കനത്ത മഴ, വെള്ളപ്പൊക്കം, മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയും ചുമന്ന് കഴുത്തൊപ്പം വെള്ളത്തിലൊരാൾ
കഴുത്തൊപ്പം വെള്ളത്തിൽ കുഞ്ഞിനെ പ്ലാസ്റ്റിക് പാത്രത്തിൽ ചുമക്കുന്നയാൾ ഒരു രക്ഷാപ്രവർത്തകനാണ്. കുഞ്ഞിന്റെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും ഒരു പുരുഷന്റെ സഹായത്തോടെ വെള്ളത്തിലൂടെ നീങ്ങുന്നത് കാണാം. ഒടുവിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.
രാജ്യത്ത് പലയിടങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. മഴയും വെള്ളപ്പൊക്കവും ഏറ്റവും രൂക്ഷമായി അക്രമിച്ച സ്ഥലങ്ങളിലൊന്നാണ് തെലങ്കാന. അവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതിനിടയിൽ പല രംഗങ്ങളും കാണുന്നുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ അതുപോലെ ഇപ്പോൾ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. അതിൽ ഒരാൾ ഒരു കുട്ടിയെ പ്ലാസ്റ്റിക്കിന്റെ പാത്രത്തിൽ ചുമന്ന് കൊണ്ട് പോകുന്നത് കാണാം. മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴുത്തൊപ്പം വെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക് പാത്രത്തിൽ തലയിൽ ചുമന്നു കൊണ്ട് അദ്ദേഹം നടക്കുന്നത്.
വെള്ളപ്പൊക്കത്തിൽ പിഞ്ചുകുഞ്ഞടങ്ങുന്ന ഒരു കുടുംബം പെട്ടുപോയതായി റിപ്പോർട്ടുകൾ പറയുന്നു. പെദ്ദപ്പള്ളി ജില്ലയിലെ മാന്താനി ടൗണിൽ കഴുത്തൊപ്പം വെള്ളത്തിൽ കുഞ്ഞിനെ പ്ലാസ്റ്റിക് പാത്രത്തിൽ ചുമക്കുന്നയാൾ ഒരു രക്ഷാപ്രവർത്തകനാണ്. കുഞ്ഞിന്റെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയും ഒരു പുരുഷന്റെ സഹായത്തോടെ വെള്ളത്തിലൂടെ നീങ്ങുന്നത് കാണാം. ഒടുവിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.
സംഭവത്തിന്റെ ഒരു വീഡിയോയും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. Inspired Ashu എന്ന ട്വിറ്റർ യൂസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത് ഇങ്ങനെ, 'ശരിക്കും ബാഹുബലി. വെള്ളപ്പൊക്കം ബാധിച്ച മന്താനി ഗ്രാമത്തിൽ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് പാത്രത്തിൽ തലയിൽ ചുമന്നുകൊണ്ട് ഒരാൾ പോകുന്നു.'
തെലങ്കാനയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ഗോദാവരി നദിയുടെ ജലനിരപ്പ് വളരെ വേഗം വർധിക്കുകയാണ്. ഇതും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും വൻതോതിൽ വെള്ളപ്പൊക്കത്തിനും കാരണമായി. നിരവധി പ്രധാന ക്ഷേത്രങ്ങളും മറ്റും വെള്ളത്തിനടിയിലായി. എല്ലായിടത്തും ആളുകൾക്ക് പുറത്ത് ആവശ്യമില്ലാതെ ഇറങ്ങരുത്, പുഴയ്ക്ക് സമീപത്ത് ചെല്ലരുത് തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.