ഇതൊക്കെത്തന്നയല്ലേ ജീവിതത്തിന്റെ സന്തോഷം, കരുതലോടെ ഭാര്യയുടെ മുടിചീകിയൊതുക്കി വൃദ്ധൻ, വീഡിയോ
നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പ്രായമാകുമ്പോഴും ഇത്ര സ്നേഹത്തോടെ കഴിയാനായെങ്കിൽ എന്നാണ് പലരും കൊതിക്കുന്നത്.
നമ്മുടെ കയ്യിൽ എന്തുണ്ട് എന്നതിലോ, നമുക്ക് എത്ര പ്രായമായി എന്നതിലോ ഒന്നുമല്ല കാര്യം. നമുക്ക് മറ്റൊരാളെ എത്രമാത്രം സ്നേഹിക്കാൻ സാധിക്കുണ്ട് എന്നതിലാണ്. അവരോട് എത്രമാത്രം ദയവോടും കരുതലോടും പെരുമാറാൻ സാധിക്കുന്നുണ്ട് എന്നതിലാണ്. പരസ്പരം മനസിലാക്കുകയും എല്ലാ കാലവും പ്രണയത്തോടും കരുതലോടും കൂടെയുണ്ടാവുകയും ചെയ്യാനായെങ്കിൽ എന്ന് എല്ലാ ദമ്പതികളും ആഗ്രഹിക്കാറുണ്ട്. അങ്ങനെ ഓരോ മനുഷ്യരുടെയും കണ്ണും മനസും നിറയുന്ന ഒരു വീഡിയോ ആണിത്.
പ്രായമായ ഒരു മനുഷ്യൻ വളരെ സ്നേഹത്തോടെ തന്റെ ഭാര്യയുടെ മുടി ചീകിയൊതുക്കി കൊടുക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു കഴിഞ്ഞു. ഇങ്ങനെ ഒരു ജീവിതമായിരുന്നു തങ്ങൾക്കെങ്കിൽ, തങ്ങളുടെ ജീവിതത്തിലും ഇത്രമാത്രം കരുതലും സ്നേഹവും എല്ലാക്കാലവും നിറഞ്ഞു നിന്നെങ്കിൽ എന്നൊക്കെ ഇതു കാണുന്ന ആരും ആഗ്രഹിച്ച് പോകും.
abhaygiri21 എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിൽ പ്രായമായ ദമ്പതികളെ കാണാം. മുത്തശ്ശൻ മുത്തശ്ശിയുടെ മുടി ചീകിക്കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അടുത്ത് മുടി കെട്ടിവയ്ക്കാനുള്ള ബണ്ണൊക്കെ വച്ചിട്ടുണ്ട്. വീഡിയോ പകർത്തുന്നുണ്ട് എന്ന് കാണുമ്പോൾ മുത്തശ്ശി ചിരിക്കുന്നതും വീഡിയോയിൽ കാണാം. മുത്തശ്ശനാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ വളരെ സ്നേഹത്തോടും വാത്സല്യത്തോടും ശ്രദ്ധയോടും കൂടിയാണ് മുടി ചീകിക്കൊടുക്കുന്നത്.
നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പ്രായമാകുമ്പോഴും ഇത്ര സ്നേഹത്തോടെ കഴിയാനായെങ്കിൽ എന്നാണ് പലരും കൊതിക്കുന്നത്. അല്ലെങ്കിലും, പ്രായമാകുന്തോറും നാം പരസ്പരം കൂടുതൽ ആശ്രയിക്കുകയും, ഒരാൾക്ക് മറ്റൊരാൾ താങ്ങായി നിൽക്കുകയും ചെയ്യുമായിരിക്കും അല്ലേ? എന്തായാലും ദിവസേനയെന്നോണം അക്രമവും കൊലപാതകവും കാണേണ്ടി വരുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഈ വീഡിയോ ശരിക്കും ഹൃദയത്തെ തൊടുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം