയില്ലാത്ത മനുഷ്യരുണ്ടാവുമോ? ചില മനുഷ്യർക്ക് നമ്മൾ ഏറെ ഭയക്കുന്നതിനോട് ഭയം ഉണ്ടാവണം എന്നില്ല. ഈ മനുഷ്യൻ അതിന് ഒരു ഉദാഹരണമാണ്. അദ്ദേഹം ഒരു പാമ്പിൽ നിന്നും വിഷസംഹാരി ഉണ്ടാക്കുന്നതിനായി വിഷം ശേഖരിക്കുന്നതാണ് കാണുന്നത്.
ആ വീഡിയോയിൽ കാണുന്ന മനുഷ്യൻ ഇരുള ഗോത്രത്തിലെ ഒരു അംഗമാണ്. തമിഴ്‍നാട്ടിലെ ഒരു ഗോത്ര വിഭാഗമാണ് ഇരുളർ. ചികിത്സാരംഗത്ത് ഉപയോഗിക്കുന്നതിന് വേണ്ടി പാമ്പിൽ നിന്നും വിഷം ശേഖരിക്കുന്നതിനുള്ള പ്രത്യേകം അനുമതി ഈ വിഭാഗത്തിൽ ചിലർക്ക് സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ട്.
വൈറലായിരിക്കുന്ന വീഡിയോയിൽ അണലി വിഭാഗത്തിൽ പെട്ട ചേനത്തണ്ടൻ എന്ന പാമ്പിനെയാണ് ആ മനുഷ്യൻ പിടിച്ചിരിക്കുന്നത്. നഗ്നമായ കൈകൊണ്ട് അതിന്റെ കഴുത്തിൽ പിടിച്ച് അദ്ദേഹം ഒരു പാത്രത്തിലേക്ക് അതിന്റെ വിഷം മാറ്റുന്നത് വീഡിയോയിൽ കാണാം. പാമ്പിനെ വേദനിപ്പിക്കാതെ തന്നെയാണ് അദ്ദേഹം ആ ജോലി ചെയ്യുന്നത്. ഒപ്പം തന്നെ അദ്ദേഹത്തിൽ യാതൊരു ഭയമോ ഭാവ വ്യത്യാസമോ ഒന്നും തന്നെ ഇല്ല.
ഐഎഎസ് ഓഫീസറായ സുപ്രിയാ സാഹുവാണ് ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. “ഇരുള ഗോത്രക്കാർ മൂർഖൻ, അണലി, വെള്ളി കെട്ടൻ തുടങ്ങിയ പാമ്പുകളിൽ നിന്ന് വിഷം വേർതിരിച്ചെടുക്കുന്നത് കൗതുകകരമാണ്. അവയ്ക്ക് ദോഷമില്ലാതെയാണ് വിഷം വേർതിരിച്ചെടുക്കുന്നത്. ആന്റി സ്‌നേക്ക് വെനം നിർമ്മിക്കുന്നതിനായി ഫാർമ കമ്പനികൾക്ക് ആ വിഷം വിൽക്കുന്നു. 1978 -ൽ ആരംഭിച്ച 'ഇരുള സ്‌നേക്ക് ക്യാച്ചേഴ്‌സ് സൊസൈറ്റി'യിൽ 300 അംഗങ്ങളുണ്ട്” എന്നും സുപ്രിയാ സാഹു വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.
നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടതും അതിന് കമന്റുകൾ ഇട്ടതും.
വീഡിയോ കാണാം: